മഴക്കെടുതി; ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ ഭക്ഷ്യമേളയൊരുക്കി വിദ്യാർത്ഥികൾ

ഇറാനി പോള, ചിക്കൻ മയോണിസ് കേക്ക്, കലത്തപ്പം, ഉണ്ടപ്പുട്ട്, ഫലാഫിൽ, ഇറച്ചിപ്പത്തിരി, ബിരിയാണി തുടങ്ങി രുചിയേറിയ നൂറോളം വിഭവങ്ങൾ വിൽപ്പനയ്ക്കായി കുട്ടികൾ എത്തിച്ചിരുന്നു

മഴക്കെടുതി; ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ ഭക്ഷ്യമേളയൊരുക്കി വിദ്യാർത്ഥികൾ

കണ്ണൂർ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ ഭക്ഷ്യമേളയൊരുക്കി വിദ്യാർത്ഥികൾ. കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്‍ഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ച് വിദ്യാർത്ഥികൾ സാന്ത്വന പ്രവർത്തനത്തിൽ പങ്കാളികളായത്. തങ്ങളുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണപദാർത്ഥങ്ങളുടെ പ്രദർശനവും വിപണനവും നടത്തിയാണ് ദുരിതബാധിതരെ സഹായിക്കുന്നതിന് ഇവർ പണം സ്വരൂപിച്ചത്.

ഇറാനി പോള, ചിക്കൻ മയോണിസ് കേക്ക്, കലത്തപ്പം, ഉണ്ടപ്പുട്ട്, ഫലാഫിൽ, ഇറച്ചിപ്പത്തിരി, ബിരിയാണി തുടങ്ങി രുചിയേറിയ നൂറോളം വിഭവങ്ങൾ വിൽപ്പനയ്ക്കായി കുട്ടികൾ എത്തിച്ചിരുന്നു. കിസ്മത്ത്, ഉപ്പും മുളകും, മുഹബത്തിന്റെ തട്ടുകട തുടങ്ങി വ്യത്യസ്തമായ പേരുകളിൽ സ്റ്റാളുകളും വിപണനത്തിനായി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഒരുക്കി. രണ്ടുരൂപ മുതൽ 60 രൂപ വരെയുള്ള ഭക്ഷ്യവസ്തുക്കളാണ് വിൽപന നടത്തിയത്.

പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്. നിശ്ചയിച്ചതിലും കൂടുതൽ തുക നൽകിയാണ് പലരും ഭക്ഷ്യവസ്തുക്കൾ വാങ്ങിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച പ്രദർശനവിപണന മേളയിലെ വിഭവങ്ങൾ മണിക്കൂറുകൾക്കകം തന്നെ വിറ്റുപോയി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി അദ്ധ്യാപകരും പലഹാരങ്ങൾ തയ്യാറാക്കി വിൽപനക്കായി എത്തിച്ചിരുന്നു. ഉൽപന്നങ്ങളുടെ വിൽപനയിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം.

Read More >>