എ.അയ്യപ്പന്‍ പുരസ്ക്കാരവിതരണം വ്യാഴാഴ്ച്ച

എട്ടാമത് അയനം - എ.അയ്യപ്പന്‍ കവിതാ പുരസ്ക്കാരം വ്യാഴാഴ്ച്ച കവി കെ വി ബേബിക്ക് സമ്മാനിക്കും.

എ.അയ്യപ്പന്‍ പുരസ്ക്കാരവിതരണം വ്യാഴാഴ്ച്ച

തൃശ്ശൂർ : എട്ടാമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം കവി കെ.വി ബേബിക്ക് വ്യാഴാഴ്ച്ച സമ്മാനിക്കും. ഡിസംബര്‍ 20-ന് വൈകിട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന പരിപാടിയില്‍ കവി കുരീപ്പുഴ ശ്രീകുമാറാണു പുരസ്ക്കാരം നല്‍കുക. അയനം ചെയര്‍മാനും എഴുത്തുകാരനുമായ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായിരിക്കും.

കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച കെ.വി ബേബിയുടെ കവിതകള്‍ എന്ന പുസ്തകമാണു അയപ്പന്‍ പുരസ്ക്കാരത്തിനു കെ വി ബേബിയെ അര്‍ഹനാക്കിയത് . 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കുരീപ്പുഴ ശ്രീകുമാര്‍, പി.എന്‍ ഗോപീകൃഷ്ണന്‍ , കെ. ഗിരീഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

ഒരു പ്രസ്ഥാനത്തിനും അടിപ്പെടാതെ സ്വന്തം വ്യക്തിത്വം കവി കവിതകളില്‍ കാത്തുസൂക്ഷിക്കുവന്നു. ലൗകികമായ ഒരനുഭവത്തിലൂടെ മനസ്സുണര്‍ത്തി അതിലേക്ക് ആത്മീയമായ ആശയം പ്രക്ഷേപിക്കുന്ന ആവിഷ്‌കാരരീതി ബേബിയുടെ കവിതകളെ സവിശേഷമാക്കുന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.

വിജയലക്ഷ്മി,പി.എൻ.ഗോപികൃഷ്ണൻ, കല്പറ്റ നാരായണൻ, കെ.ആർ.ടോണി, പി.പി.രാമചന്ദ്രൻ, വീരാൻ കുട്ടി, കുരീപ്പുഴ ശ്രീകുമാർ എന്നിവര്‍ക്കാണു മുന്‍ വര്‍ഷങ്ങളില്‍ അയനം – അയ്യപ്പന്‍ പുരസ്ക്കാരം ലഭിച്ചത്.

കെ വി ബേബിയുടെ അടയിരിക്കുന്ന കിളി എന്ന കവിത

അടയിരിക്കുന്ന കിളി / കെ.വി.ബേബി


ഭൂമിക്കു മേലെയൊരു

കിളിയടയിരിക്കുന്നു

ആഴിയുടെ നീലയും കാടിന്റെ പച്ചയും

മണലിന്റെ മഞ്ഞയും ചെളിയുടെ കറുപ്പും

കാലത്തിനൊത്തു കുടമാറ്റുന്ന കുന്നുകളു-

മേഴുവർണം വിരിച്ചാടുന്ന മയിലുകളു-

മെഴുനറുവർണമിടകലരുന്ന പൂവുകളു-

മേഴായിരം വർണമിയലുന്ന മാനസവു-

മിടകലർന്നിഴപിരിഞ്ഞഴകിയന്നഴകായ

ഭൂമിക്കു മേലെയൊരു

കിളിയടയിരിക്കുന്നു

മരമില്ല, കവരമി, ല്ലൊരു ചില്ല,യില്ലൊരു -

കിളിക്കൂടു , മതിലിറ്റു ചൂടുമില്ലെങ്കിലും

ഭൂമിക്കു മേലെയൊരു കിളിയടയിരിക്കുന്നു.

വെട്ടത്തിലൊരു പകുതി മിന്നിത്തിളങ്ങിയും

കൂരിരുട്ടിൽ മറുപകുതി മുങ്ങിക്കറുത്തും

വേനലിലുണങ്ങിയും മഴയിൽ കുതിർന്നും

ഉറമഞ്ഞിൽ മരവിച്ചു , മിടിവെട്ടിൽ ഞെട്ടിയും

നക്ഷത്രരശ്മികളിൽ സ്വപ്നം തെളിഞ്ഞും

സൂര്യകിരണങ്ങളിൽ ചേതനയുണർന്നും

ചന്ദ്രകിരണങ്ങളിൽ ചന്ദനമണിഞ്ഞും

ആകാശനീലിമയിൽ നീന്തിക്കറങ്ങുന്ന

ഭൂമിക്കു മേലെയൊരു

കിളിയടയിരിക്കുന്നു

കിളിച്ചൂടിൽ നിദ്ര വിട്ടുണരുന്നു വിത്തുകൾ

തളിരിലകൾ നീട്ടിത്തഴയ്ക്കുന്നു വല്ലികൾ

തളിരിട്ടു പൂവിട്ടു കായ്ക്കുന്നു വൃക്ഷങ്ങൾ

നാനാനിറങ്ങളിൽ വിരിയുന്നു മൊട്ടുകൾ

ഭൂമിയുടെ നെടുവീർപ്പിലുയരുന്ന കടലലകൾ

മഴയായ് പ്പൊഴിഞ്ഞു പുളകങ്ങൾ വിടർത്തുന്നു

തെളിയുന്നു ദീപങ്ങൾ വിടരുന്നു നയനങ്ങൾ

പാടുന്നു ചുണ്ടുകൾ ചലിക്കുന്നു പാദങ്ങൾ

ഭൂമിയാം തൈ മുട്ടയൊരുനാൾ വിരിഞ്ഞൊരു

കിളിക്കുഞ്ഞിളം കൊക്കുനീട്ടിക്കരഞ്ഞു താ -

നമ്മയാകുന്ന നിമിഷം പറന്നെത്തുന്നതും കാത്ത്

ഭൂമിക്കു മേലെയൊരു കിളിയടയിരിക്കുന്നു !

ഭൂമിയുടെ സ്വപ്നങ്ങൾ വിരിയുന്നു നിത്യവും

കിളിയുടയ സ്വപ്നമെന്നെങ്കിലും വിരിയുമോ ?

ആദിമുതലിപ്പോഴുമെപ്പോഴുമെന്നെന്നും

ഭൂമിക്കു മേലെയൊരു കിളിയടയിരിക്കുന്നു.


Read More >>