ആദ്യം ബമ്പറടിച്ചു; പിന്നാലെ നിധികുംഭവും

നാണയത്തിലെ ക്ലാവ് നീക്കം ചെയ്താൽ മാത്രമേ പഴക്കം, മൂല്യം എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പുരാവസ്തുവകുപ്പ് റിസേർച്ച് അസിസ്റ്റന്റ് ആതിര പിള്ള പറഞ്ഞു. നിധിശേഖരത്തിന്റെ മൂല്യം കണക്കാക്കി നിശ്ചിത തുക രത്നാകരൻപിള്ളയ്ക്ക് നൽകുമെന്നും പുരാവസ്തുവകുപ്പ് അധികൃതർ പറഞ്ഞു.

ആദ്യം ബമ്പറടിച്ചു; പിന്നാലെ നിധികുംഭവും

ആദ്യം ബമ്പറടിച്ചു; പിന്നാലെ നിധികുംഭവും ഭാഗ്യദേവത വിടാതെ പിന്തുടരുകയാണ് കിളിമാനൂർ കീഴ്‌പേരൂർ രാജേഷ് ഭവനിൽ ബി.രത്നാകരൻ പിള്ളയെ. ആറുകോടിയുടെ ബമ്പർ ലോട്ടറി അടിച്ച പണംകൊണ്ട് രത്നാകരൻപിള്ള വാങ്ങിയ സ്ഥലം കുഴിച്ചപ്പോൾ കിട്ടിയത് 2,600 പുരാതനനാണയങ്ങള്‍ അടങ്ങിയ നിധിശേഖരം. കീഴ്‌പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു കിഴക്കുഭാഗത്തെ പുരയിടത്തിൽ നിന്നാണ് രാജഭരണകാലത്തെ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്. മൺകുടത്തിൽ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങൾ കണ്ടെടുത്തത്.

നഗരൂർ മുൻ പഞ്ചായത്ത് അംഗം കൂടിയായ രത്നാകരൻ പിള്ളയുടെ പുരയിടത്തിൽനിന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണു നിധി കണ്ടെടുത്തത്. 20.4 കിലോഗ്രാം തൂക്കം വരുന്ന 2600 നാണയങ്ങളാണ് കുടത്തിൽ ഉണ്ടായിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാരായിരുന്ന ശ്രീമൂലംതിരുനാൾ രാമവർമ, റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി, ചിത്തിരതിരുനാൾ ബാലരാമവർമ എന്നിവരുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 1885 മുതലുള്ള നാല് കാശ്, എട്ട് കാശ്, ഒരു ചക്രം എന്നിങ്ങനെയുള്ളതാണ് നാണയങ്ങൾ. ഒന്നരവർഷം മുമ്പ് രത്നാകരൻപിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവിൽ കൃഷിക്കായി മണ്ണിളക്കുന്നതിനിടെയാണ് കുടം കണ്ടെത്തിയത്.

നാണയശേഖരം കണ്ടയുടൻ രത്നാകരൻപിള്ള ചിത്രമെടുത്തു വാട്‌സാപ്പിൽ ഇട്ടു. പിന്നാലെ കിളിമാനൂർ പൊലീസിലും അറിയിച്ചു. തുടർന്ന് പുരാവസ്തുവകുപ്പ് സ്ഥലത്തെത്തി കൂടുതൽ പരിശോധനയ്ക്കായി നാണയശേഖരം ഏറ്റുവാങ്ങി. ക്ലാവ് പിടിച്ചതിനാൽ ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ പഴക്കം അറിയാൻ കഴിയൂ. ക്ഷേത്രവും സ്ഥലവും കൂടുതൽ പരിശോധിക്കാൻ വീണ്ടും എത്തുമെന്നു പുരാവസ്തുവകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാർ കൊട്ടാരവുമായി ബന്ധമുണ്ടെന്നു നാട്ടുകാർ പറയുന്നു.

നാണയത്തിലെ ക്ലാവ് നീക്കം ചെയ്താൽ മാത്രമേ പഴക്കം, മൂല്യം എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പുരാവസ്തുവകുപ്പ് റിസേർച്ച് അസിസ്റ്റന്റ് ആതിര പിള്ള പറഞ്ഞു. നിധിശേഖരത്തിന്റെ മൂല്യം കണക്കാക്കി നിശ്ചിത തുക രത്നാകരൻപിള്ളയ്ക്ക് നൽകുമെന്നും പുരാവസ്തുവകുപ്പ് അധികൃതർ പറഞ്ഞു. കേരള ലോട്ടറിയുടെ 2018ലെ ക്രിസ്മസ് പുതുവർഷ ബംപർ സമ്മാനമാണു രത്നാകരൻ പിള്ളയ്ക്കു ലഭിച്ചത്.

Story by
Read More >>