കുപ്പിവെള്ള വിപണിയിൽ വ്യാജന്മാർ; കേരളം കുടിക്കുന്നത് ശുദ്ധജലമോ ?

നദികള്‍, പാറമടകള്‍, കുഴല്‍ക്കിണറുകള്‍ എന്നിവിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കാതെപോലും വിതരണം ചെയ്യുന്നുണ്ട്. വ്യാജ കമ്പനികള്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെയാണ് വെള്ളം കുപ്പിയില്‍ നിറയ്ക്കുക. കുടിവെള്ളത്തിന്റെ നിറം സ്ഫടികതുല്യമാകാനുള്ള പ്രക്രിയ മാത്രമാണ് പല കമ്പനികളും നടത്തുന്നത്.

കുപ്പിവെള്ള   വിപണിയിൽ വ്യാജന്മാർ; കേരളം കുടിക്കുന്നത് ശുദ്ധജലമോ ?

കോട്ടയം: സംസ്ഥാനത്ത് കുപ്പിവെള്ള വിപണിയിൽ വ്യാജന്മാരുടെ തേരോട്ടം.സംസ്ഥാനത്ത് ദിവസേന കോടികളുടെ കച്ചവടമാണ് കുപ്പിവെള്ള മേഖലയിൽ നടക്കുന്നത് .ഇത് മനസിലാക്കിയാണ് വ്യാജമാരുടെ നുഴഞ്ഞുകയറ്റം. സംസ്ഥാനത്ത് രണ്ട് ബഹുരാഷ്ട്ര സ്ഥാപനങ്ങളടക്കം 142 ഓളം കമ്പനികളാണ് അംഗീകൃത കുപ്പിവെള്ള ഉല്പാദകര്‍. ഇതിനുപുറമേ നിരവധി കമ്പനികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പും രഹസ്യമായി ഇത് സമ്മതിക്കുന്നുണ്ട്.

പ്രധാന കമ്പനികളുടെ സാമ്യമുള്ള ലേബലുകള്‍ ഉപയോഗിച്ചാണ് വ്യാജന്മാരുടെ വിപണനം.

നദികള്‍, പാറമടകള്‍, കുഴല്‍ക്കിണറുകള്‍ എന്നിവിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കാതെപോലും വിതരണം ചെയ്യുന്നുണ്ട്. വ്യാജ കമ്പനികള്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെയാണ് വെള്ളം കുപ്പിയില്‍ നിറയ്ക്കുക. കുടിവെള്ളത്തിന്റെ നിറം സ്ഫടികതുല്യമാകാനുള്ള പ്രക്രിയ മാത്രമാണ് പല കമ്പനികളും നടത്തുന്നത്. ജല അതോറിറ്റിയുടെ വെള്ളം ചോര്‍ത്തി വില്പന നടത്തുന്നവരുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം തന്നെയാണ് വ്യാജ ഉല്പാദനത്തിലും മുന്നില്‍. ഇവിടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അംഗീകാരവും ഐ.എസ്.ഐ. മുദ്രയുമുള്ള നാൽപത്തിയഞ്ചിന് മുകളിൽ കമ്പനികൾ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അംഗീകാരമില്ലാത്ത അന്‍പതിലധികം സ്ഥാപനങ്ങള്‍ ജില്ലയില്‍ വെള്ളവിപണിയിലുണ്ട്.

മറ്റു ജില്ലകളിലെയും സ്ഥിതി ഇതുതന്നെ. കോട്ടയം,തൃശ്ശൂർ, പത്തനംതിട്ട, പാലക്കാട്,തിരുവനന്തപുരം തുടങ്ങി മിക്കയിടങ്ങളിലും അനധികൃത വെള്ള ഉല്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കുപ്പിവെള്ളത്തിലെ വ്യാജവില്പന കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ്. ചെറുകുപ്പികളേക്കാള്‍ ജാറുകളിലുള്ള വെള്ളത്തിലാണ് വ്യാജന്മാര്‍ ഏറെ. ശുചിത്വം കുറവും ഇതിലാണ്.

ഭക്ഷ്യസുരക്ഷാവകുപ്പിനാണ് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ ചുമതല. കുപ്പിവെള്ള ഉല്പാദനത്തിന് അനുമതി നല്‍കേണ്ടതും ഇവരാണ്. വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മ മൂലം പേരിനുപോലും പരിശോധനകള്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

Read More >>