ലൈഫ് പദ്ധതി: ഡിസംബറില്‍ രണ്ട് ലക്ഷം വീടുകള്‍ തയ്യാറാകും

കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം വീടുകള്‍ പണിയുന്ന സംസ്ഥാനമായി കേരളം

ലൈഫ് പദ്ധതി: ഡിസംബറില്‍ രണ്ട് ലക്ഷം വീടുകള്‍ തയ്യാറാകും

തിരുവനന്തപുരം: ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സ്വന്തമായി വീടു നിര്‍മ്മിച്ചു നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സംസ്ഥാനത്താകെ ഡിസംബര്‍ മാസത്തോടെ രണ്ട് ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയാകും. നിലവില്‍ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 1,03,644 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംസ്ഥാനമായി കേരളം മാറും. 85 ഭവനസമുച്ചയങ്ങള്‍ ഒരുക്കുന്നതില്‍ 14 പൈലറ്റ് പദ്ധതികളും, 14 കെയര്‍ ഹോം ഭവനസമുച്ചയങ്ങളുമാണ് നിര്‍മ്മിക്കുന്നത്. പൈലറ്റ് പദ്ധതികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് 2020 ആഗസ്റ്റിലും കെയര്‍ ഹോം ഭവനസമുച്ചയങ്ങള്‍ ഒക്ടോബറിലും പൂര്‍ത്തിയാക്കും.56 അധിക ഭവനസമുച്ചയങ്ങള്‍ക്കുള്ള ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള നടപടി ആരംഭിച്ചു.

കേരളത്തിലെ ഭൂരഹിതര്‍ക്കും, ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിടം ലഭ്യമാക്കുക എന്നതാണ് ലൈഫ് മിഷന്‍ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. സ്വന്തമായി തൊഴില്‍ ചെയ്ത് ജീവിക്കുക, സര്‍ക്കാര്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക,സാമൂഹിക പ്രക്രിയകളില്‍ സജീവമാകുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. മുകളില്‍പറഞ്ഞവരെ കൂടാതെ വാസയോഗ്യമല്ലാത്ത ഭവനമുള്ളവര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാകാത്തവര്‍, പുറംമ്പോക്കിലോ, തോട്ടം മേഖലയിലോ, തീരദേശമേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍ എന്നിവരാണ് പദ്ധതിയുടെ മറ്റ് ഉപഭോക്താക്കള്‍. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Read More >>