ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു; മലയാള സിനിമയിലെ മുതിര്‍ന്ന തലമുറയുടേത് കുറ്റകരമായ മൗനം: കമൽ

രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാന്നിദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു; മലയാള സിനിമയിലെ മുതിര്‍ന്ന തലമുറയുടേത് കുറ്റകരമായ മൗനം: കമൽ

രാജ്യം മുഴുവന്‍ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും ഭരണകൂട ഫാസിസത്തിനെതിരെ തെരുവില്‍ ഇറങ്ങുമ്പോള്‍ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറ പാലിക്കുന്നത് കുറ്റകരമായ മൗനമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പൗരര്‍ എന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാന്നിദ്ധ്യമാണ്. തങ്ങളുടെ തലമുറ ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു എന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ പ്രതികരിച്ച നടി ദീപിക പദുക്കോണ്‍ അടക്കമുള്ള യുവതലമുറയെ ശ്ലാഘിച്ചുകൊണ്ടായിരുന്നു അ​ദ്ദേഹത്തിൻെറ പരാമർ‍ശം.

മലയാള സിനിമയുടെ കഴിഞ്ഞകാല പ്രവണതകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തിയ അദ്ദേഹം സവര്‍ണ്ണതയുടെയും ആണ്‍കോയ്മയുടെയും കാലം മലയാള സിനിമയില്‍ കഴിഞ്ഞിരിക്കുന്നു എന്ന് വിശദീകരിച്ചു. പൗരത്വ നിയമത്തിനെതിരെ നേരത്തേ തന്നെ ശക്തമായ നിലപാടെടുത്തയാളാണ് കമൽ. സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച ​കേരള ​ഗവർണർക്കെതിരെയും അദ്ദേഹം രം​ഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ സംസാരിച്ചത് ഭരണഘടന പദവിക്ക് യോജിക്കാത്ത രീതിയിലാണെന്നും അപലപനീയമാണെന്നുമായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.

Story by
Read More >>