പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ സിവില്‍ സര്‍വീസ് വിജയത്തില്‍ അന്വേഷണം വേണം; ഡല്‍ഹിയില്‍ ലോബിയിങ് നടന്നു: കെ.ടി ജലീൽ

പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണം.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ സിവില്‍ സര്‍വീസ് വിജയത്തില്‍ അന്വേഷണം വേണം; ഡല്‍ഹിയില്‍ ലോബിയിങ് നടന്നു: കെ.ടി ജലീൽ

മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് മന്ത്രി കെടി ജലീൽ. കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതിൽ അന്വേഷണം വേണമെന്ന് ചെന്നിത്തലയുടെ പേരു പരാമർശിക്കാതെ കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

2017ലെ സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ലോബിയിങ് നടന്നുവെന്നും മന്ത്രി ആരോപിച്ചു. അന്ന് എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് അഭിമുഖ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് ലഭിച്ചു. ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാള്‍ 30 മാര്‍ക്കാണ് അഭിമുഖ പരീക്ഷയില്‍ പ്രമുഖ നേതാവിന്റെ മകന് കിട്ടിയത്. ഇതിനായി ലോബിയിങ് നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണം. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായല്ല മോഡറേഷന്‍ നല്‍കുന്നത്. മോഡറേഷന്‍ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടെങ്കില്‍ അത് തുറന്നുപറയണം.

ഒരാള്‍ക്ക് മാത്രമല്ല നിരവധി പേര്‍ക്ക് മോഡറേഷന്‍ നല്‍കിയിട്ടുണ്ട്. അദാലത്തില്‍ മോഡറേഷന്‍ തീരുമാനിച്ചിട്ടില്ല. മോഡറേഷന്‍ തീരുമാനിച്ചത് സിന്‍ഡിക്കേറ്റിലാണ്. പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് ഹാജറാക്കിയിട്ടില്ല. ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ടൊന്നും ഇടത്പക്ഷത്തിന്റെ വിജയം തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്ന് യുഡിഎഫ് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.

Read More >>