മാദ്ധ്യമ പ്രവര്‍ത്തകന്റെ തിരോധാനം: അന്വേഷണ സംഘം കുടജാദ്രിയില്‍

പൊലീസ് അന്വേഷണത്തിൽ മംഗളൂരുവിൽനിന്നു സോണി ട്രെയിൻമാർഗം കാഞ്ഞങ്ങാട്ട് എത്തിയതായി വിവരം ലഭിച്ചിരുന്നു. കേരള- കർണാടക പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്താനുള്ള ശ്രമത്തിലാണു ക്രൈംബ്രാഞ്ച്.

മാദ്ധ്യമ പ്രവര്‍ത്തകന്റെ തിരോധാനം:   അന്വേഷണ സംഘം കുടജാദ്രിയില്‍

കണ്ണൂർ: പതിനൊന്ന് വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മാദ്ധ്യമ പ്രവർത്തകനെ കണ്ടെത്താൻ അന്വേഷണ സംഘം കുടജാദ്രിയിൽ. കൂത്തുപറമ്പ് നീർവേലി സ്വദേശി സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘമാണ് കർണാടകയിലെ കുടജാദ്രിയിലെത്തിയത്. സോണിയെ ഒടുവിൽ കുടജാദ്രിയിൽ കണ്ടെത്തിയിട്ടുള്ളതെന്നാണു ക്രൈംബ്രാഞ്ചിനു കിട്ടിയ വിവരം. ഈ സാഹചര്യത്തിലാണു കർണാടക സർക്കാരിന്റെ സഹായത്തോടെ കുടജാദ്രിയിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളത്. 2008 ഡിസംബർ 18ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ് രഥ് എക്സപ്രസിലാണ് അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാൻ എറണാകുളത്തെ വീട്ടിൽനിന്നു സോണി ഗോവയിലേക്കു പോയത്.

ഗോവയിലെത്തി ആദ്യ രണ്ടു ദിവസം ചലച്ചിത്രമേളയെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യ ഡോ.സീമയെയും ഇടയ്ക്കു വിളിച്ചിരുന്നു. പിന്നീട് പെട്ടെന്ന് ഒരു ദിവസം ഫോൺവിളിയും വാർത്തകൾ അയയ്ക്കുന്നതും നിലച്ചു. ഭാര്യ സീമ സോണിയുടെ ഫോണിലേക്കു വിളിച്ചെങ്കിലും ഫോൺ നിശ്ചലമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സോണി മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണെന്നു വിവരം ലഭിച്ചു. അടുത്ത ദിവസം തന്നെ നാട്ടിൽ തിരിച്ചെത്തുമെന്നുള്ള സൂചനയും ലഭിച്ചു. പിന്നീട് സോണിയെക്കുറിച്ചു വിവരമൊന്നും കിട്ടിയില്ല.

പൊലീസ് അന്വേഷണത്തിൽ മംഗളൂരുവിൽനിന്നു സോണി ട്രെയിൻമാർഗം കാഞ്ഞങ്ങാട്ട് എത്തിയതായി വിവരം ലഭിച്ചിരുന്നു. കേരള- കർണാടക പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്താനുള്ള ശ്രമത്തിലാണു ക്രൈംബ്രാഞ്ച്. ഇടയ്ക്കു വീട്ടിൽ പറയാതെ ആഴ്ചകളോളം മാറിനിൽക്കുന്ന ശീലം സോണിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണമൊന്നും നടന്നിരുന്നില്ല. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സോണി തിരിച്ചെത്താത്തതിനെത്തുടർന്ന് ഭാര്യ അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനും ഗോവ പൊലീസിലും പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഗോവ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.

Read More >>