പി. ജയരാജൻ ബി.ജെ.പിയിലേക്ക്: പിന്നിൽ 'പച്ചപ്പട'യും 'നിലപാടും'

പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങൾ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതെന്നായിരുന്നു ജയരാജന്റെ പ്രതികരണം

പി. ജയരാജൻ ബി.ജെ.പിയിലേക്ക്: പിന്നിൽ

കണ്ണൂർ: സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജൻ ബി.ജെ.പിയിൽ ചേരുന്നു എന്ന പ്രചരണത്തിന് പിന്നിൽ മലപ്പുറത്ത് നിന്നുള്ള രണ്ട് ഫേസ്ബുക്ക് കൂട്ടായ്മകളാണെന്ന് പൊലീസ്. പച്ചപ്പട, നിലപാട് എന്നീ ഗ്രൂപ്പുകളാണ് അതെന്നും പൊലീസ് അറിയിച്ചു.

ഹമീദ് കൊണ്ടോട്ടി എന്നയാളാണ് നിലപാട് എന്ന പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് ആദ്യമായി ഇടുന്നത്. തുടർന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഫേസ്ബുക്കിലെ വ്യാജ പ്രചരണം തള്ളി പി.ജയരാജൻ രംഗത്തെത്തിയിരുന്നു.

പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങൾ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

എനിക്കെതിരായ വ്യാജപ്രചാരണത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ ഈ പ്രചാരണത്തിന് പിന്നിൽ സംഘപരിവാറും മുസ്ലിം തീവ്രവാദികളും ആണെന്ന് പറഞ്ഞിരുന്നു.ഇത് കേട്ടതോട് കൂടി ചിലർക്ക് ഹാലിളകിയിരിക്കുകയാണ്.ഹിന്ദു ജനവിഭാഗത്തിനിടയിലെ തീവ്രവാദികളാണ് സംഘപരിവാർ.ഹിന്ദുത്വ തീവ്രവാദമാണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഏറ്റവും വലിയ വിപത്തെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്.ഫേസ്ബുക്ക് പോസ്റ്റിൽ ആ കാര്യം ആവർത്തിച്ചില്ലെന്ന് മാത്രം.

മുസ്ലിം തീവ്രവാദികൾക്കെതിരായി പറഞ്ഞാൽ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല.ഇത് തിരിച്ചറിയാൻ തയ്യാറാവണം.

ഒരു സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് ഏത് തീവ്രവാദത്തെയും ശക്തമായി എതിർക്കുന്ന ആളാണ് ഞാൻ.അത് ഇനിയും തുടരും.ഉള്ളിന്റെ ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കാണ് ഇത് കേൾക്കുമ്പോൾ പൊള്ളുന്നത്.അവർ ആത്മപരിശോധന നടത്തുക.യഥാർത്ഥ മതവിശ്വാസികൾ എല്ലായ്‌പ്പോഴും ഇത്തരം തീവ്രവാദങ്ങൾക്ക് എതിരാണ്.

ഇന്ന് സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാണ്.ആർഎസ്എസ് നേതൃത്വത്തിൽ നടത്തുന്ന വ്യാജപ്രപ്രചാരണങ്ങളുടെ മറുപതിപ്പാണ് ഒരുവിഭാഗം മുസ്ലിം ലീഗ് അണികളും നടത്തുന്നത്.രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചോ ബിജെപി/ആർഎസ്എസ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയോ ഒരു വാക്ക് പോലും ഇക്കൂട്ടർ മിണ്ടില്ല.രാജ്യത്താകമാനം സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലകളും കാണില്ല.

പൊട്ടക്കിണറ്റിലെ തവളകളായി സിപിഐഎമ്മിനെതിരെ എന്തെങ്കിലും നുണ പ്രചരിപ്പിക്കാൻ റെഡിയായി നിൽക്കുകയാണ്.

പലപ്പോളും സിപിഐഎമ്മിനെതിരായി ആർഎസ്എസ് ഉണ്ടാക്കി വിടുന്ന വ്യാജ പോസ്റ്ററുകളുടെ പ്രചാരണം ഏറ്റെടുക്കുന്നത് ഇത്തരം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളാണ്.ഏറ്റവും അവസാനം എനിക്കെതിരെ ആർഎസ്എസ് തുടങ്ങിയ വ്യാജപ്രചരണം പോലും സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തത് ഈ പറഞ്ഞ വിഭാഗമാണ്.അതുകൊണ്ട് തന്നെയാണ് ആർഎസ്എസിന് പലപ്പോളും പണി എളുപ്പമാകുന്നത്.

ആർഎസ്എസ് യാത്രകൾക്ക് നാരങ്ങാ വെള്ളം കൊടുക്കാനും പച്ച പതാക വീശി അഭിവാദ്യം പറയാനും സോഷ്യൽ മീഡിയയിൽ അവരുടെ പ്രചാരണ വിഭാഗമായി മാറാനും ഇക്കൂട്ടർ മത്സരിക്കുന്നുണ്ട്.ഇനിയെങ്കിലും വിവേകത്തോടെ ചിന്തിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

Read More >>