മന്ത്രിമാര്‍ക്ക് വിദേശ യാത്രയിലാണ് താൽപര്യം; സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദിയാക്കിയെന്നും ഹൈക്കോടതി

ഐഎഎസ്സുകാര്‍ എ.സി മുറികളില്‍ ഇരുന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

മന്ത്രിമാര്‍ക്ക് വിദേശ യാത്രയിലാണ് താൽപര്യം; സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദിയാക്കിയെന്നും ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. കോടതി അലക്ഷ്യ കേസ് പരിഗണിക്കവെയാണ് സർക്കാറിനെതിരെ കോടതി രം​ഗത്തെത്തിയത്. മന്ത്രിമാര്‍ക്ക് വിദേശ യാത്രയിലാണ് താൽപര്യമെന്നായിരുന്നു ഹെെക്കോടതിയുടെ വിമര്‍ശനം. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്‌.

സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദി ആക്കിയിരിക്കുകയാണെങ്കിൽ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാരുടെ ശമ്പളകുടിശികയും മറ്റ് ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം കൊടുത്ത് തീര്‍ക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു നടപടികളുമുണ്ടായില്ല.

ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നതെന്നും കോടിതി ചോദിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരിന്‍റെ നടപടികള്‍ മനുഷ്യത്വമില്ലാത്തതാണ്. ഐഎഎസ്സുകാര്‍ എ.സി മുറികളില്‍ ഇരുന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നുവെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു

Read More >>