കിനാലൂര്‍ ഭൂമി തരംമാറ്റിയില്ല; ആത്മഹത്യാമുനമ്പില്‍ തൊഴിലാളികള്‍

നഷ്ടപരിഹാരമായി ഭൂമി നല്‍കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ 2003 ഫെബ്രുവരി 28 നാണ് കമ്പനി അടച്ചുപൂട്ടിയത്.

കിനാലൂര്‍ ഭൂമി തരംമാറ്റിയില്ല;  ആത്മഹത്യാമുനമ്പില്‍ തൊഴിലാളികള്‍

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റില്‍ നഷ്ടപരിഹാരമായി ലഭിച്ച ഭൂമി തരം മാറ്റാത്തത് കാരണം തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കില്‍. കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് ആന്റ് ഇന്റസ്ട്രീസ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ 533 തൊഴിലാളികള്‍ക്ക് നല്‍കിയ 600 ഏക്കര്‍ ഭൂമിയാണ് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്. നഷ്ടപരിഹാരമായി ലഭിച്ച തോട്ടംഭൂമി തരംമാറ്റി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പലരും വീടുവച്ചിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തരംമാറ്റി ലഭിക്കാതായതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. ബാങ്കില്‍ നിന്ന് വായ്പ എടുക്കാനോ ഭൂമി കൈമാറ്റം ചെയ്യാനോ കഴിയാതെ ദുരിതത്തിലാണ് തൊഴിലാളികള്‍. നഷ്ടപരിഹാരമായി ഭൂമി നല്‍കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ 2003 ഫെബ്രുവരി 28 നാണ് കമ്പനി അടച്ചുപൂട്ടിയത്. അതിന് ശേഷം തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ് ഭൂരിഭാഗം തൊഴിലാളികളും.

533 തൊഴിലാളികള്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്ത് പോക്കുവരവ് നടത്തി നികുതി സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി 2015 ജനുവരി 31നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ 479 തൊഴിലാളികള്‍ക്ക് 1.03 ഏക്കര്‍ ഭൂമിവീതവും താമസിക്കുന്ന പാടിയും ലഭിച്ചു. എസ്റ്റേറ്റിലെ 25 ഏക്കര്‍ ഭൂമി കമ്പനി മറച്ചുവില്‍ക്കാന്‍ ശ്രമിച്ചതോടെ രജിസ്ട്രേഷന്‍ ഐ.ജി ഇടപെട്ട് മുക്ത്യാര്‍ മരവിപ്പിച്ചതാണ് കുരുക്കായത്. ഭൂമി ലഭിച്ചതിനു പിന്നാലെ തരംമാറ്റം നടത്തണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. അതിനിടയില്‍ കഴിഞ്ഞ മാസം തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രി ടി.പി രാമകൃഷ്ണനും ജില്ലാ കളക്ടറും ചര്‍ച്ച നടത്തിയിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പും മന്ത്രി നല്‍കിയതായി തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

അതേസമയം എസ്റ്റേറ്റിലെ മിച്ചഭൂമി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' എന്ന പരിസ്ഥിതി സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 2019 ഫെബ്രുവരി 27നാണ് കിനാലൂര്‍ എസ്റ്റേറ്റ് മിച്ചഭൂമിയാണെന്ന് ഡിവിഷന്‍ ബഞ്ച് വിധിച്ചത്. 2438 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുതെന്ന് താമരശ്ശേരി സബ്ബ് രജിസ്ട്രാര്‍ക്കും ജില്ലാ കളക്ടര്‍ക്കും അഡ്വക്കറ്റ് ജനറല്‍ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് മറച്ചുവെച്ച് സിംഗിള്‍ ബഞ്ചില്‍ നിന്നും സമ്പാദിച്ച അനുകൂല വിധിയുടെ ബലത്തിലാണ് 25 ഏക്കര്‍ ഭൂമി കൈമാറ്റം നടത്തിയത്. വിഷയം വിവാദമായതോടെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More >>