പന്തീരാങ്കാവ് യുഎപിഎ കേസ്: പ്രതികളുടെ റിമാന്റ് അടുത്ത മാസം 13 വരെ നീട്ടി

നേരത്തെയുള്ള റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഇരുവരേയും കോടതിയിൽ ഹാജറാക്കിയിരുന്നു

പന്തീരാങ്കാവ് യുഎപിഎ കേസ്: പ്രതികളുടെ  റിമാന്റ് അടുത്ത മാസം 13  വരെ നീട്ടി

പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലൻ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും റിമാന്റ് കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. നേരത്തെയുള്ള റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഇരുവരേയും കോടതിയിൽ ഹാജറാക്കിയിരുന്നു.

കേസ് അന്വേഷിക്കുന്ന എന്‍ഐഎ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു. അതേസമയം സെമസ്റ്റർ പരീക്ഷയെഴുതാൻ അനുമതി തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ തനിക്ക് വിലക്കുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണമെന്നും അലൻെറ ഹർജിയിൽ വ്യക്തമാക്കുന്നു.

വിഷയത്തില്‍ കോടതി എന്‍ഐഎയില്‍ നിന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോടതി വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. അതേസമയം കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.

Read More >>