കണ്ണൂരിൽ വിമാനങ്ങളെ വട്ടംകറക്കി 'കുറുക്കന്മാർ'

ഒരുകാലത്ത് വന്യമൃഗങ്ങളുടെയും പാമ്പുകളുടെയും ആവാസ കേന്ദ്രമായിരുന്ന മൂർഖൻപറമ്പാണ് വിമാനത്താവളമായി മാറിയത്. ഉല്‍ഘാടന ദിവസവും റൺവേയിൽ കുറുക്കന്മാർ കയറിയിരുന്നു.

കണ്ണൂരിൽ വിമാനങ്ങളെ   വട്ടംകറക്കി കുറുക്കന്മാർ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളെ കുറുക്കന്മാർ വട്ടംകറക്കുന്നു. റണ്‍വേയില്‍ കുറുക്കന്‍മാര്‍ ഇറങ്ങിയതു കാരണം എയർഇന്ത്യാ എക്‌സ്പ്രസ് രണ്ടു തവണയാണ് ടേക്ക് ഓഫ് ചെയ്യാൻ വൈകിയത്.

ഇന്നലെ ഗോഎയർ വിമാനം ലാന്റ് ചെയ്യുന്നതിനിടെയും കുറക്കന്‍മാര്‍ റൺവേയിലെത്തി. വൈകിട്ടോടെയായിരുന്നു സംഭവം. 'അതിക്രമിച്ചു കടന്ന' കുറുക്കന്‍മാരെ സുരക്ഷാ ജീവനക്കാർ പിടികൂടി. അതീവ സുരക്ഷാമേഖലയായ റൺവേയിൽ കുറുക്കന്മാർ എത്തുന്നതിനെക്കുറിച്ച് (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷ(ഡി.ജി.സി.എ)ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകുന്നതുകാരണം വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു.

കൃത്യസമയത്ത് വിമാനം ടേക്ക് ഓഫ് ചെയ്യാനായില്ലെങ്കിൽ തിരക്കുള്ള വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ലാന്റ് ചെയ്യാനുള്ള അനുമതി വൈകും. ഇത് ഇന്ധനച്ചെലവ് വർദ്ധിക്കാന്‍ കാരണമാകും. കുറുക്കശല്യം വൻസുരക്ഷാ വീഴ്ചയായാണ് വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്.

പൈലറ്റുമാരാണ് പലപ്പോഴും കുറുക്കന്മാരെ കാണുന്നത്. വിമാനം ലാന്റ് ചെയ്യുന്ന സമയത്ത് റൺവേയിലേക്ക് കുറുക്കന്മാർ കയറിയാൽ വലിയ ദുരന്തത്തിന് തന്നെ വഴിവച്ചേക്കും. കുറുക്കന്മാർ വിമാനത്താവളത്തിൽ എത്തുന്നത് തടയാൻ ജീവനക്കാർക്ക് കർശന നിർദ്ദേശം വിമാനത്താവള അധികൃതർ നൽകിയിട്ടുണ്ട്.

ഒരുകാലത്ത് വന്യമൃഗങ്ങളുടെയും പാമ്പുകളുടെയും ആവാസ കേന്ദ്രമായിരുന്ന മൂർഖൻപറമ്പാണ് വിമാനത്താവളമായി മാറിയത്. ഉല്‍ഘാടന ദിവസവും റൺവേയിൽ കുറുക്കന്മാർ കയറിയിരുന്നു. വിമാനത്താവള ഉല്‍ഘാടന ചടങ്ങിന് രണ്ടു മണിക്കൂർ മുമ്പാണ് റൺവേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സ്ഥാപിച്ച പൈപ്പിലൂടെ ആറ് കുറുക്കന്മാർ അകത്തുകയറിയത്.


Read More >>