ഇനിയൊരു പ്രളയമുണ്ടായാൽ മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേന്ദ്രത്തിന്

പ്രകൃതിക്ഷോഭമുള്ളപ്പോൾ മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേന്ദ്രജലക്കമ്മിഷൻ ഏറ്റെടുക്കുന്നത് കേരളത്തിന് ഗുണകരമാകുമെന്ന് അന്തർസംസ്ഥാന നദീജല ഏജൻസി സ്‌പെഷ്യൽ ഓഫീസർ ജെയിംസ് വിത്സൺ പറഞ്ഞു

ഇനിയൊരു പ്രളയമുണ്ടായാൽ മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേന്ദ്രത്തിന്

കൊച്ചി: പ്രളയകാലങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജല കമ്മിഷൻ ഏറ്റെടുക്കാൻ സാദ്ധ്യത. പെരുമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോൾ അന്തർസംസ്ഥാന അണക്കെട്ടുകളുടെ പ്രവർത്തനം കമ്മിഷൻ ഏറ്റെടുക്കുന്നതിൽ അഭിപ്രായമാരാഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. മുല്ലപ്പെരിയാർ അന്തർസംസ്ഥാന അണക്കെട്ടാണ്. കേരളത്തിന്റെ ഭൂമിയിലാണ് അണക്കെട്ട് നിൽക്കുന്നതെങ്കിലും നിയന്ത്രണം തമിഴ്നാടിനാണ്. പ്രളയകാലത്ത് അണക്കെട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇരുസംസ്ഥാനങ്ങളിലെയും സ്ഥിതി മനസ്സിലാക്കി പക്ഷഭേദമില്ലാതെ നടപടി സ്വീകരിക്കാൻ കമ്മിഷന് സാധിക്കും.

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടി വന്നിരുന്നു. ഇടുക്കിക്കുമുകളിലാണ് മുല്ലപ്പെരിയാർ. ഇടുക്കിയുടെ സാഹചര്യം മനസ്സിലാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് കേരളത്തിന് അധികാരമില്ല. ജലനിരപ്പ് 140 അടിയായപ്പോഴാണ് തമിഴ്നാട് 13 സ്പിൽവേകൾ വഴി മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിയത്. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിനിടയാക്കി.

പ്രകൃതിക്ഷോഭമുള്ളപ്പോൾ മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേന്ദ്രജലക്കമ്മിഷൻ ഏറ്റെടുക്കുന്നത് കേരളത്തിന് ഗുണകരമാകുമെന്ന് അന്തർസംസ്ഥാന നദീജല ഏജൻസി സ്‌പെഷ്യൽ ഓഫീസർ ജെയിംസ് വിത്സൺ പറഞ്ഞു. കേന്ദ്ര ജലക്കമ്മിഷനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നതും കേരളത്തിന് പ്രയോജനം ചെയ്യും.

Next Story
Read More >>