കെപിസിസി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; ജംബോ പട്ടിക വെട്ടിച്ചുരുക്കി

130 പേരടങ്ങുന്ന ജംബോ പട്ടികയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേരത്തെ നേതൃത്വത്തിന് നൽകിയിരുന്നത്.

കെപിസിസി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; ജംബോ പട്ടിക വെട്ടിച്ചുരുക്കി

ഏറെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ആകെ 47 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്. വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരാൻ തീരുമാനം. 47 അംഗ പട്ടികയിൽ ആകെ മൂന്ന് വനിതകളാണുള്ളത്.

പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെപി ധനപാലൻ, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സിപി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പാലോട് രവി, എഎ ഷുക്കൂര്‍, കെ. സുരേന്ദ്രന്‍ എന്നിവരടക്കം 34 ജനറല്‍ സെക്രട്ടറിമാരും ആണ് പട്ടികയിലുള്ളത്. കെ. കെ കൊച്ചുമുഹമ്മദ് ട്രഷറര്‍ ആയി തുടരും.

ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരി​ഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ കെപിസിസി ഭാരവാഹിയായി പരിഗണിക്കേണ്ടതില്ലെന്നും ജംബോ കമ്മിറ്റി ഒഴിവാക്കി പകരം കാര്യപ്രാപ്തിയുള്ള നേതാക്കളെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടി.എൻ പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

130 പേരടങ്ങുന്ന ജംബോ പട്ടികയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേരത്തെ നേതൃത്വത്തിന് നൽകിയിരുന്നത്. എന്നാൽ പുന:സംഘടനയിൽ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അതൃപ്തി അറിയിച്ച് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിയടക്കം രം​ഗത്തെത്തിയിരുന്നു. എന്നാൽ കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിംഗ് പ്രസിഡന്റുമാരെന്നും എണ്ണം കുറയ്ക്കാനാകുമോയെന്നും സംസ്ഥാന നേതൃത്വത്തോട് ചോദിച്ചിരുന്നു.

Story by
Read More >>