തൊവരിമല മിച്ചഭൂമി പൊലീസ് ഒഴിപ്പിച്ചു; ചര്‍ച്ചക്കെന്ന വ്യാജേന സമരസമിതി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപറ്റ തുടങ്ങിവയവരടക്കം ഏഴോളം പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

തൊവരിമല മിച്ചഭൂമി പൊലീസ് ഒഴിപ്പിച്ചു;  ചര്‍ച്ചക്കെന്ന വ്യാജേന സമരസമിതി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

തൊവരിമലയില്‍ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന ഭൂരഹിതര്‍ക്കെതിരെ പൊലീസ് ഒഴിപ്പിച്ചു. പൊലീസും വനം വകുപ്പും ചേര്‍ന്നാണ് കയ്യേറ്റം ഒഴിപ്പിച്ചത്. തൊവരിമല കയ്യേറ്റ ഭൂമിയിലേക്ക് മാധ്യമങ്ങളെ കടത്തിവിടാതെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നത്.

സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്ക്കെന്ന് വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് സമര സമതി അംഗം എന്‍.ഡി. വേണു തത്സമയത്തോടുപറഞ്ഞു. സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപറ്റ തുടങ്ങിവയവരടക്കം ഏഴോളം പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പുലര്‍ച്ചെ എത്തിയ പൊലീസ് വലിയ അതിക്രമമാണ് നടത്തിയത്. പാചകം ചെയ്തിരുന്ന സാധനങ്ങളെല്ലാം തട്ടികളഞ്ഞു. അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പോലീസ് കൊണ്ടുപോയി. അല്‍പ്പമെങ്കിലും ചെറുത്തുനിന്നവരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. പലരെയും പൊലീസ് വിവിധ സ്ഥലങ്ങളില്‍ ഇറക്കിവിട്ടെന്നാണ് വിവരം. ഇതോടെ ആളുകള്‍ എവിടെയാണുള്ളത് എന്ന വിവരം ലഭിച്ചിട്ടില്ല. സമരം ശക്തമായി തുടരുമെന്നും കളക്ടറേറ്റലേക്കുള്‍പ്പെടെ സമരം വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുകയാണെന്നും എന്‍.ഡി. വേണു പറഞ്ഞു.


ഹാരിസണ്‍സ് മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 106 ഹെക്ടര്‍ ഭൂമിയില്‍ കയ്യേറി അവകാശം സ്ഥാപിച്ച ആയിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു വയനാട്ടിലെ 13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതര്‍ കയ്യേറ്റം നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം നടപടി മതി എന്ന നിര്‍ദ്ദേശമായിരുന്നു പൊലീസിനും ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്. അതു പ്രകാരമാണ് ഇന്ന് പുലര്‍ച്ചെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസും വനം വകുപ്പും സമരഭൂമിയിലെത്തിയത്. വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.തൊവരിമല സമരത്തെ ഇനിയും കീഴടക്കാന്‍ തോട്ടമാഫിയകള്‍ക്കും അവരുടെ സര്‍ക്കാരിനും ആയിട്ടില്ലെന്ന് സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ കുറിപ്പിറക്കി. എവിടെ ഞങ്ങളുടെ നേതാക്കള്‍? എവിടെ ഞങ്ങള്‍ക്ക് ഭൂമി ? തൊവരിമല ഭൂസമരം തുടരുകയാണ്. തൊവരിമല ഭൂസമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ല. പകരം തന്ത്രപൂര്‍വ്വം സമരനേതാക്കളെ കസ്റ്റഡിയിലാക്കി. ആദിവാസികളെ സമരഭൂമിയില്‍ നിന്നും ബലം പ്രയോഗിച്ച് നീക്കി. കുറെ പേരെ ബലമായി വാഹനങ്ങളില്‍ കയറ്റി അവരുടെ നാട്ടില്‍ കൊണ്ടിറക്കി. എന്നാല്‍ പിരിഞ്ഞു പോകാതെ കുറെയേറെ ആളുകള്‍ സമരഭൂമിക്ക് താഴെ വയലില്‍ സമരം തുടരുകയാണ്. തങ്ങളില്‍ നിന്നും തട്ടിയെടുത്ത നേതാക്കളെ തിരിച്ചു വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി അവര്‍ ആവശ്യപ്പെടുന്നു എന്നും കുറിപ്പില്‍ പറയുന്നു.

Read More >>