എഴുത്തിന്റെ കര തേടി വിദ്യാര്‍ത്ഥികള്‍ പാറക്കടവില്‍

സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ എഴുത്തുകാരന്‍ പി.കെ പാറക്കടവിന്റെ വീട്ടിലെത്തിയപ്പോള്‍

എഴുത്തിന്റെ കര തേടി വിദ്യാര്‍ത്ഥികള്‍ പാറക്കടവില്‍

കോഴിക്കോട്: 'മിനിക്കഥകള്‍ എന്നല്ല, മിന്നല്‍ക്കഥകള്‍ എന്നാണ് ഞാന്‍ അവയെ വിളിക്കുന്നത്. രാസവളം ചേര്‍ക്കാത്തതു കൊണ്ടാണ് എന്റെ കഥകള്‍ ചെറുതായി പോകുന്നത്,' തന്നെക്കാണാനെത്തിയ മലപ്പുറം അങ്ങാടിപ്പുറത്തിനു സമീപത്തെ പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ്. പാറക്കടവിന്റെ കഥകളെല്ലാം ചെറുതാണല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അദ്ദേഹം.

'ചെറിയ കഥകള്‍ ഉണ്ടാക്കാനാണ് കൂടുതല്‍ പ്രയാസം. നാലോ അഞ്ചോ വരികളില്‍ ഒരു ആശയം ഉള്‍ക്കാള്ളിക്കാന്‍ ചിലപ്പോള്‍ ഒരാഴ്ച സമയമെടുക്കും,' അദ്ദേഹം വിശദീകരിക്കുന്നു. എട്ടാംതരത്തിലെ മലയാള പാഠാവലി ആരംഭിക്കുന്നത് പാറക്കടവിന്റെ 'വേരും തളിരും' എന്ന രചനയോടു കൂടിയാണ്. പാഠരചയിതാവിനെ നേരിട്ടു കണ്ട് സംവദിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കോഴിക്കോട്ടെ മോഡേണ്‍ ബസാറിനു സമീപം റഹ്മാന്‍ ബസാറിലെ പാറക്കടവിന്റെ വീട്ടിലെത്തിയത്.

സ്‌കൂളിലെ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തില്‍ എട്ടു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ 50 വിദ്യാര്‍ത്ഥികളാണ് കഥാകാരനെ നേരിട്ട് കാണാനും സംവദിക്കാനുമെത്തിയത്.

തന്റെ ആദ്യ കഥ 'വിസ' എഴുതാനുണ്ടായ സാഹചര്യം പാറക്കടവ് വിശദീകരിച്ചു. അക്കാലത്ത് തന്റെ നാട്ടില്‍ എല്ലാ വീട്ടിലും ഒരു ഗള്‍ഫുകാരനുണ്ടായിരുന്നു.അന്നത്തെ ?ഗള്‍ഫുകാരുടെ അനുഭവങ്ങളാണ് തന്നെ ഈ കഥയിലേക്ക് നയിച്ചത്. ഏതാനും വരികളിലുള്ള ഒരു മിന്നല്‍ക്കഥയായിരുന്നു അത്.

എന്നാല്‍ കഥ അച്ചടിച്ചപ്പോള്‍ നാട്ടില്‍ കോലാഹലമുണ്ടായി. കഥക്കെതിരെ പ്രതിഷേധ യോഗം വരെ നടന്നു. കുറഞ്ഞ വരികളിലെഴുതിയ കഥയ്ക്ക് വലിയ ചലനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അന്ന് തിരിച്ചറിഞ്ഞു. പിന്നെ എല്ലാ കഥകളും ചെറുതാക്കാനായിരുന്നു ശ്രമം. ചെറിയ കഥകളാകുമ്പോള്‍ ഫെസ്ബുക്കിലും വാട്‌സാപ്പിലും അയക്കാനും എളുപ്പമാണ്. വിസ എഴുതിയ താന്‍ പിന്നീട് മൂന്ന് ?ഗള്‍ഫ് രാജ്യങ്ങളിലായി 10 വര്‍ഷത്തോളം തൊഴിലെടുത്തതും അദ്ദേഹം അനുസ്മരിച്ചു.

എന്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അം?ഗത്വം രാജി വച്ചതെന്ന് ഒരു വിദ്യാര്‍ത്ഥി. രാജ്യത്ത് എഴുത്തുകാര്‍ക്കെതിരെയുള്ള അക്രമം വ്യാപകമായപ്പോഴും കേന്ദ്ര സാഹിത്യ അക്കാദമിയോ കേന്ദ്ര സര്‍ക്കാറോ അക്രമങ്ങളെ അപലപിക്കാന്‍ പോലും തയ്യാറായില്ല. അതില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാര്‍ തങ്ങളുടെ പുരസ്‌കാരങ്ങള്‍ സര്‍ക്കാറിനു തന്നെ തിരിച്ചു കൊടുത്തു. സ്ഥാനങ്ങള്‍ രാജി വച്ചു. അക്കൂട്ടത്തില്‍ താനും അം?ഗത്വം രാജി വച്ചു. എഴുത്തുകാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ രാഷ്ട്രീയം പറയാന്‍ ഇപ്പോള്‍ താന്‍ തയ്യാറല്ല, അദ്ദേഹം മറുപടി നല്‍കി.

എഴുത്തിന്റെ വഴിയേ എന്ന പേരില്‍ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷം പാഠഭാഗം രചിച്ച ഒരു എഴുത്തുകാരന്റെ വീട്ടിലേക്ക് യാത്ര പോകാറുണ്ടെന്ന് വിദ്യാരംഗം കോഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍ പറഞ്ഞു. കഴിഞ്ഞ തവണ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്കായിരുന്നു പോയതെന്നും അദ്ദേഹം അറിയിച്ചു.

തന്നെ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പാറക്കടവ് ചായയും പലഹാരങ്ങളുമെല്ലാം കരുതിയിരുന്നു. എല്ലാവര്‍ക്കും ഓട്ടോഗ്രാഫും നല്‍കി. 'വേരും തളിരും' എഴുതുമ്പോള്‍ എന്തായിരുന്നു മനസ്സില്‍? കുട്ടികളുടെ ജിജ്ഞാസ അവസാനിക്കുന്നില്ല. 'ലക്ഷ്യം ഉയരെയാകണം.

കൈകള്‍ നക്ഷത്രങ്ങളിലേക്ക് നീട്ടണം. എന്നാല്‍ എത്ര ഉയരത്തിലെത്തിയാലും വേരുകള്‍ ഭുമിയില്‍ തന്നെ വേണം. ഭൂമിയിലേക്ക് വേരാഴ്ത്തിയ മരങ്ങള്‍ക്കല്ലേ ആകാശത്ത് ചില്ലകളുയര്‍ത്താന്‍ കഴിയൂ,' തല്‍സമയം ദിനപത്രത്തിലെ പീരിയോഡിക്കല്‍സ് എഡിറ്റര്‍ കൂടിയായ പാറക്കടവ് മറുപടി നല്‍കി.

Next Story
Read More >>