അദ്ധ്യാപകർ ബാലറ്റ് എണ്ണി കുഴയേണ്ട; സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇനി പേപ്പർ രഹിതം

സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കിനി ഒരു സ്മാർട്ട് ഫോൺ മാത്രം മതി

അദ്ധ്യാപകർ ബാലറ്റ് എണ്ണി കുഴയേണ്ട; സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇനി പേപ്പർ രഹിതം

ജമാല്‍ ചേന്നര

മലപ്പുറം: ബാലറ്റുകൾ തയാറാക്കിയും അവ എണ്ണിത്തിടപ്പെടുത്തിയും കുഴങ്ങുന്ന അദ്ധ്യാപകർക്കിതാ ഒരു സന്തോഷ വാർത്ത. സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കിനി ഒരു സ്മാർട്ട് ഫോൺ മാത്രം മതി. സ്‌കൂൾ പാർലമെന്റെ തെരഞ്ഞെടുപ്പുകൾ പേപ്പർ രഹിതമായി നടത്താം. ഇതിനായി കൈറ്റ് തയാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഇനി മലപ്പുറത്തിന് സ്വന്തം.

നിലവിൽ സ്‌കൂളുകളിലെല്ലാം ക്ലാസ് തലത്തിൽ ബാലറ്റ് തയാറാക്കിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൂടുതൽ ക്ലാസുകളും കുട്ടികളുമുള്ള സ്‌കൂളുകളിൽ തെരഞ്ഞെടുപ്പ് നടപടികൾ അദ്ധ്യാപകർക്ക് കീറാമുട്ടിയാണ്. ബാലറ്റ് തയാറാക്കാനും എണ്ണിത്തിടപ്പെടുത്താനുമെല്ലാം വലിയ സമയം ചെലവിടേണ്ടി വരുന്നു. ഇവയെല്ലാം

ഇനി പഴംകഥയാവുകയാണ്. സ്‌കൂളുകൾക്ക് കൈറ്റ് നൽകിയിടിട്ടുള്ള സ്വതന്ത്ര സോഫ്റ്റ് വെയറായ ഉബണ്ടു ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഏത് ലാപ്‌ടോപ്പിനേയും സ്മാർട്ട് ഫോണുമായി ബന്ധിപ്പിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിക്കാവുന്നതാണ് പുതിയ ആപ്പ്. വോട്ടെടുപ്പിന്റെ കൺട്രോൾ യൂനിറ്റായി ലാപ്പ് ടോപ്പ് പ്രവർത്തിക്കും. വോട്ടിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മൊബൈലിനെ ലാപ്പ്‌ടോപ്പുമായി ബന്ധിപ്പിക്കുന്നതോടെ വോട്ടെടുപ്പ് നടപടികൾ തുടങ്ങാം.

ബാലറ്റിൽ ചിഹ്നത്തിനു പുറമേ വേണമെങ്കിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോ വരെ ഉൾപ്പെടുത്താം. ലാപ്പ്‌ടോപ്പിലെ സ്‌കാൻ ബട്ടൻ അമർത്തിയാൽ ലഭിക്കുന്ന ബാർകോഡ് മൊബൈൽ ഉപയോഗിച്ച് സ്‌കാൻ ചെയ്യുന്നതോടെയാണ് വോട്ടിങ് യൂനിറ്റായി മാറുക. ഇതു രഹസ്യ കേന്ദ്രത്തിൽ സ്ഥാപിച്ചാൽ ഇവിടെയെത്തി കുട്ടികൾക്ക് വോട്ട് ചെയ്യാം. സ്ഥാനാർത്ഥിയുടെ പേരിന് നേരെ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക ഭാഗമുണ്ട്. അതിൽ സ്പർശിക്കുന്നതോടെ വോട്ട് രേഖപ്പെടുത്തി. പിന്നീട് മാറ്റാനോ വീണ്ടും സ്പർശിക്കുവാനോ സാധിക്കില്ല. വേണമെങ്കിൽ നോട്ടക്ക് വരെ പുതിയ ബാലറ്റിൽ ഇടം നൽകാം.

കൺട്രോൾ യൂനിറ്റിൽ സ്റ്റാർട്ട് പോൾ ഭാഗം തെരഞ്ഞെടുക്കുന്നതോടെയാണ് വോട്ടിങ് നടപടികൾ ആരംഭിക്കുക. ഏത് ക്ലാസ്, ബാലറ്റ് എന്നിവയെല്ലാം ഇവിടെ നിന്ന് തെരഞ്ഞെടുക്കാം. പിന്നീട് വിദ്യാർത്ഥികളെ കടത്തി വിട്ട് വോട്ട് ചെയ്യിക്കാം. ഒരാൾ വോട്ട് ചെയ്താൽ അടുത്തയാൾക്കായി പ്രിസൈഡിങ് ഓഫിസർ വീണ്ടും കൺട്രോൾ യൂനിറ്റ് പ്രവർത്തിപ്പിക്കണം.

വോട്ടെടുപ്പ് സമയം പിന്നിട്ടാൽ ക്ലോസ് പോൾ എന്ന ബട്ടൻ അമർത്തുന്നതോടെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കും. ഓരോ ക്ലാസിലേയും വോട്ടെണ്ണൽ കുറഞ്ഞ സമയത്തിനകം നടത്താം. പൊതു തെരഞ്ഞെടുപ്പിന്റെ ആവേശം പകരുന്നതിന് വോട്ടെണ്ണൽ ചില ഘട്ടങ്ങളിലൂടെയാണ് നടക്കുക. വോട്ടെടുപ്പും ഫല പ്രഖ്യാപനവുമെല്ലാം കുറഞ്ഞ സമയത്തിനകം പൂർത്തിയാക്കാനാവുമെന്നതാണ് വലിയ സവിശേഷതയെന്ന് മൊബൈൽ ആപ്പ് തയാറാക്കിയ മലപ്പുറം കൈറ്റിലെ മാസ്റ്റർ ട്രെയിനർമാരായ സി.കെ ഷാജി, അബ്ദുൽഹക്കീം എന്നിവർ തത്സമയത്തോട് പറഞ്ഞു. ഇന്നു രാവിലെ മലപ്പുറം കളക്ടറേറ്റിൽ ജില്ലാ കളക്ടർ ജാഫർമാലിക് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പല സ്‌കൂളുകളിലും ഇതിനകം പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. എങ്കിലും എല്ലാ സ്‌കൂളുകളിലും ആപ്പ് ലഭ്യമാക്കാനാണ് കൈറ്റ് അധികൃതരുടെ തീരുമാനം.