കൊച്ചി കോര്‍പറേഷന്‍ പിരിച്ച് വിട്ടുകൂടെ: സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചിയെ സിംഗപുരാക്കേണ്ട, കൊച്ചി തന്നെ ആക്കിയാൽ മതി. ദരിദ്ര ജനങ്ങൾ വെള്ളക്കെട്ടിലാണ്. നഗരസഭക്ക് സാധിക്കില്ലെങ്കിൽ സർക്കാർ രംഗത്തിറങ്ങണമെന്നും കോടതി പറഞ്ഞു.

കൊച്ചി കോര്‍പറേഷന്‍ പിരിച്ച് വിട്ടുകൂടെ: സര്‍ക്കാരിനോട് ഹൈക്കോടതി

കനത്ത മഴയെത്തുടർന്നുണ്ടായ വെളളക്കെട്ടിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരസഭക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരസഭയുടെ പ്രവർത്തനം ഫലപ്രദമല്ലെന്നും എന്തുകൊണ്ടാണ് നഗരസഭയെ സർക്കാർ പിരിച്ചുവിടാത്തതെന്നും കോടതി ചോദിച്ചു. അതേസമയം, വെളളക്കെട്ട് പരിഹരിക്കാൻ നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും കൊച്ചി മേയർ പ്രതികരിച്ചു. പേരണ്ടൂർ കനാൽ ശുചീകരണം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.

കൊച്ചിയെ സിംഗപുരാക്കേണ്ട, കൊച്ചി തന്നെ ആക്കിയാൽ മതി. ദരിദ്ര ജനങ്ങൾ വെള്ളക്കെട്ടിലാണ്. നഗരസഭക്ക് സാധിക്കില്ലെങ്കിൽ സർക്കാർ രംഗത്തിറങ്ങണമെന്നും കോടതി പറഞ്ഞു. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പേരണ്ടൂർ കനാലിന്റെ ശോചനീയാവസ്ഥയാണ് നഗരത്തിലെ വെളളക്കെട്ടിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പ്രളയത്തെക്കാൾ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തിൽ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാൻ ആരുമില്ലേയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ നേരത്തെയും കോർപറേഷനെ കോടതി വിമർശിച്ചിരുന്നു.

കേസിൽ അഡ്വ. ജനറൽ ഹാജരായി നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം വെളളക്കെട്ട് പരിഹരിക്കാൻ നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും കൊച്ചി മേയർ പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാതെ ജില്ലാഭരണകൂടവും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും കൊച്ചി മേയർ പറഞ്ഞു. ഇന്നലെ പെയ്ത കനത്ത മഴയിലുണ്ടായ വെളളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും മേയർ വ്യക്തമാക്കി.

Read More >>