സിഎഎയ്ക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോൾ ലംഘനം; ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നും ​ഗവർണർ

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിൽ പോകുന്നതിൽ എതിരല്ല. ഭരണഘടന പ്രകാരം അവർക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവര്‍ണറെ അറിയിച്ചില്ല.

സിഎഎയ്ക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോൾ ലംഘനം; ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നും ​ഗവർണർ

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോൾ ലംഘനമാണ്. ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിൽ പോകുന്നതിൽ എതിരല്ല. ഭരണഘടന പ്രകാരം അവർക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവര്‍ണറെ അറിയിച്ചില്ല. ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നു പ്രതികരിച്ച ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടി അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാൻ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസിൽ ഒപ്പിടാനില്ലെന്ന് നേരത്തെ ​ഗവർണർ നിലപാടെടുത്തിരുന്നു. ഇക്കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. വാര്‍ഡ് വിഭജന ഓര്‍ഡിനൻസിനെ കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തത്.

തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം. അതിന്‍റെ നിയമ വശങ്ങൾ പരിശോധിക്കുകയാണ്. നിയമസഭ ചേരാനിരിക്കുകയാണ്. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. എന്നാൽ പൗരത്വ നിയമത്തിനെതിരായ പ്രമേയം പോലെ ഇതും നിയമസഭയിൽ കൊണ്ട് വന്ന് പാസാക്കിക്കൂടെയെന്ന് തദ്ദേശമന്ത്രി എ.സി മൊയ്തീനോട് ഗവർണർ നേരിട്ട് ചോദിച്ചിരുന്നു.

രാവിലെ കൊല്ലത്ത് നടന്ന പരിപാടിക്കിടെയാണ് എ.സി മൊയ്തീനോട് നേരിട്ട് തന്നെ ഗവർണർ ഇക്കാര്യം പറഞ്ഞത്. പ്രമേയം പാസാക്കിയത് പോലെ ഇതും നിയമസഭയിൽ കൊണ്ട് വന്ന് നിയമമാക്കിക്കൂടെയെന്ന തരത്തിൽ ഗവർണർ പരിഹാസം നടത്തിയതായാണ് റിപ്പോർട്ടുകൾ. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷവും നേരത്തെ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

Read More >>