കേരളപിറവി ദിനത്തില്‍ മലയാളത്തെ പറ്റി പി.കെ പാറക്കടവ്‌

ഭാഷ സംസ്‌കാരമാണ്

Published On: 2018-11-01T08:34:08+05:30
ഭാഷ സംസ്‌കാരമാണ്

മലയാളഭാഷയെക്കുറിച്ചുള്ള വിലാപം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറു വര്‍ഷം മുമ്പ് വന്ന ഒരു പത്രറിപ്പോര്‍ട്ട് കാണുക: 'നമ്മുടെ മലയാള ഭാഷയില്‍ നല്ല ഗ്രന്ഥങ്ങളുണ്ടാകുന്നതിനും ഭാഷയ്ക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനും എളുപ്പമല്ലാതെയാണിരിക്കുന്നത്. ഇതു ഭാഷയുടെ ഒരു കാലദോഷം തന്നെയാണല്ലോ. തിരുവിതാംകൂര്‍ ഗവണ്‍മെന്റ് വക മിഡില്‍ സ്‌കൂള്‍ പരീക്ഷ, മുഖപരീക്ഷ എന്നിവ നിറുത്തലായിപ്പോയതും സര്‍വകലാശാലക്കാര്‍ ഇംഗ്ലീഷ് പഠിക്കുന്നവര്‍ക്ക് മലയാളം ഒരു നിര്‍ബന്ധ വിഷയമല്ലാതെയാക്കിയതും ഭാഷയുടെ കാലദോഷ കാരണങ്ങളായിത്തന്നെ ഗണിക്കാവുന്നതാണ്' (11.1.1913 ല്‍ മനോരമയില്‍ വന്നത്).

നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷയുടെ സുവര്‍ണകിരീടം ലഭിച്ച ഇക്കാലത്തും മലയാളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടേയിരിക്കുകയാണ്. സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയത് കൊണ്ടോ ഭാഷാ ദിനാചരണം വലിയ ആഘോഷമാക്കിയതുകൊണ്ടോ ഭാഷ രക്ഷപ്പടുകയില്ല. മലയാളിക്ക് മലയാളത്തോടുള്ള മനോഭാവമാണ് മാറേണ്ടത്. എന്റെ മകന്/മകള്‍ക്ക്/പേരക്കുട്ടിക്ക് മലയാളം അറിയില്ല എന്നുപറയുന്നത് മലയാളി ഒരഭിമാനമായി കൊണ്ടുനടക്കുന്നു ഇന്ന്, സ്വന്തംകുട്ടിക്ക് മാതൃഭാഷ അറിയില്ല എന്നു പറയുന്നത് ഒരഭിമാനമായി കൊണ്ടുനടക്കുന്ന ലോകത്തിലെ ഒരേയൊരു ജനവിഭാഗം മലയാളികളായിരിക്കും. കുരീപ്പുഴ ശ്രീകുമാര്‍ ചൂണ്ടിക്കാണിച്ചതു പോലെ മലയാളികളായ നമ്മള്‍ ഇംഗ്ലീഷില്‍ കല്യാണക്കത്തുകള്‍ അച്ചടിക്കുകയും മലയാളം മാത്രം അറിയുന്ന അയല്‍വീട്ടുകാര്‍ക്ക് അത് നല്‍കുകയും ചെയ്യുന്നു. ബംഗാളിയും തമിഴനും അവന്റെ/അവളുടെ മാതൃഭാഷയോട് കാണിക്കുന്ന സ്‌നേഹം മലയാളി എപ്പോഴെങ്കിലും കാണിച്ചിട്ടുണ്ടോ?

മുലപ്പാലിനോടൊപ്പം നാം നുകരുന്ന അമ്മമലയാളത്തിന്റെ മാധുര്യം നഷ്ടപ്പെട്ടുകൂടാ. അത് ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രകൂടിയാണെന്നു നാം തിരിച്ചറിയുക.

'ഹാ! വരും നൂന

മദ്ദിന, മെന്‍ നാടിന്റെ

നാവനങ്ങിയാല്‍ ലോകം

ശ്രദ്ധിക്കും കാലം വരും!'

-ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍.

പി.കെ പാറക്കടവ്‌

Top Stories
Share it
Top