തിരുവമ്പാടിയില്‍ ആവേശമായ് രാഹുല്‍

സുല്‍ത്താന്‍ ബത്തേരിയിലെ പൊതുയോഗത്തിന് ശേഷം 1.08 ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട് സ്‌കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപ്പാഡിലാണ് രാഹുല്‍ ഇറങ്ങിയത്

തിരുവമ്പാടിയില്‍ ആവേശമായ് രാഹുല്‍

തിരുവമ്പാടി: മലയോരത്തിന് ആവേശമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുവമ്പാടിയില്‍. വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍ എത്തിയത്. സുല്‍ത്താന്‍ ബത്തേരിയിലെ പൊതുയോഗത്തിന് ശേഷം 1.08 ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട് സ്‌കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപ്പാഡിലാണ് രാഹുല്‍ ഇറങ്ങിയത്. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം സമീപത്തെ പൊതുയോഗം നടക്കുന്ന മൈതാനത്തേക്ക് എത്തുകയായിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാഹുല്‍ മൈതാനത്തിറങ്ങിയപ്പോള്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ ഇളകി മറിഞ്ഞു. കൊടും വെയിലില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന്റെ അവശതകള്‍ മറന്ന് ജയ് വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ രാഹുലിന്റെ സന്ദര്‍ശനം പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തി.

രാഹുലിന്റെ ഓരോ വാക്കുകളും ആരവത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പതിനായിരങ്ങളാണ് രാഹുലിനെ കേള്‍ക്കാന്‍ എത്തിയത്. 11.30 ന് രാഹുല്‍ ഗാന്ധി എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ഇന്ന് രാവിലെയാണ് ഷെഡ്യൂളില്‍ നേരിയ മാറ്റം വരുത്തിയത്. തിരുവമ്പാടിയിലെ പൊതുയോഗത്തിന് ശേഷം രാഹുല്‍ വണ്ടൂരിലേക്ക് തിരിച്ചു.

Read More >>