പന്തീരാങ്കാവ് യുഎപിഎ കേസ്: അലനെയും താഹയെയും ഇന്ന് കോടതിയിൽ ഹാജരാക്കും

കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനെയും താഹയെയും ഇന്ന് കോടതിയിൽ ഹാജരാക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലൻ ഷുഹൈബിനേയും താഹ ഫൈസലിനേയും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് ഹാജരാക്കും. ഇരുവരുടേയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ജനുവരി 21 നാണ് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.

കേസ് അന്വേഷണം ഏറ്റെടുത്ത എൻഐഎ കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നു. അതേസമയം കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്. കേസ് സംസ്ഥാന പൊലീസിന് തന്നെ തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അമിത്ഷാക്ക് കത്തയച്ചത്.

സിപിഎം പ്രവർത്തകരായ അലനേയും താഹയേയും നാല് മാസം മുമ്പാണ് അറസ്റ്റിലാവുന്നത്. അർദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട് നിയമ സഭയിൽ പ്രതിപക്ഷവും മുഖ്യമന്ത്രിയും ഏറ്റുമുട്ടിയിരുന്നു. രണ്ട് വിദ്യാർത്ഥികളെയും എൻഐഎക്ക് എറിഞ്ഞു കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും യുഎപിഎ ചുമത്തി രണ്ട് വിദ്യാർത്ഥികളുടെ ഭാവി തകർത്തുവെന്നും പ്രതികപക്ഷം ആരോപിച്ചിരുന്നു.

എന്നാൽ സര്‍ക്കാര്‍ കേസ് പരിശോധിക്കും മുമ്പെയാണ് കേസ് എൻഐഎ ഏറ്റെടുത്തതെന്നായിരുന്നു മഖ്യമന്ത്രിയുടെ വിശദീകരണം. അഞ്ച് വര്‍ഷമായി അലനും താഹയും പൊലീസ് നിരീക്ഷണത്തിലായിരുന്നു. അലനും താഹക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാൻ നേരത്തെ തന്നെ യുഎപിഎ കേസിലെ പ്രതിയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം അല്ല കേസിൽ എൻഐഎ ഇടപെടലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More >>