ഫാസിസത്തിനെതിരേ കോഴിക്കോടിന്റെ ജാഗ്രത

അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യം. അതുകൊണ്ട് ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്ത് അതിനെ സംരക്ഷിച്ചു നിർത്തിയാൽ മാത്രം പോര. ആഘോഷിക്കപ്പെടുക തെന്ന വേണം

ഫാസിസത്തിനെതിരേ കോഴിക്കോടിന്റെ ജാഗ്രത

ടൗൺഹാളിനും ക്രൗണിനും ഇടയിലൊരു ഇടവഴിയുണ്ട്. ഈ ഇടവഴിക്കൊരു ചെല്ലപ്പേരുണ്ട്. സാംസ്‌കാരിക ഇടനാഴി. ഈ ഇടനാഴിയിലെ ആൾകൂട്ടത്തിൽ എപ്പോഴും കാണുന്ന ഒരു മുഖമാണ് ഗുലാബ് ജാൻ. ടൗൺഹാളിനു മുന്നിൽ അദ്ദേഹത്തിന്റെ പഴയ സ്‌കൂട്ടർ നിർത്തിയിട്ടുണ്ടാകും. ഈ സ്‌കൂട്ടറിന്റെ ഡിക്കി ഒരു ഓഫീസാണ്. കോഴിക്കോട് നടക്കുന്ന പല സാംസ്‌കാരിക പരിപാടികളുടേയും സംഘാടക സമിതി ഓഫീസ്.

രണ്ടു വർഷം തുടർച്ചയായി കോഴിക്കോട്ടു നടന്ന വിപുലമായ ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ സ്വാഗത സംഘം ഓഫീസും ഇതായിരുന്നു. ഈ ഇടനാഴിയിലാണ് സംഘാടകർ ഒത്തു ചേരുന്നതും പരിപാടികൾ ആസൂത്രണം ചെയ്യുന്നതും. രണ്ടു വർഷവും ഈ പരിപാടിയുടെ ജനറൽ കൺവീനറായിരുന്ന ഗുലാബ് ജാൻ ഇക്കുറി ഫെസ്റ്റിവൽ ഓഫ് ഡമോക്രസിയുടെ സംഘാടക സമിതിയിലില്ല. കാരണം സാങ്കതികം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ഈ പരിപാടി ആരെങ്കിലുമൊക്കെ ഏറ്റെടുത്തു നടത്തുമ്പോൾ ഗുലാബ് ആഹ്ലാദവാനാണ്.

നഗരത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനായ ഗുലാബ് ജാന്റെ മനസ്സിൽ ഉദിച്ച ഒരു ആശയമാണ് ഫെസറ്റിവൽ ഓഫ് ഡമോക്രസി. പടിവാതിൽക്കലെത്തിയ ഫാസിസത്തെ ചെറുക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോഴാണ് അത് ഫെസ്റ്റിവൽ ഓഫ് ഡമോക്രസി എന്ന പേരിൽ വിപുലമായത്.

എസ്.എഫ്.ഐയിലൂടെയാണ് ഗുലാബ് ജാൻ പൊതു പ്രവർത്തന രംഗത്തേക്ക് വരുന്നത്. യുവധാര പത്രാധിപരായിരുന്നു എഴുത്തുകാരൻ കൂടിയായ ഗുലാബ് ജാൻ. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിൻ സെക്രട്ടറിയാണ്. പക്ഷേ, പാർട്ടിക്ക് അതീതമായ സാംസ്‌കാരിക പ്രവർത്തനമാണ് ഗുലാബിനെ നഗരത്തിൽ ശ്രദ്ധേയനാക്കിയത്. കൽബുർഗി കൊല്ലപ്പെട്ടപ്പോൾ മുതലക്കുളത്ത് എം.ടി. വാസുദേവൻ നായരും മറ്റും പങ്കെടുത്ത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് ഗുലാബ് ജാന്റെ നേതൃത്വത്തിലുള്ള സെക്കുലർ ഫോറമായിരുന്നു. സഫ്ദർഹഷ്മി പഠന വേദി, പെരുമ്പറ സാംസ്‌കാരിക വേദി അങ്ങിനെ സന്ദർഭങ്ങളിൽ ഓരോ കൂട്ടായ്മ സംഘടിപ്പിച്ച വിവിധ സാംസ്‌കാരിക വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടു കൊണ്ടിരിക്കുന്നു.


പന്തീരാങ്കാവ് കൈമ്പാല ചാർവാകത്തിൽ താമസിക്കുന്ന ഗുലാബ് ജാന് തൊഴിൽ പുസ്്തക പ്രസാധനമാണ്. കോഴിക്കോട്ടെ പ്രോഗസ് പബ്ലിക്കേഷന്റെ സാരഥി. കാണുന്നവർക്ക് അത് ഗുലാബിന്റെ തൊഴിൽ. ഗുലാബിനു അതും ഒരു തപസ്യയാണ്. ഗുലാബ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഗൗരവ സ്വഭാവം അത് തെളിയിക്കും. ഒറ്റ ഉദാഹരണം: അന്റോണിയോ ഗ്രാംഷിയുടെ സമ്പൂർണ കൃതികൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചത് ഗുലാബിന്റെ പ്രസിദ്ധീകരണശാലയാണ്.

ഫേസ് ബുക്ക് വഴിയാണ് ആദ്യത്തെ ഫെസ്റ്റിവൽ ഓഫ് ഡമോക്രസിക്ക് സംഘാടക സമിതി രൂപീകരണത്തിനു ആളുകളെ ക്ഷണിച്ചത്. പ്രത്യേകിച്ച് ഏതെങ്കിലും കക്ഷികളുടെയോ പാർട്ടികളുടെയോ ബാനറിൽ ആയിരുന്നില്ല അത്. പ്രതീക്ഷിയിൽ കവിഞ്ഞ സഹകരണമാണ് ലഭിച്ചതെന്ന് ഗുലാബ് ജാൻ പറഞ്ഞു. നാലു ദിവസം നാലു വേദികളിലായി സിനിമാ പ്രദർശനം ഉൾപ്പെടെ നടന്ന മുഴുവൻ പരിപാടികളിലും രാവിലെ മുതൽ നല്ല ജനപങ്കാളിത്തമുണ്ടായി. അക്ഷയ് മുകുൾ, ആനന്ദ്, എൻ.എസ്. മാധവൻ, ശശികുമാർ തുടങ്ങി അനേകം പ്രമുഖർ പങ്കെടുത്തു. ഈ വർഷം ടീസ്റ്റ സെറ്റിൽവാദ്, ഹിന്ദി നോവലിസ്റ്റ് ഉദയ പ്രകാശ്, ബോളിവുഡ് സംവിധായകൻ കുമാർ സാഹ്്നി, തമിഴ് എഴുത്തുകാരായ അമുദൻ, സൽമ തുടങ്ങിയ പ്രമുെഖർ പങ്കെടുക്കും.

അടുത്ത വർഷവും സോഷ്യൽ മീഡിയയിലെ അറിയിപ്പു മാത്രം കണ്ട് നിരവധി പേരാണ് സംഘാടക സമിതി രൂപീകരണ യോഗത്തിന് എത്തിയത്. ഈ കൂട്ടായ്മക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നമ്മുടെ സാംസ്‌കാരിക കൂട്ടായ്മകൾക്കൊക്കെ ഏതെങ്കിലും സംഘടനകളുടെ നിറമുണ്ടാകും. ഇത് എല്ലാവരുടേയും കൂട്ടായ്മയാണ്. അതായത് ഒരു തരം അമേച്വർ കൂട്ടായ്മ. ശരിക്കും ജനാധിപത്യ കൂട്ടായ്മ. കഴിഞ്ഞ വർഷം സംസ്ഥാന ചലച്ചിത്ര അക്കാദമി, സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയവയുടെ സഹായത്തോടെയാണ് ഗുലാബും കൂട്ടരും ഫെസ്റ്റിവൽ ഓഫ് ഡമോക്രസി സംഘടിപ്പിച്ചത്.

അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യം. അതുകൊണ്ട് ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്ത് അതിനെ സംരക്ഷിച്ചു നിർത്തിയാൽ മാത്രം പോര. ആഘോഷിക്കപ്പെടുക തെന്ന വേണം. ജീവിതത്തിന്റെ സമഗ്ര വ്യവഹാരങ്ങളിലും ജനാധിപത്യം നിലനിൽക്കേണ്ടതുണ്ട്. കുടുംബത്തിലും സ്ത്രീ പുരുഷ ബന്ധങ്ങളിലും അപരബന്ധങ്ങളിലുമൊക്കെ ജനാധിപത്യം ആഘോഷിക്കപ്പെടുക തന്നെ വേണം -ഗുലാബ് ജാൻ പറഞ്ഞു.

ഇക്കുറിയും അത് മറ്റു ചിലർ ഏറ്റെടുത്തു നടത്തുമ്പോൾ വലിയ ആഹ്ലാദം തോന്നുന്നുവെന്ന് ഗുലാബ് കൂട്ടിച്ചേർത്തു. നോർക ജീവനക്കാരിയായ രജനിയാണ് ഗുലാബിന്റെ ഭാര്യ. മക്കൾ: ഒലീവ, പവേൽ ജാൻ.

Next Story
Read More >>