മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ വീഴ്ച; ആളുകൾ മാറി താമസിക്കേണ്ട സാഹചര്യമില്ലെന്നും സബ് കലക്ടർ

ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ശ്രമമെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി.

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ വീഴ്ച; ആളുകൾ മാറി താമസിക്കേണ്ട സാഹചര്യമില്ലെന്നും സബ് കലക്ടർ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ വീഴ്ചയുണ്ടായതായി സബ്കലക്ടർ സ്നേഹില്‍ കുമാര്‍ സിങ്. ആൽഫ സെറീൻ എന്ന ഫ്ലാറ്റ് പൊളിക്കുന്ന കമ്പനി കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും സബ് കലക്ടർ അറിയിച്ചു. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ സാങ്കേതിക വിദഗ്ധ സമിതി ഇന്ന് ചേർന്ന യോഗത്തിലാണ് സബ്കലക്ടർ ഇക്കാര്യം അറിയിച്ചത്.

എന്നാൽ പ്രശ്നം പരിഹരിച്ചുവെന്നും നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി കമ്പനികളുടെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആളുകൾ മാറി താമസിക്കേണ്ട സാഹചര്യമില്ല. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ശ്രമമെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി.

ഇൻഷുറൻസ് കമ്പനികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആൽഫ സെറീന് പുറമെ എച്ച് ടു ഒ ഫ്ലാറ്റിന്റെ പരിസരത്തുള്ള വീടുകളിലും വിള്ളൽ കണ്ടെത്തിയിരുന്നു. ഇത് വലിയ ആശങ്കയ്ക്ക് വഴിവച്ചു. അതേസമയം ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങൾ നീക്കാനുള്ള കരാർ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്ക് നൽകി.

Read More >>