'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും'; രാഷ്ട്രീയ പ്രവർത്തനം നിർത്തി ബജ്റംഗ്‌ദൾ പ്രവർത്തകൻ

രാഷ്ട്രീയ ബജ്റംഗ്‌ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ഗോപിനാഥൻ ബജ്റംഗ്‌ദൾ നേതാക്കളെയും ഉന്നം വെയ്ക്കുന്നുണ്ട്.

ശബരിമല പ്രതിഷേധത്തിനിടെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയതിലൂടെ വെെറലായ രാഷ്ട്രീയ ബജ്റംഗ്‌ദൾ പ്രവർത്തകൻ ഗോപിനാഥൻ കൊടുങ്ങല്ലൂർ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു. പാർട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇയാൾ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ മത പരിവര്‍ത്തനത്തിനെത്തിയെന്ന് പറഞ്ഞ് പാസ്റ്റര്‍മാരെ മര്‍ദ്ദിച്ച സംഭവത്തിലും പ്രതിയാണ്.

ഫെയ്സ്ബുക്കിലൂടെയാണ് സംഘടനാ പ്രവർത്തനം നിർത്തുന്നതുമായി ബന്ധപ്പെട്ട കാര്യം ഗോപിനാഥൻ വ്യക്തമാക്കിയത്. മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാമെന്നും അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും ആത്മാര്‍ഥത ഫേസ്ബുക്കില്‍ മാത്രം ഉണ്ടായാല്‍ പോരെന്നും പറഞ്ഞാണ് ഗോപിനാഥന്റെ പോസ്റ്റ്.

രാഷ്ട്രീയ ബജ്റംഗ്‌ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ഗോപിനാഥൻ ബജ്റംഗ്‌ദൾ നേതാക്കളെയും ഉന്നം വെയ്ക്കുന്നുണ്ട്. ഫെയ്സ്ബുക്കിലല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് നേതാക്കൾ പ്രവർത്തിക്കേണ്ടതെന്ന് പറയുന്ന പോസ്റ്റിൽ ആരുടെയും പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.

ഗോപിനാഥൻ കൊടുങ്ങല്ലൂരിൻെറ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

"മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്."

Read More >>