വണ്ടിചെക്ക് കേസ് തള്ളി; തുഷാറിന് മടങ്ങാം

പരമാവധി 6 ലക്ഷം ദിര്‍ഹത്തിന്റെ കരാറുകള്‍ മാത്രം നല്‍കിയിരുന്ന ഒരാള്‍ക്ക് ഇത്രയും തുക കൊടുക്കാനില്ലെന്നും എല്ലാ ഇടപാടുകളും നേരത്തെ തീര്‍ത്തതാണെന്നുമായിരുന്നു തുഷാറിന്റെ നിലപാട്

വണ്ടിചെക്ക് കേസ് തള്ളി; തുഷാറിന് മടങ്ങാം

ദുബായ്: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. വാദിഭാഗം നിരത്തിയ തെളിവുകളെല്ലാം വിശ്വസയോഗ്യമല്ലെന്ന വിലയിരുത്തലിലാണ് തുഷാറിനെതിരെയുള്ള കേസ് കോടതി തള്ളിയത്.തൃശൂര്‍ സ്വദേശിയും വ്യവസായിയുമായ നാസില്‍ അബ്ദുല്ല ഹാജരാക്കിയ രേഖകളാണ് വിശ്വാസയോഗ്യമല്ലെന്നു കോടതി കണ്ടെത്തിയത്. പാസ്‌പോര്‍ട്ട് തിരികെ ലഭിച്ച തുഷാറിനു നാട്ടിലേക്കു മടങ്ങാം. തുഷാറിനു യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ദുബായ് കോടതി നേരത്തെ തള്ളിയിരുന്നു.

തുഷാറിന്റെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പ് ദുബായില്‍ പ്രവര്‍ത്തിച്ച നിര്‍മാണ കമ്പനിയുടെ ഉപകരാറുകാരനായ നാസില്‍, 90 ലക്ഷം ദിര്‍ഹം(ഏകദേശം 17.1 കോടി രൂപ)കിട്ടാനുണ്ടെന്നു കാട്ടിയാണു പരാതി നല്‍കിയത്. എന്നാല്‍ പരമാവധി 6 ലക്ഷം ദിര്‍ഹത്തിന്റെ (1. 2 കോടി രൂപയോളം) കരാറുകള്‍ മാത്രം നല്‍കിയിരുന്ന ഒരാള്‍ക്ക് ഇത്രയും തുക കൊടുക്കാനില്ലെന്നും എല്ലാ ഇടപാടുകളും നേരത്തെ തീര്‍ത്തതാണെന്നുമായിരുന്നു തുഷാറിന്റെ നിലപാട്. അതിനിടെ, നാസില്‍ അബ്ദുല്ല മറ്റൊരാളില്‍ നിന്നു തുഷാറിന്റെ ചെക്ക് സംഘടിപ്പിച്ചതാണെന്നു സൂചിപ്പിക്കുന്ന ശബ്ദേരേഖ പുറത്തുവന്നതു കേസില്‍ വഴിത്തിരിവായി.

കഴിഞ്ഞമാസം 20നു ദുബായിലെത്തിയ തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിര്‍ഹം (ഏകദേശം 1.9 കോടിയോളം രൂപ) കെട്ടിവച്ച് പിറ്റേന്നു തന്നെ ജാമ്യത്തിലിറങ്ങിയെങ്കിലും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ യുഎഇ വിടാനായില്ല. ഇതിനിടെ നടന്ന ഒത്തുതീര്‍പ്പു ശ്രമങ്ങളും പരാജയപ്പെട്ടു. നാസിലിനോടു വിരോധമില്ലെന്നും നാട്ടിലേക്കു മടങ്ങും മുമ്പ് കൂടിക്കാഴ്ച നടത്തുമെന്നും തുഷാര്‍ പറഞ്ഞു. ഓണത്തിനു നാട്ടില്‍ പോകുന്നില്ല. കൂടെനിന്നു ചതിച്ചയാളെ കണ്ടെത്തുമെന്നു പറഞ്ഞ തുഷാര്‍ മുഖ്യമന്ത്രി, എം.എ.യൂസഫലി, കേന്ദ്രനേതാക്കള്‍, സമുദായ അംഗങ്ങള്‍ എന്നിവരുടെ പിന്തുണയ്ക്കു നന്ദി പറഞ്ഞു

Read More >>