പ്രിയ അദ്ധ്യാപകരേ, അമൽനാഥിന്റെ ദക്ഷിണയായി ഈ വിജയം സ്വകരിച്ചാലും

അന്താരാഷ്ട്ര അബാക്കസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി മലയാളി വിദ്യാര്‍ത്ഥി

പ്രിയ അദ്ധ്യാപകരേ, അമൽനാഥിന്റെ ദക്ഷിണയായി ഈ വിജയം സ്വകരിച്ചാലും

ജമാല്‍ ചേന്നര

തിരൂർ: അദ്ധ്യാപകരുടെ സഹായത്തോടെ അന്താരാഷ്ട്ര അബാക്കസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് മിന്നും വിജയത്തോടെ മടക്കം. പുറത്തൂർ ​ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമൽനാഥാണ് നേട്ടം കൊയ്തത്. ഇന്നലെ രാത്രി ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ അമൽനാഥിനെ സഹപാഠികളും നാട്ടുകാരും ഇന്ന് ഘോഷയാത്രയോടെ വരവേറ്റു.

അമേരിക്ക ഉൾപ്പെടെയുള്ള 18 രാഷ്ട്രങ്ങളിൽ നിന്ന് പങ്കെടുത്തവരെ പിന്തള്ളിയാണ് അമൽനാഥിന്റെ നേട്ടം. 29നായിരുന്നു മത്സരം. യാത്രയ്ക്കും മറ്റുമുള്ള ചെലവ് വഹിക്കാൻ ശേഷിയില്ലാത്തതിനാൽ മത്സരത്തിൽ പങ്കെടുക്കാനുള്ള മോഹം ഒരുവേള അമൽനാഥ് ഉപേക്ഷിച്ചതായിരുന്നു. സംഭവം അറിഞ്ഞതോടെ സ്കൂളിലെ അദ്ധ്യാപകർ സഹായവുമായി രം​ഗത്തെത്തി. അമ്മ ശോഭ ജോലി ചെയ്യുന്ന ഓഫിസിലുള്ളവരും പിന്തുണ നൽകി. അതോടൊയാണ് മത്സരത്തിൽ പങ്കെടുക്കാനായത്. 25ന് യാത്ര തിരിച്ചു. 29നായിരുന്നു മത്സരം.

കഴിഞ്ഞ വർഷമാണ് പുറത്തൂർ കാവിലക്കാട്ടുള്ള അബാക്കസ് പരിശീലന കേന്ദ്രത്തിൽ അമൽനാഥ് ചേർന്നത്. ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ നേരത്തെ ഒന്നാമനായിരുന്നു. തുടർന്നാണ് അന്താരാഷ്ട്ര മത്സരത്തിന് അവസരം ലഭിച്ചത്. തന്റെ നേട്ടം അദ്ധ്യാപകർക്കും തന്നെ സഹായിച്ചവർക്കുമായി സമർപ്പിക്കുകയാണ് അമൽനാഥ്.

തൃത്തല്ലൂർ സ്വദേശി പള്ളിലവളപ്പിൽ സുനിൽകുമാർ- ചേന്നര സ്വദേശിനി ശോഭ ദമ്പതികളുടെ ഏകമകനാണ് അമൽനാഥ്. സുനിൽകുമാർ നിർമാണ തൊഴിലാളിയാണ്. ശോഭ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഓഫിസിൽ ജോലി ചെയ്യുന്നു. ട്രിക്സ് വേൾഡ് അബാക്കസ് കേന്ദ്രത്തിലെ ടി.സലാഹുദീൻ, ജെസീന എന്നിവരാണ് പരിശീലകർ.

Next Story
Read More >>