അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാം; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അനുമതി

സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലൻ നേരത്തെ ഹെെക്കോടതിയെ സമീപിച്ചിരുന്നു.

അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാം; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അനുമതി

പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അനുമതി. സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലൻ നേരത്തെ ഹെെക്കോടതിയെ സമീപിച്ചിരുന്നു. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

തുടർന്ന് കോടതി എന്‍ഐഎയില്‍ നിന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്.

'മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം' എന്നാണ് അലന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അതേസമയം അലൻ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും റിമാന്റ് കൊച്ചിയിലെ പ്രത്യേക കോടതി അടുത്ത മാസം 13 വരെ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.

Next Story
Read More >>