വയനാടിനൊപ്പം രാഹുല്‍; മണ്ഡലത്തിന് എം.പി യുടെ കൈത്താങ്ങ്

രാഹുല്‍ മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും മണ്ഡലത്തിലെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു

വയനാടിനൊപ്പം രാഹുല്‍; മണ്ഡലത്തിന് എം.പി യുടെ കൈത്താങ്ങ്


കല്‍പറ്റ: ദുരന്തമഴയില്‍ തകര്‍ന്ന വയനാടിന് എം.പി രാഹുല്‍ഗാന്ധിയുടെ കൈത്താങ്ങ്. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ടണ്‍കണക്കിന് ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുകൊടുത്തിരിക്കുകയാണ് രാഹുല്‍. മഴക്കെടുതികളില്‍ മുങ്ങിയ ജില്ലയില്‍ രണ്ട് ദിവസം രാഹുല്‍ ഗാന്ധി ചെലവഴിച്ചിരുന്നു. വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രളയബാധിതരുടെ ആവശ്യങ്ങളും അവസ്ഥകളും ചോദിച്ചറിഞ്ഞാണ് സഹായം എത്തിച്ചത്. എംപിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റു അടിയന്തരവസ്തുക്കളമാണ് ജില്ലയിലെത്തിച്ചത്. ആദ്യഘട്ടത്തില്‍ നിലവിലെ കാലാവസ്ഥ അനുസരിച്ച് അത്യാവശ്യ വസ്തുക്കളായ പുതപ്പ്, പായ തുടങ്ങിവ ലഭ്യമാക്കി.

രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബുദ്ധിമുട്ടുകളും പലരും പങ്കുവെച്ചുവെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. അതനുസരിച്ച് മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തും. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്‌ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റും എത്തിക്കും.

വയനാട്ടിലെത്തിയ രാഹുല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും മണ്ഡലത്തിലെ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു.ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

Read More >>