'' മാ കീ രസോയി'' കാരുണ്യത്തിൻെറ വേറിട്ട വഴി

ലുധിയാനയിലെ ആർ.എസ് സ്‌കൂളിലെ 4100 കുട്ടികളും 160 അദ്ധ്യാപകരും ഇതിൽ പങ്കാളികളാണ്. ഭക്ഷണം ആവശ്യമുള്ളവർക്ക് ഈ കുട്ടികൾ വീട്ടിൽ നിന്നു പാകം ചെയ്ത് എത്തിക്കും

 മാ കീ രസോയി കാരുണ്യത്തിൻെറ വേറിട്ട വഴി

നാം ജനിക്കുന്നത് ഒന്നുമില്ലാതെയാണ്. മരിക്കുമ്പോഴും നാം ഒന്നും കൊണ്ടുപോവുന്നില്ല. അപ്പോൾ നമ്മുടെ അത്രപോലും സമ്പത്തോ ജോലിയെടുക്കാൻ ആരോഗ്യമോ ഇല്ലാത്തവരെ സഹായിക്കുന്നതിൽ എന്താണു തെറ്റ്. നാം അതിൽ സന്തോഷം കണ്ടെത്തണം. എങ്കിൽ മാത്രമേ ഇത്രയുംനാൾ ജീവിച്ചുവെന്നതിന് അർത്ഥമുള്ളൂ- പഞ്ചാബ് ലുധിയാനയിലെ മനീന്ദർപൽ സിങ്ങിന്റെ വാക്കുകളാണിവ. കഴിഞ്ഞ സെപ്തംബറിലാണ് മനീന്ദർ എൻ.ജി.ഒാ സംഘടനയായ റെ ഓഫ് പോസിറ്റിവിറ്റിക്കു കീഴിൽ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ്, ശ്രീകൃഷ്ണ ചാരിറ്റബിൾ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിൽ വീട്ടിൽ പാകംചെയ്ത ഭക്ഷണം സൗജന്യമായി എത്തിക്കാൻ തുടങ്ങിയത്.

ഭക്ഷണം പങ്കുവയ്ക്കുന്നതിലൂടെ തനിക്കുകിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നു മനീന്ദർ പറയുന്നു. മാ കീ രസോയി എന്നാണ് ഇവർ ഈ സംഘടനയിലൂടെ ഉദ്ദേശിക്കുന്നത്. അതായത് അമ്മയുടെ അടുക്കള. ലുധിയാനയിലെ ആർ.എസ് സ്‌കൂളിലെ 4100 കുട്ടികളും 160 അദ്ധ്യാപകരും ഇതിൽ പങ്കാളികളാണ്. ഭക്ഷണം ആവശ്യമുള്ളവർക്ക് ഈ കുട്ടികൾ വീട്ടിൽ നിന്നു പാകം ചെയ്ത് എത്തിക്കും. ദിവസേന 10000ചപ്പാത്തി വിതരണം ചെയ്യാൻ ഇവർക്ക് സാധിക്കുന്നുണ്ട്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പിന്തുണയ്ക്കാൻ ആൾക്കാർ വരുമെന്നു പറയുന്നത് ശരിവയ്ക്കുന്നതാണ് ഇവര്‍ക്കു ലഭിക്കുന്ന പിന്തുണ കാട്ടിത്തരുന്നത്.

ലുധിയാനയിലെ നിരവധി ധാബകളും ഹോട്ടലുകളും ഇവർക്കൊപ്പം സഹായവുമായി എത്തിയിട്ടുണ്ട്. ചപ്പാത്തിക്കൊപ്പം ചായ നൽകുന്നത് ധാബാക്കാരാണ്. അവരുടെ ഈ സഹായം തങ്ങളെ അതീവ സന്തോഷവാന്മാരാക്കുന്നുവെന്നു സംഘാടകർ പറയുന്നു. കുട്ടികൾക്കായി ശുദ്ധമായ പശുവിൻ പാലും റേ ഓഫ് പോസിറ്റീവ് നൽകുന്നുണ്ട്. എന്നാൽ എല്ലാവരുടേയും സഹായം സ്വീകരിക്കാൻ ഒരുക്കമല്ല ഇവർ. സഹായിക്കുമെന്ന വ്യാജേനെ പ്രശസ്തി ആഗ്രഹിക്കുന്നവരിൽ നിന്നു ഇവര്‍ സഹായം സ്വീകരിക്കില്ല. അവർ എത്രതന്നെ പണം നൽകിയാലും തങ്ങള്‍ക്കതു വേണ്ടെന്നും സംഘടന അറിയിക്കുന്നു.

ഏതൊരു പുതിയ കാര്യവും കുട്ടികൾ വേഗം മനസ്സിലാക്കിയെടുക്കും. പച്ചയായ ജീവിതം അവർ കണ്ടു പഠിക്കുന്നു, മനസ്സിലാക്കുന്നു. ഇതൊക്കെ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും- മനീന്ദർ പറയുന്നു. മനീന്ദറിന്റെ ഭാര്യയും കുട്ടികളും അദ്ദേഹത്തിനു പിന്തുണയുമായി കൂടെയുണ്ട്. ഭക്ഷണം മാത്രമല്ല ആവശ്യക്കാർക്ക് വസ്ത്രവും ചെരുപ്പുകളും ഇവർ നൽകുന്നു.Read More >>