'ഞാനും ആർഎസ്എസ് ആയിരുന്നു; തിരിച്ചറിവുണ്ടായതോടെ വിട്ടു': കണ്ണൻ ​ഗോപിനാഥൻ

ആർഎസ്എസിന്റെ വേഷവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും റാലിക്കായി റാഞ്ചിയില്‍ പോയിട്ടുണ്ടെന്നും കണ്ണൻ പറഞ്ഞു.

കോളേജിൽ പഠിക്കുന്ന കാലം താൻ ആർഎസ്എസുകാരനായിരുന്നുവെന്നും സ്ഥിരമായി ശാഖയിൽ പോയിരുന്നുവെന്നും വെളിപ്പെടുത്തി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ​ഗോപിനാഥൻ. ആർഎസ്എസിന്റെ വേഷവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും റാലിക്കായി റാഞ്ചിയില്‍ പോയിട്ടുണ്ടെന്നും കണ്ണൻ പറഞ്ഞു.

തിരിച്ചറിവ് വന്നതോടെയാണ് അതിൽനിന്നും വിട്ടുപോന്നതെന്നും ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്ഞത്. സർവീസിൽനിന്ന് ഏറെ നിരാശയോടെയാണ് രാജിവച്ചതെന്നും എന്നാൽ ഇപ്പോൾ​ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹം ഐഎഎസ് ഉദ്യോ​ഗം രാജിവെക്കുന്നത്. തുടർന്ന് പൗരത്വ നിയമ വിരുദ്ധ പോരാട്ടങ്ങളിലൂടെ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് മുംബൈ, ആഗ്ര എന്നിവിടങ്ങളിൽ നിന്നും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Read More >>