യു.എ.പി.എ ചുമത്തല്‍; കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന്റെ പങ്കും ചര്‍ച്ചയാകുന്നു

അബ്ദുനാസർ മഅ്ദനിയുടെ ഒരു ദശകം നീണ്ട ജയിൽവാസത്തിനു കാരണമായ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ 1998 മാർച്ച് 31ന് അറസ്റ്റ് ചെയ്തത് അന്ന് കോഴിക്കോട് സിഐ ആയിരുന്ന എ.വി ജോർജാണ്. അന്നത്തെ കൊച്ചി പോലിസ് കമ്മീഷണറായ മുൻ ഡിജിപി ജേക്കബ് തോമസ് തെളിവില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചുനിന്നപ്പോഴാണ് എ.വി ജോർജ് എത്തി മഅ്ദനിയെ അറസ്റ്റ് ചെയ്തു കോഴിക്കോട്ടേക്കു കൊണ്ടുപോയത്.

യു.എ.പി.എ ചുമത്തല്‍; കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന്റെ പങ്കും ചര്‍ച്ചയാകുന്നു

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി യു.എ.പി.എ ചുമത്തുന്നതിൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.വി ജോർജിന്റെ പങ്കും താൽപര്യവും ചർച്ചയാകുന്നു. പന്തീരാങ്കാവിൽ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ മാവോയിസ്‌റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തിയതിനെ തുടർന്നാണ് വീണ്ടും പരാതികളുയരുന്നത്. നേരത്തെ എ.വി ജോർജ് ആലുവ റൂറൽ എസ്പിയായിരുന്ന സമയത്താണ് അവിടെ നിരവധി പേർക്ക് നേരെ യു.എ.പി.എ ചുമത്തപ്പെട്ടത്.

2017 ഡിസംബറിലെ എൽ.ഡി.എഫ് മന്ത്രിസഭയാണ് എ.വി ജോർജിന് ഐ.പി.എസ് ശുപാർശ ചെയ്യുന്നതും തുടർന്ന് റൂറൽ എസ്പിയുടെ സുപ്രധാന പോസ്റ്റിലേക്ക് നിയമിക്കുന്നതും. വരാപ്പുഴ ശ്രീജിത്തിന്റെ കസ്‌റഡി മരണത്തിൽ ആരോപണവിധേയനായ ജോർജിനെതിരെ ഏറെ മനുഷ്യാവകാശ ലംഘനങ്ങളുടെ പരാതികളുമുണ്ട്. അന്നത്തെ എറണാകുളം റൂറൽ എസ്പിയായിരുന്ന എ.വി ജോർജ്ജിന്റെ കീഴിലുള്ള ടൈഗർ ഫോഴ്‌സിലെ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. എസ്പി.യുടെ നിർദ്ദേശ പ്രകാരമാണ് ടൈഗർ ഫോഴ്‌സിലെ പൊലീസുകാർ ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നായിരുന്നു ആരോപണം.

എസ്.പിയുടെ പ്രത്യേക സേന നിയമവിരുദ്ധമാണെന്നു കണ്ടെത്തി പിരിച്ചുവിടുകയും ചെയ്തിരുന്നു. ജോർജ് ഇങ്ങനെ സ്വകാര്യ സ്‌ക്വാഡിന് രൂപം നൽകുന്നത് ഇതാധ്യമല്ല. വർഷങ്ങൾക്കു മുമ്പ് ജോർജ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരിക്കെ രൂപം നൽകിയ സിറ്റി സ്പൈഡേഴ്സ് എന്ന പ്രത്യേക പോലീസ് സേനയും നിയമവിരുദ്ധമെന്നു കണ്ടെത്തി പിരിച്ചുവിടുകയായിരുന്നു. കോഴിക്കോട് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ കൂട്ടംകൂടിയിരിക്കുന്നവരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടിച്ചുവിടുന്നതുൾപ്പടെയുള്ള നടപടികൾ തുടർന്നപ്പോൾ ജോർജിന്റെ പ്രത്യേക സേനക്കെതിരേ പരാതി ഉയർന്നു.

പിന്നീട് കോഴിക്കോട്ട് നടന്ന ചുംബന സമരത്തിലും ഈ സേന അക്രമം അഴിച്ചുവിട്ടിരുന്നു. ഡൌൺ ടൌൺ കോഫി ഷോപ്പ് അക്രമത്തിലും ചുംബന സമരത്തിലും സംഘപരിവാരത്തിന് അനുകൂലമായ നിലപാടായിരുന്നു ജോർജ് സ്വീകരിച്ചതെന്ന ആക്ഷേപമുയർന്നിരുന്നു. ശ്രീജിത്ത് കസ്‌റഡി മരണക്കേസിൽ വ്യാപകമായ പ്രതിഷേധമുണ്ടായതിനെ തുടർന്ന് എ.വി ജോർജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എന്നാൽ സസ്പെൻഷൻ കാലാവധി തീരും മുൻപേ, മൂന്നര മാസത്തിനകം അനുകൂല റിപ്പോർട്ട് പോലുമില്ലാതെ 2018 മാർച്ചിൽ ജോർജിനെ സർവ്വീസിൽ തിരിച്ചെടുത്തു. ഒരു വർഷത്തിനുള്ളിൽ കുറ്റവിമുക്തനാക്കി ഉത്തരവുമിറക്കി.

അബ്ദുനാസർ മഅ്ദനിയുടെ ഒരു ദശകം നീണ്ട ജയിൽവാസത്തിനു കാരണമായ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ 1998 മാർച്ച് 31ന് അറസ്റ്റ് ചെയ്തത് അന്ന് കോഴിക്കോട് സിഐ ആയിരുന്ന എ.വി ജോർജാണ്. അന്നത്തെ കൊച്ചി പോലീസ് കമ്മീഷണറായ മുൻ ഡിജിപി ജേക്കബ് തോമസ് തെളിവില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചുനിന്നപ്പോഴാണ് എ.വി ജോർജ് എത്തി മഅ്ദനിയെ അറസ്റ്റ് ചെയ്തു കോഴിക്കോട്ടേക്കു കൊണ്ടുപോയത്.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ, ഫാദർ അലവി എന്നിവരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മഅ്ദനിയെ ഒന്നാം പ്രതിയാക്കിയത് ജോർജിന്റെ മൊഴി പ്രകാരമാണ്. ഇവരെ വധിക്കാൻ അത്യാധുനിക തോക്കുകൾ വാങ്ങിക്കുന്നതിനു മഅ്ദനി സഹായം നൽകിയിരുന്നുവെന്നാണ് എ വി ജോർജ് മാറാട് കമ്മീഷൻ മുമ്പാകെ നൽകിയിരുന്ന മൊഴി.

Read More >>