ഗാന്ധിയുടെ ആത്മകഥ: ഗുജറാത്തിലെക്കാൾ വായനക്കാർ കേരളത്തിൽ

1927ൽ നവ്ജീവൻ ട്രസ്റ്റ് ഗുജറാത്തിയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 6,20,000 കോപ്പികളാണ് ഈ വർഷം ജൂലായ് വരെ വിറ്റത്. ഏറ്റവും അധികം കോപ്പികൾ വിറ്റത് ഇംഗ്ലീഷിലാണ്.

ഗാന്ധിയുടെ ആത്മകഥ: ഗുജറാത്തിലെക്കാൾ വായനക്കാർ കേരളത്തിൽ

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (The Story of My Experiments With Truth)ക്ക് ഗുജറാത്തിലേക്കാൾ അധികം വായനക്കാർ കേരളത്തിൽ. ആത്മകഥയുടെ ഗുജറാത്തി മൂലകൃതിയെക്കാൾ വിറ്റു പോയത് മലയാളം, തമിഴ് പരിഭാഷകളാണ്.

1927ൽ നവ്ജീവൻ ട്രസ്റ്റ് ഗുജറാത്തിയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 6,20,000 കോപ്പികളാണ് ഈ വർഷം ജൂലായ് വരെ വിറ്റത്. ഏറ്റവും അധികം കോപ്പികൾ വിറ്റത് ഇംഗ്ലീഷിലാണ്. 1927ൽ തന്നെ പുറത്തിറങ്ങിയ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പിന്റെ 20,42,500 കോപ്പികളാണ് ഇതുവരെ വിറ്റത്. ഹിന്ദി പതിപ്പ് 1957ലാണ് പുറത്തിറക്കുന്നത്. അതിന്റെ 6,43,000 കോപ്പി ഈ വർഷം ജൂലായ് വരെ വിറ്റു.

എന്നാൽ, 1994ൽ മാത്രം പുറത്തിറങ്ങിയ പുസ്തകത്തിന്റെ തമിഴ് പതിപ്പ് ഇതു വരെ 7,00,000 കോപ്പികൾ വിറ്റു.1997-ല്‍ പുറത്തിറങ്ങിയ മലയാളം പതിപ്പാകട്ടെ 7,78,000 കോപ്പികളാണ് വിറ്റത്. കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്കും വായനാശീലവുമാവാം ഇതിനു കാരണമെന്നു നവ്ജീവൻ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റി വിവേക് ജിതേന്ദ്രഭായ് ദേശായി കരുതുന്നു. കേരളത്തിലെ വിതരണക്കാർ ഒരു ലക്ഷം കോപ്പികൾ കൂടി ചോദിച്ചിട്ടുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു. ഉർദു, ഒറിയ, മണിപൂരി, അസാമീസ്, സംസ്‌കൃതം, പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി ഇതു വരെ 55,68,000 കോപ്പികളാണ് വിറ്റത്.

Read More >>