തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: 2015-ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: 2015-ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപട്ടിക ഉപയോ​ഗിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി ഏഴു വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക തയാറാക്കാനും അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനും കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഉചിതമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൊള്ളാമെന്നും കോടതി അറിയിച്ചു. 2015 വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം 2019ലെ പട്ടിക ഉപയോ​ഗിക്കുന്നത് തെരഞ്ഞെടുപ്പ് വെെകിക്കുമെന്നും ചലവ് വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ വാർഡ് അടിസ്ഥാനമാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നത്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് വോട്ടർ പട്ടിക പുതുക്കുന്നത് പോളിംഗ് ബൂത്ത് അടിസ്ഥാനമാക്കിയാണ്. പല വാർഡുകളുടെയും ഭാഗങ്ങൾ വിവിധ പോളിംഗ് ബൂത്തുകളിലായി ചിതറിക്കിടക്കുന്ന അവസ്ഥയുണ്ട്. അതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്.

ഇതിനി രണ്ടാമത് തയ്യാറാക്കണമെങ്കിൽ ഇരുപത്തിയയ്യായിരത്തോളം അസംബ്ലി ബൂത്തുകളിലേക്ക് വീണ്ടും ഉദ്യോഗസ്ഥർ പോകണം. വീടുവീടാന്തരം കയറി പരിശോധിക്കണം. വീണ്ടും പട്ടിക തയ്യാറാക്കണം. അങ്ങനെയാണെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പ് വൈകാനുള്ള സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇതിനായി പത്ത് കോടിയോളം രൂപ ചെലവാകുമെന്നും കമ്മീഷൻ വാദിച്ചു. ഇതോടെ ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് കമ്മിഷൻ അറിയിച്ചു.

Read More >>