മരടില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്- ജുഡീഷ്യല്‍ അന്വേഷണം വേണം

ഫ്ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും നിര്‍മ്മാതാക്കള്‍

മരടില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്- ജുഡീഷ്യല്‍ അന്വേഷണം വേണം

കൊച്ചി: മരട് ഫ്‌ലാറ്റ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരേയും നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേയും നടപടി വേണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്‌ലാറ്റുകള്‍ ഒഴിയേണ്ടി വന്നാല്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.

അതേസമയം, ഫ്‌ലാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ നിലപാടെടുത്തതോടെ ഫ്‌ലാറ്റുടമകള്‍ വലഞ്ഞിരിക്കുകയാണ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ നിര്‍മ്മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച് കത്ത് നല്‍കി. പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

ഫ്‌ലാറ്റ്ഒഴിപ്പിക്കുമ്പോള്‍ 343 കുടുംബങ്ങളിലായി 1,472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു മരട് നഗരസഭ എറണാകുളം ജില്ലാ കലക്ടര്‍ക്കു കത്ത് നല്‍കി. ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങള്‍ ഫ്‌ലാറ്റുകള്‍ക്ക് മുന്നില്‍ ആരംഭിച്ച റിലേ സത്യഗ്രഹം ശക്തമാക്കിയിരിക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥരോ നിര്‍മാതാക്കളോ ചെയ്ത തെറ്റിന് ബലിയാടാവില്ലെന്നുമാണ് ഉടമകള്‍ പറയുന്നത്.

വിഷയത്തില്‍ അടുത്തഘട്ടത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. ഒഴിയേണ്ടിവന്നാല്‍ താമസക്കാര്‍ക്കായി ഏലൂരിലെ ഫാക്ട് ക്വാര്‍ട്ടേഴ്‌സില്‍ സൗകര്യം ഒരുക്കാനായി കളക്ടര്‍ നിര്‍ദേശിച്ചതായും നഗരസഭാ സെക്രട്ടറി അറിയിച്ചു.

Read More >>