വൃക്കയിലെ കല്ല് എങ്ങനെ തടയാം?

അസഹ്യമായ വയറുവേദന, മൂത്രത്തിലൂടെ രക്തം പുറത്ത് വരുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, നീറ്റല്‍, ഛര്‍ദ്ദി എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. കൊടും ചൂട് സമയത്ത് വൃക്കയില്‍ കല്ല് വരുന്നതില്‍ നിന്നും നമ്മുടെ ശരീരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെന്തൊക്കെയെന്ന് നോക്കാം

വൃക്കയിലെ കല്ല്   എങ്ങനെ തടയാം?

മൂത്രക്കല്ല്‌,വൃക്കയിലെ കല്ല് എന്നിവ ഇന്ന്‌ സാ­ധാരണ രോഗമായി മാറിക്കഴിഞ്ഞു. ശരീരത്തില്‍ നിര്‍ജ്ജലീകരണം കൊണ്ടുണ്ടാവുന്ന അസുഖമാണിത്. അസഹ്യമായ വയറുവേദന, മൂത്രത്തിലൂടെ രക്തം പുറത്ത് വരുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, നീറ്റല്‍, ഛര്‍ദ്ദി എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. കൊടും ചൂട് സമയത്ത് വൃക്കയില്‍ കല്ല് വരുന്നതില്‍ നിന്നും നമ്മുടെ ശരീരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെന്തൊക്കെയെന്ന് നോക്കാം.

1) ധാരാളം വെള്ളം കുടിക്കുക

കല്ലിന്റെ അസുഖത്തില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ടത് ധാരാളം െവള്ളം കുടിക്കുക എന്നതാണ്. ദിവസം ഒരു ലിറ്റര്‍ മൂത്രമെങ്കിലും ശരീരത്തില്‍നിന്നു പുറത്തു പോകണം.

2) നാരങ്ങാ വെള്ളം

വേനല്‍ കാലത്ത് നാരങ്ങാ വെള്ളം ധാരാളമായി കുടിക്കുക. ഇത് വൃക്കയില്‍ കല്ലുണ്ടാകുന്നത് തടയും.ഒപ്പം വയറിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും.

3) സോഡ ഒഴിവാക്കുക

ഓക്‌സിലേറ്റിന്റെ അളവ് കൂടുതലുള്ള പാനിയങ്ങള്‍ ഈസമയം ഒഴിവാക്കുന്നതും നല്ലതാണ്. സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്‌ട്രോബെറി, നട്‌സ് എന്നിവ ഇതില്‍ പെടും. ഇവയെല്ലാം ചൂടു കാലത്ത് അധികമായി കഴിക്കുന്നത് ഒഴിവാക്കണം.

4) കഫീന്‍

ചായ, കാപ്പി എന്നിവ ഒഴിവാക്കുക. കഫീനിന്റെ ആധിക്യം നിര്‍ജ്ജലിനീകരണത്തിന് കാരണമാകും.

5) ഉപ്പ് കുറയ്ക്കുക

ചൂട് സമയത്തുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഉപ്പ് കുറച്ച് ഉപയോഗിക്കുക. ഇത് സ്റ്റോണിന്റെ പ്രശ്‌നങ്ങള്‍ മൂര്‍ച്ചിപ്പാക്കാതിരിക്കാന്‍ സഹായിക്കും.

6) ശരിയായ അളവിലുള്ള ഭക്ഷണം

മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ചൂട് സമയത്ത് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ അടങ്ങിയിരിക്കുന്ന പ്യൂരിന്‍ എന്ന പ്രകൃതിദത്ത പദാര്‍ത്ഥം ദഹനസമയത്ത് യൂറിക് ആസിഡായി പരിണമിക്കുന്നു, അത് കിഡ്‌നി സ്റ്റോണിന് കാരണമാകും.

കിഡ്‌നിയില്‍ കല്ലുള്ള രോഗികള്‍ ദിവസം ഒരു ലിറ്റര്‍ നാരങ്ങ, ഓറഞ്ച് ജ്യൂസുകള്‍ കുടിക്കുന്നത് നല്ലതാണ്. ഇവയിലുള്ള സിട്രേറ്റ് കല്ലുകളുണ്ടാവുന്നത് തടയാന്‍ സഹായിക്കും.

എന്താണ് മൂത്രക്കല്ല്

ഉപ്പും മിനറല്‍സും കട്ട പിടിച്ച് മൂത്രത്തില്‍ ചെറിയതരം കല്ല് രൂപപ്പെടുന്നു. പിന്നീടത് വളര്‍ന്ന് വ­ലിയ കല്ലുകളായി മാറുന്നു. ഇതിനെയാണ് കിഡ്‌നി സ്റ്റോ­ണ്‍ എന്നു പറയുന്നത്. ഈ സ്‌റ്റോണ്‍ കിഡ്‌നിയില്‍ തന്നെ ഇരിക്കാം, അല്ലെങ്കില്‍ മൂത്രാശയത്തില്‍ നിന്നും കിഡ്‌നിയിലേക്ക് സഞ്ചരിച്ചുക്കൊണ്ടിരിക്കാം. ഇത്തരം അവസരങ്ങളില്‍ നല്ല വേദന അനുഭവപ്പെടാം. അല്ലെങ്കില്‍ മറ്റ് ലക്ഷണങ്ങള്‍ കാണിക്കാം.

കല്ല് ഉണ്ടാകുന്നത് എങ്ങനെ

ഒന്നില്‍ കൂടുതല്‍ കാരണങ്ങള്‍കൊണ്ട് മൂത്രക്കല്ല് ഉണ്ടാവാം. ജനിതക ഘടകങ്ങള്‍, ആഹാരരീതി, കാലാവസ്ഥ, പരിസ്ഥിതി, വെള്ളം കുടിക്കുന്നതിലെ കുറവ്, ശാ­രീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, രോഗങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാവാറുണ്ട്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നതാണ് മൂത്രക്കല്ലുണ്ടാവുന്നതിന് ഒരു പ്രധാന കാരണമാവുന്നത്. ശരീരത്തില്‍ വെള്ളത്തിന്റെയും ഉപ്പിന്റെയും മിനറല്‍സിന്റെയും സ്ഥിരതയില്ലായ്മയാണ് പലപ്പോഴം വില്ലനാവുന്നത്.

രക്തത്തില്‍നിന്ന് മാലിന്യങ്ങള്‍ അരിച്ചുനീക്കുന്നത് വൃക്കകളാണ്. രക്തത്തില്‍നിന്ന് വലിച്ചെടുക്കുന്ന മാലിന്യങ്ങള്‍ വെള്ളത്തില്‍ അലിയിച്ചാണ് പുറത്തു കളയുന്നത്. മൂത്രത്തില്‍ ഇത്തരത്തില്‍ സാധാരണ കാണുന്ന ഘടകങ്ങളാണ് കാത്സ്യം, ഓക്‌സലൈറ്റ്, യൂറിക് ആസിഡ്, ഫോസ്‌ഫേറ്റ് തുടങ്ങിയവ. വെള്ളത്തിന്റെ അംശം കുറഞ്ഞാല്‍ മൂത്രത്തില്‍ ഇവയുടെ സാന്ദ്രത കൂടും. ഇവ മൂത്രത്തില്‍ ലയിക്കാതിരുന്നാല്‍ ചെറിയ തരികള്‍ രൂപപ്പെടും. അവ പരലുകളായി അടിയും. ഇവ തമ്മില്‍ ഒട്ടിച്ചേര്‍ന്നോ കൂടുതല്‍ വസ്തുക്കള്‍ അടിഞ്ഞുകൂടിയോ കല്ലുകളായി മാറുന്നു.

എങ്ങനെ തിരിച്ചറിയാം

അസഹ്യമായ വേദനയാണ് പ്രധാന ലക്ഷണം. കിഡ്‌നി സ്റ്റോണ്‍ മൂത്രസഞ്ചിയില്‍ നിന്നും കിഡ്‌നിയിലേക്ക് ചലിക്കുമ്പോഴാണ് ഇത്തരം കഠിനമായ വേദന ഉണ്ടാകുന്നത്. മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത് മറ്റൊരു ലക്ഷണമാണ്.

മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം. മൂത്രത്തില്‍ രക്തം കണ്ടാല്‍ പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. ഇത് അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. കോശങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതോടെ തളര്‍ച്ച അനുഭവപ്പെടാം.

ചികിത്സ

വയറിന്റെ വശങ്ങളില്‍ നിന്ന് വേദന അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ ഡോക്ടറെ കാണുക. പാരമ്പര്യമായി കുടുംബത്തിലെ ആര്‍ക്കെങ്കിലും മുമ്പ് ഇത്തരം രോഗം ഉണ്ടായിട്ടുണ്ടോ എന്ന് അറിഞ്ഞിരിക്കുക. ഉണ്ടെങ്കില്‍ രക്ത പരിശോധന നടത്തുക.

വയറിന്റെ സ്കാൻ എടുത്താൽ കല്ലുണ്ടെങ്കില്‍ എളുപ്പത്തിൽ മനസിലാവും.

ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് വീട്ടില്‍ നിന്നുതന്നെ കല്ലിനെ അതിജീവിക്കാം. വേദന അകറ്റാന്‍ ഗുളിക കഴിക്കാം. ധാരാളം വെള്ളം കുടിക്കുക. ഹോമിയോപ്പതി ഔഷധങ്ങൾ ഓപ്പറേഷൻ കൂടാതെ തന്നെ കല്ല് പൊടിച്ച് പുറത്തുകളയാൻ വളെരെ ഫലം ചെയ്യുന്നതാണ്.

Read More >>