എന്തൊരു അധഃപതനമാണിത്!; മാതൃഭൂമിക്കെതിരെ വി.ടി ബൽറാം

ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ആർഎസ്എസ് നേതാവിന് ഗാന്ധിയെ അനുസ്മരിക്കാൻ മാതൃഭൂമി ഇടമൊരുക്കിയത്

എന്തൊരു അധഃപതനമാണിത്!; മാതൃഭൂമിക്കെതിരെ വി.ടി ബൽറാം

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനെതിരെ കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൽറാമിന്റെ വിമർശം. സമീപകാലത്തെ സംഘ് പരിവാർ ചായ് വുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും ഇത്ര ഇൻസെൻസിറ്റീവായ ഒരു സമീപനം തീരെ പ്രതീക്ഷിച്ചതല്ല. ഒരു പൂർണ്ണ കീഴടങ്ങലിന്റെ തുടക്കമാവാതിരിക്കട്ടെ എന്ന് വെറുതെയെങ്കിലും ആശിക്കുന്നുവെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ആർഎസ്എസ് നേതാവിന് ഗാന്ധിയെ അനുസ്മരിക്കാൻ മാതൃഭൂമി ഇടമൊരുക്കിയത്. ഗാന്ധിജിയെ സ്വന്തമാക്കാനുളള സംഘപരിവാർ ശ്രമങ്ങൾക്ക് ചൂട്ട് പിടിക്കുകയാണ് മാതൃഭൂമി എന്നാണ് വിമർശനം ഉയരുന്നത്. മാതൃഭൂമിയെ ബഹിഷ്‌കരിക്കാനുളള ആഹ്വാനം സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പല മുസ്ലിം വീടുകളിലും സിപിഎമ്മിന്റെ പ്രചരണം 'പ്രവാചകനെ നിന്ദിച്ച മാതൃഭൂമി പത്രത്തിന്റെ ഉടമ ഘടകകക്ഷി നേതാവായ മുന്നണിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കുക' എന്നതായിരുന്നു എന്ന് സാന്ദർഭികമായി ഓർത്തു പോവുകയാണ്. ഇപ്പോൾ അക്കൂട്ടർ എൽഡിഎഫ് ഘടകകക്ഷികളാണെന്നത് കൊണ്ടാവാം ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസ് നേതാവിനേക്കൊണ്ട് അനുസ്മരണക്കുറിപ്പെഴുതിക്കുന്ന മാതൃഭൂമിയുടെ അശ്ലീലത്തിനെതിരെ ആ നിലക്കുള്ള വിമർശനങ്ങളൊന്നും കാര്യമായി ഉയർന്നു കാണുന്നില്ല.

എന്നാലും എന്റെ മാതൃഭൂമീ, എന്തൊരു അധ:പതനമാണിത്! സ്വാതന്ത്ര്യ സമരത്തിന്റെ മുഖപത്രമെന്ന് അഹങ്കരിച്ചിരുന്നവർ, മഹാത്മാഗാന്ധി തങ്ങളുടെ ഓഫീസ് നേരിട്ട് സന്ദർശിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ ആവർത്തിച്ചിരുന്നവർ, കെപി കേശവമേനോനും കെ മാധവൻ നായരും കെ കേളപ്പനും കുറൂരും മറ്റ് നിരവധി സ്വാതന്ത്ര്യ സമര സേനാനികളും ചേർന്ന് സൃഷ്ടിച്ച പ്രൗഢമായ ചരിത്രത്തിൽ എന്നും അഭിമാനിച്ചിരുന്നവർ,.. സമീപകാലത്തെ സംഘ് പരിവാർ ചായ് വുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും ഇത്ര ഇൻസെൻസിറ്റീവായ ഒരു സമീപനം തീരെ പ്രതീക്ഷിച്ചതല്ല. ഒരു പൂർണ്ണ കീഴടങ്ങലിന്റെ തുടക്കമാവാതിരിക്കട്ടെ എന്ന് വെറുതെയെങ്കിലും ആശിക്കുന്നു.

ഇതിന്റെ പേരിൽ പത്രം ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനത്തോടൊപ്പമൊന്നും ഏതായാലും ഞാനില്ല, കാരണം സംഘ് പരിവാർ ജിഹ്വകൾക്കും നിലനിൽക്കാനുള്ള അവകാശം ഒരു ജനാധിപത്യമെന്ന നിലയിൽ നമ്മുടെ നാട്ടിലുണ്ടല്ലോ.

Next Story
Read More >>