വാക്കുകളുടെ പൊരുള്‍

വാക്കുകളുടെ ലോകത്തെ നിത്യവിസ്മയം ലോകപ്രശ്‌സത ലക്‌സികോഗ്രാഫര്‍ ഡാവിഡ് ക്രിസ്റ്റലിന്റെ വാക്പ്രണയത്തെകുറിച്ച് ഒരു കുറിപ്പ്

വാക്കുകളുടെ പൊരുള്‍

വാക്കുകള്‍ പൊട്ടിച്ചു പൊരുളറിയുന്നതിന്റെ ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. സ്വകാര്യങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന വാക്കുകള്‍ ആരോടും പറയുരുതെന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. ആ വാക്കു മാറ്റില്ലെന്നു നെഞ്ചു തൊട്ട് സത്യം വെയ്ക്കാറുമുണ്ട്. വാക്കുകളുടെ വിസ്മയ ലോകത്ത് മനസുകൊടുത്ത നിമിഷങ്ങള്‍ പെട്ടെന്ന് മറക്കാനാകാത്തതായിരിക്കുമെന്ന് വ്യഖ്യാത എഴുത്തുകാര്‍ അനുഭവം കുറിച്ചിട്ടുമുണ്ട്. എഡിറ്റ് ഡസ്‌കില്‍ നിന്നും വാക്കുകള്‍ കിട്ടാതെ തെരുവിലേക്കിറങ്ങി നടക്കുന്നതിനിടെ കാര്‍ തട്ടി മരിച്ച ഒരു മാധ്യമപ്രവര്‍ത്തക യു.എസിലുണ്ടായിരുന്നു. വാക്കുകള്‍ പണ്ഡിതര്‍ക്ക് മരുന്നാണെന്ന് തെലുഗുവില്‍ ഒരു ചൊല്ലുതന്നെയുണ്ട്. വാക്കുകള്‍ ഹൃദയത്തിന്റെ ശബ്ദമാണെന്നാണ് ചൈനീസ് പഴമൊഴി. വാക്കുകളില്‍ നിന്നുകിട്ടുന്ന ആനന്ദം മറ്റൊന്നില്‍ നിന്നും ലഭിക്കില്ലെന്നാണ് റുവാണ്ടക്കാരുടെ നാട്ടുമൊഴി. വാക്കുകള്‍ നശിക്കില്ല, വഴികള്‍ മാഞ്ഞുപോകുമെന്ന് തമിഴിലെ പഴമക്കാര്‍ പറയാറുണ്ട്.

വാക്കുകളുടെ ലോകത്തെ നിത്യവിസ്മയം ലോകപ്രശ്‌സത ലക്‌സികോഗ്രാഫര്‍ ഡാവിഡ് ക്രിസറ്റല്‍ വാക്കുകളെ പ്രണയിച്ചുതുടങ്ങിയത് തന്റെ മൂന്നോ-നാലോ വയസിലാണ്. ഇളംപ്രായത്തില്‍ തന്നെ ക്രിസറ്റ്‌ലിനെ നോര്‍ത്തുവെല്‍സിലെ ഹോളിഹെഡിലെ ഒരു ഡേക്കെയറില്‍ ചേര്‍ത്തു. അവിടെ വച്ച് ഇതര കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടക്ക് സ്‌കൂളിലെ കെയര്‍ടെകര്‍ 'ചില്‍ഡ്രന്‍' എന്നു വിളിക്കും. ആഹാരം നല്‍കാനോ എന്തെങ്കിലും പറയാനോ മറ്റോ കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് ആയ 'കുട്ടികളെ' എന്നു വിളിക്കുന്നത്. ഒരിക്കല്‍ അവര്‍ 'പ്ലാന്റ്' എന്നു വിളിച്ചു. 'നുവര്‍ പ്ലാന്റ്'. ആ വാക്ക് ക്രിസ്റ്റലിനു വളരെ പുതിയതായിരുന്നു. മാത്രമല്ല, വേല്‍ഷ് ഇംഗ്ലീഷായിരുന്നു അത്. വേല്‍ഷ് ക്രിസ്റ്റലിന്റെ വീട്ടിലെ സംസാരഭാഷയായിരുന്നില്ല. അതുകൊണ്ട് തന്നെ പ്ലാന്റിന്റെ അര്‍ത്ഥമറിയാന്‍ ക്രിസ്റ്റല്‍ അമ്മാവന്‍ ജോയിയോട് ചോദിക്കുകയായിരുന്നു. അദ്ദേഹമാണ് അത് വേല്‍ഷ് ഇംഗ്ലീഷാണെന്നും അതിനര്‍ത്ഥം 'നൗ ചില്‍ഡ്രന്‍' 'ഇപ്പോള്‍ കുട്ടികള്‍' എന്നാണെന്ന് ക്രിസറ്റലിനു പറഞ്ഞുകൊടുത്തത്.

'പ്ലാന്റ്' എന്ന വാക്കിനു ഇംഗ്ലീഷ്-ഇംഗ്ലീഷിലെ അര്‍ത്ഥം ഓര്‍ത്തുകൊണ്ടു അവന്‍ ആലോചിച്ചാലോച്ചുചിചിരിച്ചുപോയി. തോട്ടത്തിലും ചട്ടികളിലും വളരുന്ന ചെടി എന്നാണ് പ്ലാന്റിനു ഇംഗ്ലീഷ് - ഇംഗ്ലീഷില്‍ അര്‍ത്ഥം. ഡേകെയറിലെ കുട്ടികളെ വെല്‍ഷിലെ 'പ്ലാന്റ്' എന്നു വിളിക്കുന്നത് ക്രിസ്റ്റലില്‍ മറ്റൊരു ചിന്തയാണുയര്‍ത്തിയത്. തോപ്പിലും ചട്ടിയിലും കാണുന്ന ചെടിയെ വിളിക്കുന്ന വാക്ക് കുട്ടികളെ വിളിക്കുന്ന വേല്‍ഷ് ഇംഗ്ലീഷ് ക്രിസ്റ്റലിലന്റെ മനസിന്റെ അകത്തോക്കുളള വാതിലുകള്‍ തുറന്നു. ഡേകെയറിന്റെ മുറ്റത്ത് കളിക്കുന്ന കുഞ്ഞുങ്ങളെ 'പ്ലാന്റ്' എന്നു വിളിച്ച ആയയുടെ ആ നേരം ക്രിസറ്റലിനെ പില്‍ക്കാലത്ത് ലോക പ്രശസ്ത ഭാഷാണ്ഡിനും ലക്‌സികോഗ്രാഫറുമാക്കിയെന്നാണ് നേര്. ഒരോ വ്യക്തിയും ' വേര്‍ഡ്‌സ്മിത്താണെ'ന്നാണ് ക്രിസ്റ്റലിന്റെ അഭിപ്രായം. സ്വര്‍ണ്ണപണിക്കാരന്‍ (തട്ടാന്‍) എന്നതിന്റെ ഇംഗ്ലിഷ് വാക്കായ 'ഗോള്‍ഡ്‌സ്മിത്തില്‍' നിന്നാണ് അദ്ദേഹം വേര്‍ഡ്‌സ്മിത്ത് എന്ന വാക്കുണ്ടാക്കിയത്. നിഘണ്ടു തയാറാക്കുന്നവരെ വിളിക്കുന്ന ലക്‌സികോഗ്രാഫറെ അദ്ദേഹം 'വേര്‍ഡ്‌സ്മിത്ത്' എന്നു വിളിക്കും. ലെക്‌സികോളജിയെ വേര്‍ഡ്സ്മിത്തറി എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുളളത്.

പ്ലാന്റ് എന്ന വാക്ക് പരമാനന്ദത്തിലാക്കിയതിനാല്‍ തന്റെ പേരിന്റെ വേല്‍ഷ് അര്‍ത്ഥമെന്താണെന്നു കൂടി ക്രിസ്റ്റല്‍ അമ്മാവനോട് ചോദിച്ചറിഞ്ഞു. അതോടെ ഭാഷാപ്രണയം കോരിതരിപ്പിക്കുകയായിരുന്നു ക്രിസ്റ്റലിനെ.. പിന്നെ വേല്‍ഷും പഠിക്കാനുളള തീരാകൊതിയായി ആ കുഞ്ഞിന്. 70 കള്‍ പിന്നിട്ട ക്രിസ്റ്റല്‍ പറഞ്ഞത് ഇപ്പോള്‍ ഭാഷാപഠനം എനിക്ക് പ്രിയവും എളുപ്പവുമാണ് ​എന്നാണ്. ഭാഷയില്‍ നിന്നും ഭാഷയിലേക്കുള്ള സഞ്ചാരമായിരുന്ന ജീവിതകാലം മുഴുവനും. ലോകത്തിലെ 6000 ഭാഷകളോടും അദ്ദേഹത്തിനു പ്രിയമായി. ഇംഗ്ലീഷ് മികച്ച നിഘണ്ടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ക്രിസ്റ്റല്‍ നിഘണ്ടുനിര്‍മ്മാണത്തെ പറ്റി പറയുന്നത് വലിയളവില്‍ പ്രോചോദനവും ആവേശവുമാണ് നല്‍കുക. 'നിഘണ്ടു നിര്‍മ്മാതാക്കളുടെ (ലക്‌സിക്കോഗ്രാഫറുകളുടെ) പ്രാഥമിക ദൗത്യം ജീവിക്കുന്നവര്‍ക്ക് വാക്കുകളുടെ നിര്‍വചനം നല്‍കുകയെന്നാണ്. ഒരു നല്ല നിഘണ്ടുവിന്റെ മികവെന്തെന്നാല്‍ നല്ല നിര്‍വ്വചനങ്ങളാണ്. നിര്‍വ്വചനം കൃത്യമായിരിക്കണം, സംക്ഷിപ്തമായിരിക്കണം, പ്രസ്‌കതമായിരിക്കണം, വിവേചനശേഷിയുണ്ടാകണം. മാത്രമല്ല അവ സുഭഗമായിരിക്കണം, ചിരിയുണ്ടാക്കുന്നതായിരിക്കണം, വിചിത്രമായിരിക്കണം, ഓര്‍ക്കാന്‍ എളുപ്പവുമായിരിക്കണം''. നിഘണ്ടുനിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ടത്തെകുറിച്ച് ക്രിസ്റ്റലിന്റെ മാര്‍ഗ്ഗനിര്‍ദേശമാണിത്. ഭാവനയും സര്‍ഗാത്മകതയും ഒരുമിച്ചിടപ്പെടുന്ന മേഘലയാണ് നിഘണ്ടു തയ്യാരിപ്പെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

2007 ല്‍ ഡാവിഡ് ക്രിസ്റ്റലിനു 62 വയസായപ്പോള്‍ അദ്ദേഹം എഴുതി തീര്‍ത്ത് 4,686 നിര്‍വ്വചനങ്ങളാണ്. 154,378 വാക്കുകള്‍ക്ക് ഇനിയും നിര്‍വ്വചനമെഴുതാനുണ്ടെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. നിഘണ്ടുവിനും എന്‍സൈക്ലോപീഡിയക്കും എഴുതുന്നവരില്‍ പൊതുവായി പ്രവര്‍ത്തിക്കുന്ന ചില ഘടകങ്ങളെ പറ്റിയും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇരുകുട്ടര്‍ക്കും ഒരോ എന്‍ട്രിയിലും നല്ല ശ്രദ്ധയുണ്ടായിരിക്കണം. ഉദാഹരണമായി അദ്ദേഹം എഴുതുന്നു: 'ഞാന്‍ പിക്കാരസ്‌ക്വോ എന്ന വാക്കിന് അര്‍ത്ഥം എഴുതുമ്പോള്‍ മറ്റെല്ലാ വാക്കുകളും മറക്കണം. ശ്രദ്ധ മുഴുവനും ആ വാക്കിലായിരിക്കണം. ഒരു മണിക്കൂര്‍ മുമ്പ് ഞാന്‍ എഴുതിയ പിക്കാഡറും മറക്കണം. അടുത്തതായി എഴുതേണ്ട പിക്കായൂണും മറന്നിരിക്കണം.' ആറുമണിക്ക് മുമ്പെ എഴുന്നേറ്റ് തന്റെ എല്ലാ കഴിവുകളും ഒരു വാക്കിനായി സമര്‍പ്പിച്ചിട്ടുവേണം അര്‍ത്ഥമെഴുതാന്‍. അല്ലെങ്കില്‍ വാക്കിനെ നിര്‍വ്വചിക്കാന്‍. അല്ലാത്തപക്ഷം ആ വാക്കിന് ലോകചരിത്രത്തിലെ ഏറ്റവും നല്ല എന്‍്ട്രിയാകാന്‍ പറ്റില്ല.

വാക്കിന്റെ നിര്‍മ്മിതി

വാക്കിന്റെ മേഖലയില്‍ ശ്രദ്ധ ഊന്നിയാല്‍ മാത്രമേ വാക്കിനെ നന്നായി പഠിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കൂവെന്നാണ് ക്രിസ്റ്റലിന്റെ പക്ഷം. അങ്ങനെവരുമ്പോള്‍ വീട് എന്ന വാക്കിന്റെ ഫീല്‍ഡില്‍ നോക്കിയാല്‍ അതുമായി ബന്ധപ്പെട്ട പല വാക്കുകള്‍ ലഭിക്കും. മുറ്റം, പിന്‍മുറ്റം തുടങ്ങി ആ വാക്കിന്റെ വശങ്ങള്‍ ലഭിക്കും. അതുപോലെ ഒരു ക്രിയാപദം എടുത്താല്‍ അതിന്റെ വിപരീതവു പര്യായവും ലഭിക്കുന്നു. വാക്കിന്റെ മേഖലയെ കുറിച്ച് പറയാന്‍ ശ്രമിക്കുമ്പോള്‍ നൊടിയിടയില്‍ അദ്ദേഹം ഒരു വാക്ക് നിര്‍മ്മിച്ച് അദ്ഭുതപെടുത്തുന്നുണ്ട്. 'ഡിബെഗണൈസേഷന്‍' എന്ന പദമാണ് അദ്ദേഹം ഫാസ്റ്റ്ഫുഡ് നിര്‍മ്മിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഉണ്ടാക്കി കാണിച്ചത്. ഡിബെഗണൈസേഷന്‍ എന്നത് ഒരു പ്രത്യേക അവസസ്ഥയെ സൂചിപ്പികാനുളള പദമാണ്. ആ വാക്ക് അദ്ദേഹം ഉണ്ടാക്കുന്നതുവരെ ഒരു ഭാഷയിലും നിഘണ്ടുവില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ വിമാനയാത്ര നടത്തിയ എല്ലാവരും ആ വാക്ക് പ്രധിനിധീകരിക്കുന്ന അവസ്ഥ അനുഭവിക്കുന്നുമുണ്ട്. വിമാനയാത്ര ചെയ്ത എല്ലാവരും ആ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും.

ഡിബെഗണൈസേഷന്‍ എന്ന വാക്കു നിര്‍മ്മിച്ച വഴി വളരെ ലളിതമാണ്. വിമാനം ലാന്‍ഡ് ചെയ്ത് എയര്‍പോര്‍ട്ടിനകത്തേക്ക് ഇറങ്ങിവരുമ്പോള്‍ തന്നെ യാത്രികരുടെ മനസില്‍ ഒരു ആധിയുണ്ടാകും. ഒരു ഉല്‍കണ്ഠ.. ലഗേജ് എവിടെയെന്നാണ് ആധി. ലഗേജ് കാത്തിരിക്കുന്ന ആ നിമിഷം നമ്മുടെ ബാഗുകള്‍ മാത്രം വന്നിട്ടുണ്ടായിരിക്കില്ല. മറ്റുളളവര്‍ ബാഗുകള്‍ എടുത്തുപോകുമ്പോള്‍ നമ്മുടെ ബേജാറ് കൂടും.ആ നിമിഷത്തെ മനസിന്റെ വെകിളിയെ 'ബെഗണൈസിങ്' എന്ന വാക്കുകൊണ്ടാണ് ക്രിസ്റ്റല്‍ സൂചിപ്പിക്കുന്നത്. പെട്ടെന്നു കണ്‍വയരറിലൂടെ നമ്മുടെ ബാഗുകള്‍ വരുന്നത് കാണുമ്പോള്‍ സമാധാനം തിരിച്ചെത്തും. ബാഗ് പ്ലസ് എഗണി സമം ബെഗണി. ആ എഗണി കഴിയുന്ന അവസ്ഥയാണ് 'ഡീബഗണൈസേഷന്‍'.

വാക്കിന്റെ മരണം

നമുക്ക് ഒരു വാക്കിന്റെ ജനനതിയ്യതി കണ്ടെത്താനാകും പക്ഷെ, വാക്കിന്റെ മരണ തിയ്യതി അറിയാനാകില്ലെന്നാണ് ക്രിസ്റ്റല്‍ പറയുന്നത്. എപ്പോഴാണ് വാക്കുകള്‍ മരി്ക്കുന്നത്. ആരും ആ വാക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് മരിച്ചുവെന്ന് പറയാം. അതുകൊണ്ട് തന്നെ അതിന്റെ തിയ്യതി കണക്കാക്കാന്‍ പറ്റാതെവരുന്നു. തടത്തിമരമെന്ന് ആരും പറയാതെ വരുമ്പോള്‍ ആ വാക്ക് മരിച്ചുവെന്നുപറയാം. കാളവണ്ടി ആരും ഉപയോഗിക്കാതെ വരുമ്പോള്‍ ആ വാക്കു മരിച്ചുവെന്നുപറയാം. പക്ഷെ, പഴമക്കാരുടെ ഓര്‍മ്മയില്‍ കോമയുടെ അവസ്ഥയില്‍ കാളവണ്ടി അതിജീവിക്കുന്നുവെന്നും പറയാം. ചരമമടഞ്ഞ ഒരു വാക്കിനെ കുറിച്ച് ക്രിസ്റ്റല്‍ പറയുന്നുണ്ട്. സൃഷ്ടി എന്നര്‍ത്ഥം വരുന്ന ഫ്രംസ്‌കിഫ്റ്റ് എന്ന വാക്കാണത്. ഏഴാം നൂറ്റാണ്ടില്‍ ആംഗ്ലോ-സാക്‌സണ്‍സ് ഉപയോഗിച്ച വാക്കാണിത്. യോഗാത്മകമായ അവസ്ഥയെ കുറിച്ചുകൊണ്ടാണ് ആ വാക്ക് പരക്കെ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ആ വാക്കില്ല.

Read More >>