കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന് അന്തരിച്ചു
കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റുമായിരുന്നു
കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റുമായ പി.രാമകൃഷ്ണന്(77) അന്തരിച്ചു. ഇന്നുരാവിലെ 10.20ന് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഈയിടെ മറവിരോഗവും പിടിപെട്ടു.
പി.രാമകൃഷ്ണന്റെ ഭൗതികദേഹം കണ്ണൂരിലെ പയ്യാമ്പലം റോഡില്‍ പഴയ സംഗീതാ തിയറ്ററിനടുത്തുള്ള സ് പ്രിങ് ഫീല്‍ഡ് ഫ്ലാറ്റില്‍ എത്തിച്ചു. നാളെ രാവിലെ ഒമ്പതു മുതല്‍ 10.30 വരെ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ പൊതുദര്‍ശനത്ത് വയ്ക്കും. ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് സംസ്കാരം നടക്കും.
ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചുനിന്ന രാമകൃഷ്ണന് മദ്യനിരോധന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഡി.സി.സി പ്രസിഡന്റായിരിക്കെ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ രാജിവയ്ക്കുകയായിരുന്നു. പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ കോണ്‍ഗ്രസ് നിലപാട് ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് രാമകൃഷ്ണന്. മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സുധാകരനുമായി കലഹിക്കുകയും കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ചടുലമാക്കുകയും ചെയ്ത നേതാവു കൂടിയായിരുന്നു അദ്ദേഹം. കെ.സുധാകരനെതിരേ ആരോപണമുന്നയിച്ചതിന് സുധാകരാനുകൂലികള് രാമകൃഷ്ണനെ പാര്‍ട്ടി ഓഫീസില്‍ കടത്താതെ തടഞ്ഞത് വിവാദമായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ഖാദി ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചു. സ്വകാര്യ സ്വത്ത് സമ്പാദനത്തില്‍ താല്പര്യമില്ലായിരുന്ന രാമകൃഷ്ണന് സ്വന്തം സ്വത്ത് വിറ്റ് പത്രം നടത്തുന്ന സാഹചര്യവും ഉണ്ടായിരുന്നു.
1942 ഓഗസ്റ്റ് രണ്ടിന് അഴീക്കോട് ആര് കുഞ്ഞിരാമന് മാസ്റ്ററുടെയും പി.മാധവി ടീച്ചറുടെയും അഞ്ചു മക്കളില്‍ ഇളയമകനായാണ് പി. രാമകൃഷ്ണന് ജനിച്ചത്. 1952 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ക്വാഡ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയരംഗത്ത് പ്രവേശിച്ചത്.1973 മുതല്‍ 27 വര്‍ഷം പടയാളി സായാഹ്ന പത്രത്തിന്റെ പത്രാധിപരായിരുന്നു. ഭാര്യ:ഷൈമലത. മക്കള്‍: ദിവ്യ ശ്രീകുമാര്‍, ദീപ ഷാജി, ദീപക് കൃഷ്ണ. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും എം.എല്‍.എയും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റുമായിരുന്ന പരേതനായ പി.ഗോപാലന് സഹോദരനാണ്.