ജൂതത്തെരുവിന്റെ വിളക്കണഞ്ഞു

വർഷങ്ങൾക്കുമുൻപ് തന്നെ വൈകുന്നേരങ്ങളിൽ എല്ലാവരും സാറ ആന്റിയുടെ വീട്ടിൽ കൂടുന്നത് പതിവാണ്. സാറയുടെ ദത്തുപുത്രൻ താഹ പറയുന്നു

ജൂതത്തെരുവിന്റെ വിളക്കണഞ്ഞു

തസീബ് പി റഫീക്ക്

മട്ടാഞ്ചേരി ജൂതത്തെരുവിലെ 'ശാലോമിന്റെ' പൂമുഖത്ത് നിന്നും ശവമഞ്ചം വൻ ജനാവലിയുടെ അകമ്പടിയോടെ ജൂതശ്മശാനത്തിലേക്കെത്തിച്ചേർന്നു. വെയിലിന്റെ കാഠിന്യം അസ്ഥിരമായി നിന്നു. മഴ ഇടവിട്ട് പെയ്തുകൊണ്ടിരുന്നു. പ്രപഞ്ചമൊന്നാകെ ആ ഖബറിലേക്കെത്തി നോക്കുന്നതായി തോന്നി. പതിറ്റാണ്ടുകളായി 'കിപ്പകൾ' (തൊപ്പി) നെയ്ത ജൂത മുത്തശ്ശിയുടെ ഖബറിന് മുന്നിൽ ഇസ്രയേയിൽ നിന്നും കടൽകടന്നെത്തിയ ആ കത്ത് വായിക്കപ്പെട്ടു. 'പ്രിയപ്പെട്ട സാറാ ആന്റി. വിട ചൊല്ലുന്നു. ജൂതത്തെരുവിന്റെ വിളക്കണഞ്ഞിരിക്കുന്നു. പരദേശി ജൂതന്മാർക്കിടയിൽ നിങ്ങളൊരു താരമായിരുന്നു. എന്റെ അമ്മ ഹണിയുടെ പക്കൽ നിന്നും നിങ്ങളെന്നെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നാൾ മുതൽ ഞാൻ നിങ്ങളെ 'ഉമ്മ'യെന്നാണ് വിളിച്ചിരുന്നത്. നിങ്ങൾക്ക് മരണമില്ലായിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. ദൂരത്താണെങ്കിലും എന്റെ ഹൃദയം എപ്പോഴും അവിടെയായിരുന്നു. ആന്റിയുടെ മരണാനന്തര ചടങ്ങിൽ എനിക്കെത്തിച്ചേരാനാവില്ല. പകരം ഞാൻ എന്റെ മകന്റെ കയ്യിൽ ഈ സന്ദേശം കൊടുത്തയക്കുന്നു... എന്ന് സ്വന്തം ബെക്കി.' മുംബയിലെ ജ്യുവിഷ് കോൺസുലേറ്റ് തലവൻ യാക്കോവ് ഫിൻകെൽസ്റ്റീൻ അമ്മ കൊടുത്തയച്ച കത്ത് ചുരുക്കി മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

'സാറ ആന്റിയുടെ സൗഹൃദം എപ്പോഴും എല്ലാവരെയും ഒന്നിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇവിടെ നമ്മളെ എല്ലാവരെയും ഒന്നിപ്പിക്കുന്നതും സാറ ആന്റിയാണ്.' ദത്തുപുത്രൻ താഹ ഇബ്രാഹിം എല്ലാവരോടുമായി പറഞ്ഞു. 'ലെറ്റ്‌സ് ബിഗിൻസ് ഓഫ് ഫില്ലിംഗ് ദി ഗ്രേവ്.' വിതുമ്പിയ താഹയെ ആശ്ലേഷത്താൽ സമാധാനിപ്പിച്ചതിനുശേഷം ജൂത പുരോഹിതൻ എല്ലാവർക്കുമായി നിർദ്ദേശം നൽകി. ആ ജൂത സെമിത്തേരിയിൽ നാനാ മതവിഭാഗങ്ങളുടെ ദുഃഖം പെരുമഴയായി പെയ്തിറങ്ങി. ബൗദ്ധിക ശരീരം മണ്ണിലേക്ക് പതുക്കെ താഴ്ത്തപ്പെട്ടു. 97 വയസ്സ് പൂർത്തിയാവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സാറ കോഹെൻസ് യാത്രയായി. കേരളത്തിൽ ജീവിച്ചിരുന്ന തലമുതിർന്ന- അവസാന ജൂത സ്ത്രീ തന്റെ പ്രിയതമന്റെ ശവകുടീരത്തിനു വലതുവശത്തായി ചരിത്രത്തിൽ കുതിർന്ന മണ്ണിൽ അന്തിയുറങ്ങും.

സാറ ജേക്കബ് കോഹെൻ

1923 സെപ്റ്റംബർ നാലിനു മട്ടാഞ്ചേരിയിലെ ജൂത സമൂഹത്തിൽ ജനിച്ചു. കൊച്ചി കപ്പലണ്ടിമുക്കിലെ ജ്യുവിഷ് സ്‌കൂളിൽ നാലാം ക്ലാസ് പഠനം പൂർത്തിയാക്കി. തുടർപഠനത്തിനായി എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിൽ ചേർന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കുന്നതിനോടൊപ്പം തയ്യലും വശത്താക്കി. സാങ്കേതികമായി തയ്യൽ പഠിച്ചെങ്കിലും അന്ന് കൊച്ചിയിൽ ജൂത വിവാഹങ്ങൾക്ക് ഗൗണുകളും മറ്റും തുന്നി നൽകിയിരുന്ന രാമച്ചി മുത്തിയാണ് തയ്യലിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത്. കൊച്ചു സാറ വളർന്ന് സുന്ദരിയായ ഒരു യുവതിയായി.


പല ചെറുപ്പക്കാരും വിവാഹാഭ്യർത്ഥനകൾ നടത്തി. ഒരു ജൂത ഡോക്ടറുടെ വിവാഹാലോചനയിൽ വീട്ടുകാർ പിടിമുറുക്കി. എന്നാൽ ജേക്കബ് കോഹെൻ എന്ന ചെറുപ്പക്കാരനോടുള്ള തന്റെ പ്രണയം തുറന്നു പറയുകയും ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹം സഫലമാക്കുകയും ചെയ്തു. 1942ൽ ഇരുവരും വിവാഹിതരായി. ഇൻകം ടാക്സ് ഓഫീസറായി വിരമിച്ച ജേക്കബ് കോഹെൻസ് 1999ൽ വിടവാങ്ങിയതോടെ അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന ആ ദാമ്പത്യത്തിനു മീതെ തിരശ്ശീല വീണു. ശേഷം കഴിഞ്ഞ 30 വർഷമായി തന്റെ ദത്തുപുത്രന്റെയും പരിചാരകരുടെയും സഹായത്തോടെ വീടിനോടു ചേർന്നുള്ള സാറാസ് ഹാൻഡ് എംബ്രോയിഡറി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. 2019 ഓഗസ്റ്റ് 30ന് സാറ കൊഹെൻ ചരിത്രത്തിന്റെ താളുകളിലേക്കു മറഞ്ഞു.

സാറാസ് ഹാൻഡ് എംബ്രോയിഡറി

1947ൽ അഞ്ചാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ജേക്കബ് കൊഹെൻ തന്റെ പ്രിയതമയോട് സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചു. ഒരു തയ്യൽ മെഷീൻ വേണമെന്ന് സാറ ആന്റി പറഞ്ഞു. വിദേശത്ത് നിന്ന് കപ്പൽ മാർഗം നല്ലൊന്നാന്തരമൊരു തയ്യൽ മെഷീൻ കൊച്ചി തുറമുഖത്തെത്തി. സാറയ്ക് സമ്മാനിക്കപ്പെട്ടു. സാറാസ് ഹാൻഡ് എംബ്രോയിഡറിയെന്ന സ്ഥാപനത്തിന്റെ ചരിത്രം അവിടെയാരംഭിച്ചുവെന്ന് പറയാം. പലതരം 'കിപ്പകളും' (ജൂത തൊപ്പി) ടേബിൾ റണ്ണറുകളും അലങ്കാര വസ്ത്രങ്ങളും അവിടെ ജന്മം കൊണ്ടു.

ആദ്യകാലങ്ങളിൽ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വീട്ടിൽ തന്നെ ഉൽപന്നങ്ങൾ ഉണ്ടാക്കി നല്കുകയായിരുന്നു. പിന്നീട് ഒരു വാണിജ്യ സ്ഥാപനത്തിന്റെ പൂർണ രൂപം പ്രാപിച്ചത് 1980- 82 കാലഘട്ടത്തിലാണ്. ഭർത്താവ് ജേക്കബ് കോഹെൻ സാറയുടെ എല്ലാ ആഗ്രഹങ്ങൾക്കും പിൻബലം നൽകി. സാറാ ആന്റി തയ്ക്കുന്ന ജൂത വിവാഹങ്ങൾക്കാവശ്യമായ ഗൗണുകൾക്കും മരണാനന്തര ചടങ്ങുകൾക്കാവശ്യമായ വസ്ത്രങ്ങളും ആവശ്യക്കാരേറി വന്നു. കൊച്ചി കാണാൻ എത്തുന്ന വിദേശികൾ, പ്രത്യകിച്ചും ഇസ്രായേലുകാർ മിത്രങ്ങൾക്ക് സമ്മാനം നൽകുന്നതിനായി ഇവിടെ നിന്നും വസ്ത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും വാങ്ങികൊണ്ടുപോകുന്നത് പതിവായി. അങ്ങനെ മട്ടാഞ്ചേരിക്കാരി ജൂത വനിതയുടെ കരവിരുത് കടൽകടന്ന് ഭൂഖണ്ഡങ്ങൾ സഞ്ചരിച്ചു.

ജ്യുവിഷ് യൂണിവേഴ്‌സിറ്റിയും സാറയും സൗഹൃദങ്ങളും

പ്രായഭേദ?മന്യേ സാറ ആന്റി എല്ലാവർക്കും നല്ലൊരു സുഹൃത്തായിരുന്നു. സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോടും പരിചാരകരോടും നല്ല സൗഹൃദം പുലർത്താൻ സാറയ്ക്കു സാധിച്ചിരുന്നു. മട്ടാഞ്ചേരിയിലെ എല്ലാ പ്രായക്കാർക്കും സാറ കോഹെൻ സാറ ആന്റിയായി. സാറയുടെ അടുത്തെത്തിയവരിൽ പലരും മരണം വരെ സാറയുടെ കൂടെയുണ്ടായിരുന്നു. സാറയെക്കുറിച്ചുള്ള ഓർമകളിൽ എല്ലാവരും വാചാലരാകുകയായിരുന്നു. 'എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറുകയൊള്ളു. സഹോദരൻ ശാലോമിനെ ഭയങ്കര ഇഷ്ടമായിരുന്നു. ഈ വീടിന്റെ പടിയിൽ നിന്ന് വീണ് പരിക്ക് പറ്റിയാണ് ശാലോം മരിച്ചത്.' പതിനെട്ടു വർഷമായി സാറയുടെ പരിചാരികയായിരുന്ന സെലിൻ പറയുന്നു. 'കരകൗശല വസ്തുക്കളുണ്ടാക്കുന്നതിൽ പ്രത്യേക പ്രാവീണ്യം സാറയ്ക്കുണ്ടായിരുന്നു. ഹാർബറിൽ നിന്നും മീനിന്റെ ചിദംബലെടുത്ത് ഡെറ്റോൾ ഇട്ടു കഴുകി നിറങ്ങൾ കൊടുത്ത് കാർബോർഡിൽ അതേ രൂപത്തിൽ ഒട്ടിച്ചുവെയ്ക്കും. ആ ഉൽപന്നത്തിനായിരുന്നു ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. ആ മീനുകളെ കണ്ടാൽ ശെരിക്കും ജീവനുള്ളതുപോലെ തോന്നും.' സാറയുടെ സുഹൃത്ത് ഷെല്ലി പറയുന്നു.

വർഷങ്ങൾക്കുമുൻപ് തന്നെ വൈകുന്നേരങ്ങളിൽ എല്ലാവരും സാറ ആന്റിയുടെ വീട്ടിൽ കൂടുന്നത് പതിവാണ്. സാറയുടെ ദത്തുപുത്രൻ താഹ പറയുന്നു. എല്ലാ ദിവസവും വൈകിട്ട് ജോലിയെല്ലാമൊതുക്കി കഴിഞ്ഞാൽ അഞ്ച് മണിയോടെ ചീട്ടുകളി തുടങ്ങും. അക്കൂട്ടത്തിൽ വക്കീലന്മാരും ഡോക്ടർമാരും എൻജിനിയർമാരും വരെ ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ആ സദസ്സിനെ ജ്യുവിഷ് യൂണിവേഴ്സിറ്റി എന്നാണ് വിളിച്ചിരുന്നത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഞാൻ പലതും പഠിച്ചത് അവിടെ നിന്നാണ്.

സാറായും താഹയും

1982 കാലഘട്ടത്തിലാണ് സ്റ്റാമ്പ് കാർഡ് വ്യാപാരിയായി താഹയെന്ന 14കാരൻ ജൂതത്തെരുവിലെത്തുന്നത്. തെരുവ് കച്ചവടക്കാരനായ ബാലനോട് ആദ്യം അനുകമ്പ കാണിച്ചത് ജേക്കബ് കോഹെൻ ആയിരുന്നു. ജൂത തെരുവിൽ പുറത്ത് നിന്ന് ഒരാൾ കച്ചവടം നടത്തുന്നത് പലരും എതിർത്തിരുന്നു.

എന്നാൽ, കച്ചവടത്തിന് ശേഷം ബാക്കിയാകുന്ന പോസ്റ്റ് കാർഡ് ഭദ്രമായി വെയ്ക്കാൻ ജേക്കബ് താഹയ്ക്ക് ആ വീട്ടിൽ ഒരിടം നൽകി. എന്നാൽ അത് സാറ അറിഞ്ഞിരുന്നില്ല. അങ്ങനെ അടുത്ത ദിവസം ആ വീട്ടിൽ നിന്നും വില്പനയ്ക്കുള്ള സ്റ്റാമ്പ് കാർഡ് എടുക്കാൻ കയറിയ താഹയോട് സാറ നീരസം പ്രകടിപ്പിച്ചു. പിന്നാലെ ജേക്കബും എത്തി. പോസ്റ്റ് കാർഡുകൾ വെയ്ക്കാൻ താനാണ് അനുവാദം നല്കിയതെന്നറിയിച്ചു. തുടർന്ന് അതേ ചൊല്ലി സാറയും ജേക്കബും ഇംഗ്ലീഷിൽ പരസ്പരം വാക്കുതർക്കത്തിലേർപ്പെടുന്നത് ആ പതിനാലുകാരൻ കണ്ണും മിഴിച്ചു നോക്കി നിന്നു. 'പക്ഷെ പിന്നീട് ഞാൻ ആ കുടുംബത്തിലെ ഒരു അംഗമായി മാറി.

ഒരു മകനായി ഇരുവരുമെന്നെ സ്നേഹിച്ചു.' താഹ പറയുന്നു. ജേക്കബ് അങ്കിൾ മരിക്കുന്നതിന് മുൻപ് ഒരു ദിവസം എന്നെ അടുത്ത് വിളിച്ചു, അങ്കിളിന്റെ മരണശേഷം സാറയെ ഭദ്രമായി നോക്കണമെന്നാവശ്യപ്പെട്ടു. സാറ ആന്റിയെയും ആ സ്ഥാപനവും എന്നെ ഏല്പിച്ചു. 'ജാതി മത ഭേദമന്യേ എല്ലാ മനുഷ്യരെയും ഒന്നായിക്കാനാണ് എന്നെ പഠിപ്പിച്ചത് സാറാ ആന്റിയാണ്. ലോകത്ത് ജൂതന്മാരും മുസ്ലിംകളും തമ്മിൽ തല്ലാണെന്നു പറയുമ്പോഴും ഒരു ജൂത ദമ്പതികൾ ഒരു മുസ്ലിം യുവാവിനെ ദത്തെടുത്തതും സ്വത്ത് വകകൾ പോലും എഴുതി കൊടുത്തതും ഇത് ലോകത്തിന് തന്നെ മാതൃകയാണ്.

മട്ടാഞ്ചേരിക്കാർ ഉള്ള് കൊണ്ട് സ്നേഹം മാത്രമുള്ളവരാണ്.' താഹ കൂട്ടിച്ചേർത്തു. താഹയുടെ ഭാര്യയും ജാസ്മിനും സാറയുടെ വളരെയധികം ആത്മബന്ധം പുലർത്തിയിരുന്നു. സ്ത്രീകൾ ചെയ്യേണ്ടിയിരുന്ന മരണാന്തര ചടങ്ങുകൾ ചെയ്തതും ജാസ്മിനായിരുന്നു. സാറ ആന്റിയുടെ വീട് ഒരു മ്യുസിയമാക്കിമാറ്റാനാണ് താഹയുടെ തീരുമാനം. സൽമാൻ, സുഹൈൽ, ഷിഹാസ് എന്നിവരാണ് താഹയുടെ മക്കൾ.

സാറയെന്ന സാമൂഹിക പ്രവർത്തകയും മാതൃകയും

സാറയുടെ ഉടമസ്ഥതിയിലുണ്ടായിരുന്ന സാറ ഹാൻഡ് എംബ്രോയിഡറി എന്ന സ്ഥാപനം ഒരു തികഞ്ഞ വ്യാപാര സ്ഥാപനമായിരുന്നു എന്ന് പറയാനാകില്ല. അതൊരു സാമൂഹിക സേവനം കൂടിയായിരുന്നു. ചെറിയ ലാഭം മാത്രമാണ് കച്ചവടത്തിലൂടെ ലക്ഷയം വെച്ചിരുന്നത്. മട്ടാഞ്ചേരിയിലെ കോടികൾ വിലമതിക്കുന്ന ആ കെട്ടിടം വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്ത് സാറയ്ക്ക് ആഡംബരമായി ജീവിക്കാമായിരുന്നു. എന്നാൽ ലളിത ജീവിതം നയിച്ച് സാറ എല്ലാവർക്കും മാതൃകയായി. വലിയ ഓർഡറുകൾ ലഭിക്കുമ്പോൾ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി ആന്ധ്രയിൽ ഒരു യൂണിറ്റ് ഉണ്ടെങ്കിലും തോപ്പുംപടിയിലെ

സ്ത്രീകൾ നടത്തുന്ന കോൺവെന്റിനും ഓർഡറുകളുടെ ഒരു ഭാഗം വീതിച്ച് നൽകിയിരുന്നു. കോൺവെന്റിൽ എല്ലാ വർഷവും നടത്തുന്ന ഓണാഘോഷത്തിൽ സാറയും മുടങ്ങാതെ പങ്കെടുത്തിരുന്നു. ചോക്ലേറ്റുകൾ വിതരണം ചെയ്യുമായിരുന്നു. എന്നാൽ ചൊവ്വാഴ്ച നടന്ന ഓണാഘോഷത്തിൽ പതിവ് തെറ്റിയ്ക്കാതെ ചോക്ലേറ്റുകൾ വിതരണം ചെയ്തു. സാറാ ആന്റിയ്ക്കുപകരം വളർത്തുമകൻ താഹയാണ് ചോക്ലേറ്റുകളുമായി എത്തിയത്.

Story by
Next Story
Read More >>