മൂന്നാം വിവാഹം കഴിക്കാന്‍ ആ​ഗ്രഹം; രണ്ടാം ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതി; ജോണ്‍സന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചു: ജോളിയുടെ മൊഴി

ഷാജുവും ജോളിയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലാതാക്കി ജോൺസനെ വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി.

മൂന്നാം വിവാഹം കഴിക്കാന്‍ ആ​ഗ്രഹം; രണ്ടാം ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതി; ജോണ്‍സന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചു: ജോളിയുടെ മൊഴി

കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ കൂടുതൽ മൊഴികൾ പുറത്ത്. രണ്ടാം ഭർത്താവ് ഷാജുവിനേയും, ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺന്റെ ഭാര്യയേയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ജോൺസണുമായി മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ തന്നെ ജോളി സമ്മതിച്ചിരുന്നു. ഇപ്പോഴാണ് ഇക്കാര്യത്തിൽ വ്യക്തത വരുന്നത്. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ആളാണ് ബിഎസ്എന്‍എല്‍ ജീവനക്കാരനാണ് ജോൺസൺ.

ഷാജുവും ജോളിയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലാതാക്കി ജോൺസനെ വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. ഇതിനായി ജോൺസന്റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരുടേയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് ജോൺസൺ നേരത്തെ മൊഴിനൽകിയിരുന്നു.

കുടുംബങ്ങളൊന്നിച്ച് വിനോദയാത്രക്ക് പോവാറുണ്ടെന്ന് ജോൺസൻ തന്നെ മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു യാത്രയ്ക്കിടെ ജോൺസന്റെ ഭാര്യക്ക് വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാൽ അവർ രക്ഷപ്പെട്ടതായും ജോളിയുടെ മൊഴിയിൽ പറയുന്നു. ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്.

ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ജോളിയുടെ യാത്രകളെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ജോളി ജോണ്‍സണെ കാണാനാണ് യാത്രകൾ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ജോളി ജോണ്‍സണെ കാണാൻ പോയിട്ടുണ്ടെന്ന് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാൽ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ജോൺസൺ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Read More >>