കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു; സിസിയെ വധിച്ചത് ഷാജുവിനെ ഭര്‍ത്താവായി ലഭിക്കാന്‍

സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു; സിസിയെ വധിച്ചത് ഷാജുവിനെ ഭര്‍ത്താവായി ലഭിക്കാന്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി, മാത്യുവാണ് രണ്ടാം പ്രതി, സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയാണ്. 1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുണ്ട്. സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്‌റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായാണ് കണ്ടെത്തിയത്. സിലിക്ക് ഗുളിക കൊടുത്ത ശേഷം തളര്‍ന്ന അമ്മയെ സിലിയുടെ മകന്‍ കണ്ടപ്പോള്‍ മകനെ ഐസ്‌ക്രീം വാങ്ങാന്‍ പണം കൊടുത്ത് ജോളി പുറത്തേക്ക് പറഞ്ഞയച്ചു. സംശയം തോന്നി മകന്‍ തിരികെ വന്നപ്പോള്‍, സിലി മറിഞ്ഞ് വീഴുന്നത് കണ്ടുവെന്നും മകന്റെ മൊഴിയുണ്ട്. ഇതും കേസന്വേഷണത്തില്‍ നിര്‍ണായകമായതായി കെ ജി സൈമണ്‍ പറഞ്ഞു.

ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്നത് തന്നെയായിരുന്നു സിലിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിലിയുടെ ഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്നും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും എസ്പി അറിയിച്ചു.

Read More >>