അനുഗ്രഹയ്ക്ക് ഇതു സ്വപ്ന സാക്ഷാത്കാരം

യുവശാസ്ത്ര പ്രതിഭകള്‍ക്കായി വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഒരുക്കുന്ന പഠനക്യാമ്പിലേയ്ക്ക് കേരളത്തില്‍ നിന്നുള്ള മൂന്നു പ്രതിനിധികളില്‍ ഒരാളാണ് അനുഗ്രഹ അനീഷ്.

അനുഗ്രഹയ്ക്ക് ഇതു സ്വപ്ന സാക്ഷാത്കാരം

തൊടുപുഴ: ബഹിരാകാശത്ത് ചിതറിക്കിടക്കുന്ന നക്ഷത്രക്കൂട്ടങ്ങളും ഉദിച്ചുയരുന്ന ധ്രുവനക്ഷത്രവും ഉള്‍പ്പെടെയുള്ള ശാസ്ത്ര ലോകത്തെ കൗതുകങ്ങള്‍ക്കു മുമ്പില്‍ അമ്പരപ്പോടെ നോക്കി നിന്ന അനുഗ്രഹയ്ക്ക് ഇതു സ്വപ്ന സാക്ഷാത്കാരം. ആകാശത്തിനപ്പുറമുള്ള അനന്തമായ ലോകത്തിന്റെ ഉള്ളറകളിലെ വിസ്മയ കാഴ്ചകളുടെ ജാലകം പൂച്ചപ്ര എന്ന മലയോര ഗ്രാമത്തിലെ കൊച്ചു പെണ്‍കുട്ടിക്കു മുമ്പില്‍ തുറന്നിരിക്കുകയാണ്.

യുവശാസ്ത്ര പ്രതിഭകള്‍ക്കായി വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഒരുക്കുന്ന പഠനക്യാമ്പിലേയ്ക്ക് കേരളത്തില്‍ നിന്നുള്ള മൂന്നു പ്രതിനിധികളില്‍ ഒരാളാണ് പൂച്ചപ്ര ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനുഗ്രഹ അനീഷ്.29 സംസ്ഥാനങ്ങളിലെയും ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ നിന്നാണ് 110 യുവ ശാസ്ത്ര പ്രതിഭകളെ ഐ.എസ്.ആര്‍.ഒ പഠനക്യാമ്പിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ഗണത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക പെണ്‍തരി കൂടിയാണ് അനുഗ്രഹ. നാലാം ക്ലാസ് മുതല്‍ സ്‌കൂള്‍ ശാസ്ത്ര മേളകളിലും ശാസ്ത്ര കോണ്‍ഗ്രസുകളിലും മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുഗ്രഹയെ തേടി ഈ അംഗീകാരം എത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തു നടന്ന സംസ്ഥാന ബയോ ഡൈവേഴ്സിറ്റി കോണ്‍ഗ്രസ്, എനര്‍ജി മാനേജ്മെന്റ് സെമിനാര്‍ തുടങ്ങിയവയില്‍ അനുഗ്രഹ അവതരിപ്പിച്ച പ്രോജക്ടുകള്‍ ഒന്നാമതെത്തിയിരുന്നു. കൂടാതെ സംസ്ഥാന-റവന്യു ജില്ലാ ശാസ്ത്രമേളകളിലും അനുഗ്രഹയുടെ ശാസ്ത്ര ലോകത്തെ പരീക്ഷണങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് വാട്ടര്‍ റിസോഴ്സ് ഡവല്പമെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലും ഈ യുവ പ്രതിഭ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. ടാക്സി ഡ്രൈവറായ പൂച്ചപ്ര മാളിയേക്കല്‍ അനീഷ് കുമാറിന്റെയും മൂവാറ്റുപുഴയില്‍ ഇറിഗേഷന്‍ വകുപ്പിലെ ജീവനക്കാരി ശാലിനിയുടെയും മൂത്ത മകളാണ് അനുഗ്രഹ. ഇതോടൊപ്പം പഠനത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും അനുഗ്രഹ ഏറെ മുമ്പിലാണ്.

ആകാശത്തിനപ്പുറമുള്ള അനന്തമായ ലോകത്തിന്റെ ഉള്ളറകളിലെ വിസ്മയങ്ങള്‍ കൂടുതല്‍ പഠിക്കാനുള്ള ആവേശത്തിലാണ് അനുഗ്രഹ. കേന്ദ്ര സര്‍ക്കാരിന്റെ ' വിഷന്‍ ജയ് വിജ്ഞാന്‍, ജയ് അനുശാന്തന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഐ.എസ്.ആര്‍.ഒ പഠനക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള വിവിധ റിസേര്‍ച്ച് സെന്ററുകളും സന്ദര്‍ശിക്കാന്‍ അവസരം ഉണ്ട്. കഴിഞ്ഞ 13 നു തുടങ്ങിയ ക്യാമ്പ് 25 നു സമാപിക്കും.