അപകട സ്ഥലത്തെ ചിത്രം കണ്ടിട്ട് ദേഷ്യവും സങ്കടവും സഹതാപവും വരുന്നു; അപകടം കണ്ടാല്‍ എന്ത് ചെയ്യണം- മുരളി തുമ്മാരുകുടി

നമ്മള്‍ വഴിയേ പോകുന്‌പോള്‍ ഒരപകടം കണ്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന് കുറച്ചു നിര്‍ദ്ദേശങ്ങള്‍

അപകട സ്ഥലത്തെ ചിത്രം കണ്ടിട്ട് ദേഷ്യവും സങ്കടവും സഹതാപവും വരുന്നു; അപകടം കണ്ടാല്‍ എന്ത് ചെയ്യണം- മുരളി തുമ്മാരുകുടി

പാലക്കാട് ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു എന്ന വാര്‍ത്ത വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍, കുടുംബങ്ങളോട് അനുശോചനം.

അപകട സ്ഥലത്തെ ചിത്രം കണ്ടിട്ട് ദേഷ്യവും സങ്കടവും സഹതാപവും വരുന്നു. ഫയര്‍ഫോഴ്സ് എത്തിയതിനു ശേഷം രക്ഷാവാഹനങ്ങള്‍ പോലും അപകടത്തില്‍ പെട്ടവരുടെ അടുത്തെത്തിക്കാന്‍ പറ്റാത്ത തരത്തില്‍ എന്തിനാണ് ആ ജനക്കൂട്ടം അവിടെ കൂടി നില്‍ക്കുന്നത്? ആ ലോറിയുടെ മുകളില്‍ കയറി നില്‍ക്കുന്ന ചേട്ടന്‍ എന്ത് സഹായമാണ് അപകടത്തില്‍ പെട്ടവര്‍ക്ക് ചെയ്യുന്നത്? നമ്മള്‍ വഴിയേ പോകുന്‌പോള്‍ ഒരപകടം കണ്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന് കുറച്ചു നിര്‍ദ്ദേശങ്ങള്‍ തരാം.

1. അപകടം നടന്ന സ്ഥലത്ത് മറ്റാരും ഇല്ലെങ്കില്‍ അപകടത്തില്‍ പെട്ടവരുടെ അടുത്ത് എത്തുക. അവര്‍ റോഡിന്റെ നടുക്ക് ഇനി കൂടുതല്‍ അപകടം വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ആണെങ്കില്‍ ആ വഴി വരുന്ന ട്രാഫിക്കിന് മുന്നറിയിപ്പ് നല്കാനായുള്ള നടപടികള്‍ ചെയ്യുക (നമ്മുടെ കാറിന്റെ ഹസാഡ് ലൈറ്റ് ഓണ്‍ ആക്കുന്നത് ഉള്‍പ്പടെ). പരിക്കേറ്റ ആളെ സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് മാറ്റാന്‍ പറ്റുമെങ്കില്‍ അത് ചെയ്യുക (പരിക്കേറ്റ ആള്‍ക്ക് എഴുന്നേല്‍ക്കാന്‍ വയ്യെങ്കില്‍ നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കുകയോ കൈകൊണ്ട് കോരി എടുക്കുകയോ ചെയ്യരുത്).

2. ഉടന്‍ തന്നെ പോലീസ്/ ഫയര്‍ഫോഴ്‌സ്/ ആശുപത്രി/ ആംബുലന്‍സ് ഇവയെ വിളിക്കുക. കേരളത്തിലെ സാഹചര്യത്തില്‍ ഒന്നില്‍ കൂടുതല്‍ രക്ഷാ സംവിധാനങ്ങളെ വിളിച്ചറിയിക്കുന്നതാണ് ബുദ്ധി. നമ്മള്‍ നില്‍ക്കുന്ന സ്ഥലം, നമ്മുടെ നന്പര്‍, എത്ര പേര്‍ അപകടത്തിലായി എന്നെല്ലാം കൃത്യമായി പറയണം.

3. അപകടത്തില്‍ പെട്ടവര്‍ക്ക് ബോധം ഉണ്ടെങ്കില്‍ അവരോട് സംസാരിക്കണം. 'പേടിക്കേണ്ട, സഹായം വേഗം എത്തും'' എന്നും അതുവരെ നമ്മള്‍ അവിടെനിന്നും പോകില്ല എന്നും ഉറപ്പു നല്‍കുക. അവരുടെ പേര്, ബന്ധുക്കളുടെ പേര്, ഫോണ്‍ നന്പര്‍ ഇതൊക്കെ ചോദിച്ചു മനസ്സിലാക്കണം. അവര്‍ക്ക് വലിയ പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ബോധം മറയാതിരിക്കാന്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതും നല്ലതാണ്.

4. അപകട സ്ഥലത്ത് ആള് കൂടിയാല്‍ പരിക്കേറ്റവരുടെ ചുറ്റും വെറുതെ കൂടിനില്‍ക്കുന്നത്, ഫോട്ടോ എടുക്കുന്നത്, അപകടത്തില്‍ പെട്ടവരുടെ എന്തെങ്കിലും വസ്തുക്കള്‍ അടിച്ചു മാറ്റുന്നത് എല്ലാം തടയാന്‍ ശ്രമിക്കണം.

5. അപകടത്തില്‍ പെട്ടവരോട് വെള്ളം കുടിക്കാന്‍ പറയുക, എണീറ്റ് നില്‍ക്കാന്‍ പറയുക, സ്വന്തം വണ്ടിയിലോ ആദ്യം വരുന്ന വണ്ടിയിലോ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ പ്രത്യക്ഷത്തില്‍ പരോപകാരം ചെയ്യുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കണം. ആംബുലന്‍സ് വരാന്‍ പത്തു മിനുട്ടു വൈകിയാലും, പരിക്കേറ്റവരെ തെറ്റായി കൈകാര്യം ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. (ഇക്കാര്യങ്ങള്‍ പറഞ്ഞാല്‍ നാട്ടുകാരുടെ കയ്യില്‍ നിന്നും അടി കിട്ടാന്‍ വഴിയുണ്ട്. (ദുരന്ത)ശ്രീ മുരളി തുമ്മാരുകുടി പറഞ്ഞതാണ് എന്ന് പറഞ്ഞു നോക്കുക, കുറച്ചു മയം കിട്ടിയേക്കാം. അല്ലെങ്കിലും ശരിയായ കാര്യം ചെയ്യുന്നതിന് രണ്ട് തല്ലു കൊള്ളുന്നത് നല്ലതാണ്).

6. ഔദ്യോഗിക രക്ഷാ പ്രവര്‍ത്തകര്‍ എത്തിയാല്‍ അവരോട് നമുക്കറിയാവുന്ന കാര്യങ്ങള്‍ പറയുക, ബാക്കിയുള്ള കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്യട്ടെ. ബന്ധുക്കളെ നേരിട്ട് വിളിച്ചറിയിക്കാന്‍ പറ്റിയാല്‍ അത് നല്ല കാര്യമാണ്. ഇല്ലെങ്കില്‍ ആക്കാര്യവും രക്ഷാ പ്രവര്‍ത്തകരോട് പറയുക.

7. ഇതില്‍ കൂടുതല്‍ പരിക്കേറ്റവരുടെ കൂടെ ആശുപത്രിയില്‍ പോകുന്നതും ബന്ധുക്കള്‍ വരുന്നത് വരെ കാര്യങ്ങള്‍ നോക്കുന്നതും എല്ലാം ശരിയായ കാര്യമാണെങ്കിലും നിര്‍ബന്ധം ഉള്ളതല്ല.

8. സുരക്ഷാ സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ അപകട സ്ഥലത്ത് മറ്റാളുകള്‍ ഉണ്ടെന്നു കണ്ടാല്‍ വാഹനം നിറുത്താതെ പോകുന്നതാണ് ശരി. അതില്‍ ഒരു വിഷമവും തോന്നേണ്ടതില്ല.

9. നമ്മുടെ രാജ്യത്ത് പരിക്കേറ്റവരെ തെറ്റായി കൈകാര്യം ചെയ്യാന്‍ സാധ്യത ഉളളതിനാല്‍ മറ്റാളുകള്‍ ഉണ്ടെങ്കിലും നമ്മള്‍ ഇടപെടുന്നതില്‍ തെറ്റില്ല. ശരിയായി ഇടപെടാന്‍ കഴിവും താല്പര്യവും ഉണ്ടെങ്കില്‍ മാത്രമേ ഓടിക്കൂടേണ്ടതുള്ളൂ. ആ വാഹനത്തിന് ചുറ്റും നില്‍ക്കുന്നവരും ലോറിയില്‍ കയറി ഇരിക്കുന്നവരും അപകടത്തില്‍ പെട്ടവര്‍ക്ക് ദ്രോഹം ചെയ്യുന്നവരാണ്. അങ്ങനെ ആകരുത്.

10. സീരിയസ് ആയ അപകടം നേരില്‍ കാണുന്നത് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കണ്ട അപകടത്തെ പറ്റി ഏറ്റവും അടുത്തവരോട് സംസാരിക്കണം. രാത്രി നമുക്ക് പേടി തോന്നുകയോ ദുസ്വപ്‌നം കാണുകയോ ചെയ്താല്‍ പ്രൊഫഷണല്‍ കൗണ്‍സലിങ്ങ് സഹായം തേടണം. നമ്മളൊക്കെ മനുഷ്യരാണ്, സൂപ്പര്‍ ഹ്യൂമന്‍ അല്ല. സുരക്ഷിതരായിരിക്കുക.


Read More >>