'മണക്കാടന്‍ ഗുരുക്കള്‍' ഇനി അരങ്ങില്‍ തിളങ്ങും

ഉത്തരമലബാറില്‍ തെയ്യത്തെ സാമാന്യജനങ്ങളുടെ വിശ്വാസപ്രമാണമാക്കി മാറ്റാന്‍ മണക്കാടൻ ഗുരുക്കൾക്കു കഴിഞ്ഞിരുന്നു

മണക്കാടന്‍ ഗുരുക്കള്‍ ഇനി അരങ്ങില്‍ തിളങ്ങും

നാരായണൻ കരിച്ചേരി

കാഞ്ഞങ്ങാട്: പുരാവൃത്തവും സാമൂഹിക നവോത്ഥാനവും ഇഴചേർത്ത്, മണക്കാടൻ ഗുരുക്കളെന്ന തെയ്യം കലാകാരന്റെ ഐതിഹസികജീവിതം നാടകമാകുന്നു. ജാതിക്കോമരങ്ങൾക്കും സാമ്പത്തിക അസമത്വത്തിനുമെതിരേ ഉത്തരമലബാറിന്റെ ദൈവസങ്കല്പമായ തെയ്യത്തെ സാമാന്യജനങ്ങളുടെ വിശ്വാസപ്രമാണമാക്കി മാറ്റിയെടുക്കാൻ മണക്കാടൻ ഗുരുക്കൾക്കു കഴിഞ്ഞിരുന്നു. പരിഷ്‌കർത്താവെന്ന നിലയിലാണ് ഗുരുക്കളെ അനശ്വരമാക്കി നിർത്താൻ പ്രകാശൻ കരിവെള്ളൂര്‍ എന്ന നാടകകാരൻ ചരിത്രരചനയിലൂടെ ചെയ്യുന്നത്.

കരിവെള്ളൂരിലെ ഓണക്കുന്നിൽ ഗുരുക്കളുടെ സമാധിസ്ഥാനത്തിനടുത്തെ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ് നാടകം ഈ റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി അരങ്ങിലെത്തിയത്. 500 വർഷം മുമ്പ് ഉച്ചനീചത്വങ്ങളെ അതിജീവിച്ച്, അധഃകൃതരായിരുന്ന വണ്ണാൻ സമുദായത്തിൽനിന്ന് ഒരു യുവാവ് കളരിയും വൈദ്യവും മന്ത്രവാദവും പഠിച്ച് സർവ്വാദരണീയ ഗുരുവായി വളർന്ന ചരിത്രമാണ് നാടകത്തിന്റെ ഇതിവൃത്തം. കേവലം സാമുദായികാനുഷ്ഠാന ആചാരമായിരുന്നു അന്നു തെയ്യംകെട്ട്.

മണക്കാടന്‍ ​ഗുരുക്കള്‍ നാടകത്തില്‍നിന്ന്


അതിനെ മുടിയൊരുക്കത്തിലും മുഖത്തെഴുത്തിലും ചുവടുവെപ്പിലും തോറ്റംപാട്ടിലും ചാരുതയാർന്നതാക്കി പരിഷ്‌ക്കരിച്ചത് മണക്കാടൻ ഗുരുക്കളാണ്. പരിഷ്‌കരിച്ച കോലങ്ങളെ ഇവിടുത്തെ സവർണ ജന്മി-നാടുവാഴികൾ ശ്രദ്ധിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് ചിറക്കൽ രാജവംശം കോലത്തിരിമാരായതും അവരുടെ ഭരണപ്രദേശം കോലത്തുനാടായതെന്നും ചരിത്രം.

കെട്ടുകഥകളിലൂടെ മാത്രം പറഞ്ഞുവച്ച കാര്യങ്ങളുടെ ഉള്ളറകൾ തുറന്നുകാട്ടാനുള്ള ആദ്യത്തെ പരിശ്രമമാണ് നാടകമെന്നു പ്രകാശൻ കരിവെള്ളൂർ പറയുന്നു. കരിവെള്ളൂരിന്റെ നാട്ടിടവഴികളിൽ വീണുകിടക്കുന്ന പൊട്ടും പൊടികളുടെയും കൂട്ടത്തിൽ ഗുരുക്കൾ തോണിയില്ലാതെ പുഴ കടന്നതും കവുങ്ങിനെ വളച്ച് അടക്ക പറിച്ചതും കുമ്പളത്തിലയിൽ ചോറുണ്ടതും ചിറക്കൽ നാടുവാഴിയുടെ മുന്നിൽ ഒറ്റ രാത്രി കൊണ്ട് 39 തെയ്യങ്ങൾ കെട്ടിക്കാണിച്ചതും പറയുന്നു. ആ പുരാവൃത്തങ്ങളോടൊപ്പം വിദ്യാഭ്യാസത്തിലൂടെ കൈവരുന്ന വിവേചനമില്ലായ്മയും കരിവെള്ളൂർ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ഉണുത്തിരി വൈദ്യത്തിനു സമാന്തരമായി വണ്ണാൻ വൈദ്യം വളർന്നുവന്നതും പുലയത്തെയ്യങ്ങളിൽ നിന്ന് വണ്ണാൻ, മലയ സമുദായങ്ങൾ സ്വാംശീകരിച്ച അഴകുകൾ എന്തൊക്കെയാണെന്നും നാടകം പറഞ്ഞുതരുന്നു. പയ്യന്നൂർ രംഗകല നാടകസമിതിയാണ് മണക്കാടൻ ഗുരുക്കളെ അരങ്ങിലെത്തിക്കുന്നത്. പത്മൻ വെങ്ങരയാണ് സംവിധാനം. ഗാനരചനയും നാട്ടറിവുവിജ്ഞാനവും പകർന്ന്, പ്രശസ്ത നാടൻ കലാഗവേഷകൻ ഡോ. ആർ.സി.കരിപ്പത്തും നാടകത്തിന്റെ അണിയറയിലുണ്ട്. ജോൺസൺ പുഞ്ചക്കാട് സംഗീതവും ഭാസി വർണലയം രംഗസജ്ജീകരണവും വസ്ത്രാലങ്കാരവും ഒരുക്കുന്നു. യുവനടൻ വിനോദ് പലേരിയാണ് മണക്കാടൻ ഗുരുക്കളായി വേഷമിടുന്നത്.

ശിഷ്യനായ പുതിയടവൻ നായരായി ഷിജു വെള്ളൂരും കളരി ഗുരുക്കളായി അശോകൻ തൃക്കരിപ്പൂരും ചിറക്കൽ കോലത്തിരിയായി ശശി പൊള്ളപ്പൊയിലും അഭിനയിക്കുന്നു. ഗുരുക്കളുടെ അമ്മയും പുതിയടവത്തമ്മയും ചിറക്കൽ തമ്പുരാട്ടിയുമായി പകർന്നാടുന്നത് ലക്ഷ്മി പുത്തിലോട്ടാണ്. പുതിയടവൻ നായരുടെ പെങ്ങളായി ലിസിയും അരങ്ങത്തെത്തുന്നു. . വരും ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നാടകം അരങ്ങേറുമെന്ന് പ്രകാശൻ കരിവെള്ളൂർ 'തത്സമ'യത്തോട് പറഞ്ഞു.

Read More >>