നൗഷാദ്ക്കക്ക് ഇത് ഡാവിഞ്ചി സുരേഷിന്‍റെ സമ്മാനം

തുണികള്‍ ചേര്‍ത്ത വെച്ച് ഡാവിഞ്ചി തയ്യാറാക്കിയ നൗഷാദിന്‍റെ രൂപം വൈറലാകുന്നു, ഒപ്പം എനിക്ക് ഓര്‍മ്മ വെച്ചപ്പോള്‍ തൊട്ട് എന്‍റെ ഉപ്പ ഇങ്ങനെതന്നെയാണെന്ന് പറഞ്ഞ് മകള്‍ ഇട്ട ഫേസ്ബുക്ക് ലൈവും

നൗഷാദ്ക്കക്ക് ഇത് ഡാവിഞ്ചി സുരേഷിന്‍റെ സമ്മാനം


കോഴിക്കോട്: ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കേരളത്തിന്‍റെ ചങ്കായി മാറിയ നൗഷാദ്ക്കക്ക് തുണികള്‍ കൊണ്ടൊരു സമ്മാനം ഒരുക്കിയിരിക്കുകയാണ് പ്രശസ്ത ശില്‍പ്പിയായ ഡാവിഞ്ചി സുരേഷ്. വില്‍പ്പനക്കെത്തിച്ച പുത്തന്‍ തുണത്തരങ്ങളെല്ലാം പ്രളയബാധിതര്‍ക്ക് നിറഞ്ഞ മനസോടെ വെച്ചുനീട്ടിയ മനസിന് തുണികള്‍ കൊണ്ടല്ലാതെ മറ്റെന്ത് സമ്മാനമാണ് നല്‍കുക? നിരവധജി തുണിത്തരങ്ങള്‍ ചേര്‍ത്തുവെച്ചാണ് സോഷ്യല്‍മീഡിയയുടെ സ്വന്തം നൗഷാദ്ക്കയുടെ രൂപം ഡാവിഞ്ചി മെനഞ്ഞെടുത്തത്. ഗിന്നസ് പക്രുവാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ സൗമൂഹ്യമാധ്യമങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.ഈ സൃഷ്ടിയും സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അതോടൊപ്പം എനിക്ക് ഓര്‍മ്മ വെച്ചപ്പോള്‍ തൊട്ട് എന്‍റെ ഉപ്പ ഇങ്ങനെതന്നെയാണെന്ന് പറഞ്ഞ് മകള്‍ ഇട്ട ഫേസ്ബുക്ക് ലൈവും വൈറലാകുകയാണ്.

മാലിപുറത്തെ തുണിക്കച്ചവടക്കാരന്‍ നൗഷാദാണ് പ്രളയബാധിതര്‍ക്കായി തന്‍റെ കടയില്‍ നിന്നു ചാക്കുകണക്കിന് പുതിയ തുണികള്‍ എടുത്തുകൊടുത്തത്. പെരുന്നാള്‍ വില്‍പനക്കായി എത്തിച്ച വസ്ത്രങ്ങള്‍ വാരി ചാക്കിലിട്ട് നല്‍കുന്പോള്‍ ഇതെല്ലാം എനിക്ക് ലാഭമാണെന്നും പോകുന്പോള്‍ ആരും ഒന്നും കൊണ്ടുപോകില്ലല്ലോയെന്നുമാണ് നൗഷാദ് ചോദിച്ചത്.

നടന്‍ രാജേഷ് ശര്‍മയാണ് ഫേസ്ബുക്ക് ലൈവിലൂടെ നൗഷാദിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിച്ചത്.വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കടയിലേക്കും അവരോട് വരാന്‍ പറഞ്ഞു.അവിടെ നിന്ന് പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. മതിയെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..എന്നായിരുന്നു പ്രതികരണം. തീര്‍ന്നാലും സാരമില്ല, അള്ളാഹു തരുമെന്നും ഈ നന്മമരം ഉറച്ച മനസോടെ പറയുന്നു.

ഡാവിഞ്ചിയുടെ ശില്‍പ്പങ്ങള്‍ മുന്‍പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ലെ 'നിര്‍ഭയ' സംഭവത്തോടെയാണ് കലയിലൂടെ തന്റെ പ്രതികരണങ്ങള്‍ സമൂഹത്തെ അറിയിക്കുന്ന രീതി ഡാവിഞ്ചി തുടങ്ങിയത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ ശില്‍പ്പവും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ അതിജീവിച്ച പ്രളയ ശില്‍പവും കത്വ പെണ്‍കുട്ടിയുടെ കളിമണ്‍ ശില്പവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More >>