പൊലീസിന്റെ വെടിയുണ്ട കാണാതായ കേസ്: മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി

സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും കുറ്റം തെളിയുവരെ സനിൽ കുമാർ ഗൺമാൻ പദവിയിൽ തുടരുമെന്നും കടകംപള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പൊലീസിന്റെ വെടിയുണ്ട കാണാതായ കേസ്: മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി

തിരുവനന്തപുരം: കേരളാ പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. 11 പൊലീസുകാരെ പ്രതി ചേർത്ത് പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍. 2019 ഏപ്രിൽ മൂന്നിനാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.

1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എസ്എപി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നു. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പൊലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്.

വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.

രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തി. വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്ഐആര്‍ പരാമര്‍ശിക്കുന്നു. എന്നാൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടില്ല. നിലവിൽ വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നു എന്നാണ് പറയുന്നത്.

അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും കുറ്റം തെളിയുവരെ സനിൽ കുമാർ ഗൺമാൻ പദവിയിൽ തുടരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read More >>