ഇതല്ല ഗാന്ധിജി കണ്ട സ്വപ്‌നം; അമിത്ഷായുടെ 'ഹിന്ദി' നീക്കത്തിൽ കെ. മുരളീധരൻ

ഗാന്ധിജി കാണാത്ത സ്വപ്നമാണ് അമിത് ഷാ പറഞ്ഞുനടക്കുന്നതെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു

ഇതല്ല ഗാന്ധിജി കണ്ട സ്വപ്‌നം; അമിത്ഷായുടെ

കോഴിക്കോട്: രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകണമെന്നും ഹിന്ദിക്ക് അതിനുള്ള ശേഷിയുണ്ടെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ വിമർശനവുമായി കെ. മുരളീധരൻ എം.പി. ബി.ജെ.പി ചില ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുരളീധരൻ ആരോപിച്ചു. കോൺഗ്രസിന്റേത് ത്രിഭാഷാ നയമാണ്. അതിൽ ഉറച്ചുനിൽക്കുന്നു. ഗാന്ധിജി കാണാത്ത സ്വപ്നമാണ് അമിത് ഷാ പറഞ്ഞുനടക്കുന്നതെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

അതേസമയം ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ അളവറ്റ ഹിന്ദി സ്‌നേഹവും കേരളസർക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരുപോലെ എതിർക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും 'ഹിന്ദി അജണ്ട' യിൽ നിന്ന് പിന്മാറാൻ അമിത് ഷാ തയാറാകാത്തത് സംഘ പരിവാർ ഭാഷയുടെ പേരിൽ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്‌സ്ബുക്കിൽ കുറിച്ചു. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. മാതൃഭാഷയെ സ്‌നേഹിക്കുന്നവർക്കെതിരായ യുദ്ധപ്രഖ്യാപനമെന്നും പിണറായി പോസ്റ്റിൽ പറയുന്നു.

Read More >>