ഒരു തടങ്കൽ പാളയവും കേരളത്തിൽ ഉണ്ടാകില്ല; ഈ നാട് അർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും- മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ നടത്തിയ പ്രസ്താവനയ്ക്കും മലപ്പുറത്ത് മുഖ്യമന്ത്രി മറുപടി നൽകി.

ഒരു തടങ്കൽ പാളയവും കേരളത്തിൽ ഉണ്ടാകില്ല; ഈ നാട് അർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും- മുഖ്യമന്ത്രി

ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണറാലി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു കരുതൽ തടങ്കൽ പാളയവും കേരളത്തിൽ ഉണ്ടാകില്ല. ജനം സാക്ഷി, നാട് സാക്ഷി, ഈ നാട് സർക്കാറിൽ അർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും' -മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ നടത്തിയ പ്രസ്താവനയ്ക്കും മലപ്പുറത്ത് മുഖ്യമന്ത്രി മറുപടി നൽകി. പണ്ട് നാട്ടു രാജാക്കാന്‍മാര്‍ക്ക് മുകളില്‍ റസിഡന്റുമാരെ നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന് മുകളില്‍ അത്തരമൊരു റസിഡന്റ് ഇല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതൊരു ജനാധിപത്യം രാജ്യമാണ്. ആ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായി ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നും അദ്ദേഹം പറഞ്ഞു. 'പൗരത്വ നിയമത്തിനെതിരെ കേരളാ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ ചില ആളുകള്‍ ചോദിച്ചു. ആരാണ് ഇവര്‍ക്ക് അതിന്‌ അധികാരം നല്‍കിയതെന്ന്.

അവരോടൊക്കെ വിനയത്തോടെ പറയാനുള്ളത് അതിനുള്ള അധികാരമൊക്കെ നിയമസഭയ്ക്കുണ്ടെന്നാണ്. നമ്മളെല്ലാം ആദരിക്കുന്ന ഭരണ ഘടനയെന്ന പുസ്തകം ഒന്ന് വായിച്ച് നോക്കിയാല്‍ മതി. അത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം അതില്‍ നിന്ന് ലഭിക്കും' - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി രൂക്ഷമായി വിമര്‍ശിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രം​ഗത്തെത്തിയിരുന്നത്. സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോൾ ലംഘനമാണ്. ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിൽ പോകുന്നതിൽ എതിരല്ല. ഭരണഘടന പ്രകാരം അവർക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവര്‍ണറെ അറിയിച്ചില്ല. ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നും പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാൻ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസിൽ ഒപ്പിടാനിതിരുന്ന ഗവർണർ ഇക്കാര്യത്തിൽ തദ്ദേശമന്ത്രി എ.സി മൊയ്തീനെ പരിഹസിക്കുകയും ചെയ്തു.

പൗരത്വ നിയമത്തിനെതിരായ പ്രമേയം പോലെ ഇതും നിയമസഭയിൽ കൊണ്ട് വന്ന് പാസാക്കിക്കൂടെയെന്നായിരുന്നു തദ്ദേശമന്ത്രി എ.സി മൊയ്തീനോട് ഗവർണർ നേരിട്ട് ചോദിച്ചത്. രാവിലെ കൊല്ലത്ത് നടന്ന പരിപാടിക്കിടെയാണ് എ.സി മൊയ്തീനോട് നേരിട്ട് തന്നെ ഗവർണർ ഇക്കാര്യം പറഞ്ഞത്. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷവും നേരത്തെ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

Read More >>